നോമ്പ് : ശരീഅത് - ഥരീഖത് - ഹഖീഖത്
ഗൗസുൽ അഅസം സയ്യിദുനാ ശൈഖ് മുഹ്‌യുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി(റ) യുടെ സിർറുൽ അസ്റാറിൽ നിന്ന് :
ശരീഅത്തിന്റെ നോമ്പ്, അന്ന പാനീയങ്ങൾ ഉപേക്ഷിക്കുകയും ലൈംഗിക ബന്ധങ്ങൾ വർജ്ജിക്കുകയും ചെയ്യുക എന്നതാണ്.
അപ്പോൾ ശരീഅത്തിന്റെ നോമ്പ് സമയ ബന്ധിതവും നിർണ്ണിതവുമാണ്. ത്വരീഖത്തിലെ നോമ്പാകട്ടെ, അവന്റെ ജീവിതത്തിലുടനീളം സർവ്വ കാലത്തുമുള്ളതാണ്. അതുകൊണ്ടാണ് നമ്മുടെ യജമാരായ റസൂലുല്ലാഹി(സ) പറയുന്നു, അനേകം നോമ്പെടുക്കുന്നവറുണ്ട്. അവർക്ക് വിശപ്പും ദാഹവും മാത്രമേ കിട്ടൂ, മറ്റ് പ്രയോജനങ്ങളൊന്നുമില്ല.
അതുകൊണ്ട് തന്നെ പറയപ്പെട്ടു, ഭക്ഷണം കഴിച്ചാൽ നോമ്പ് മുറിക്കുന്നവരും ഭക്ഷണം കഴിച്ചതിന് ശേഷവും നോമ്പ് തുടരുന്നവരും ഉണ്ട്. ഇന്ദ്രിയങ്ങളെയും ചിന്തകളെയും തിന്മയിൽ നിന്ന് മുക്തമാക്കുകയും മറ്റുള്ളവരെ വേദനിപ്പിക്കാതെ കൈകളും നാവും സൂക്ഷിക്കുകയും ചെയ്യുന്നവരാണ് ഇവർ. അത്തരക്കാർക്കാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്, ഖുദ്‌സിയ്യായ ഹദീസിൽ ഉള്ളത് പോലെ 'നോമ്പ് എനിക്ക് വേണ്ടി ചെയ്യുന്ന ഒരു കർമ്മമാണ്, അതിന്റെ പ്രതിഫലം നൽകുന്നത് ഞാനാണ്.'
ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു പറയുന്നു, 'നോമ്പുകാരന് രണ്ട് സന്തോഷങ്ങൾ ഉണ്ട്. ഒന്ന്, അവൻ നോമ്പ് തുറക്കുമ്പോൾ. മറ്റൊന്ന് അവൻ എന്റെ സൗന്ദര്യം ദർശിക്കുമ്പോൾ.’
നോമ്പുകാരന്റെ ആദ്യത്തെ സംതൃപ്തി ഒരു ദിവസത്തെ വ്രതാനുഷ്ഠാനത്തിനു ശേഷം സൂര്യാസ്തമയത്തിനു ശേഷം, ഭക്ഷിക്കുന്ന സുഖമാണെന്നും, 'കണ്ടാൽ' എന്നതിന്റെ അർത്ഥം ഒരു മാസം മുഴുവൻ വ്രതമനുഷ്ഠിച്ചു മാസപ്പിറവി കണ്ടു വ്രതാനുഷ്ഠാനത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും അവധിക്കാലത്തിന്റെ ആഘോഷങ്ങൾ ആരംഭിക്കുകയും ചെയ്യുന്നതാണെന്നും മതത്തിന്റെ ബാഹ്യരൂപം അറിയുന്നവർ , ശരീഅതിന്റെ ആളുകൾ പറയുന്നു.
ത്വരീഖത്തിന്റെ ആളുകൾ അഥവാ നോമ്പിന്റെ ആന്തരിക അർത്ഥം അറിയാവുന്നവർ പറയുന്നു, നോമ്പ് തുറക്കുന്നതിന്റെ സന്തോഷമെന്നാൽ വിശ്വാസി സ്വർഗത്തിൽ പ്രവേശിച്ച് അവിടെയുള്ള ആനന്ദത്തിൽ പങ്കുചേരുന്ന ദിവസമാണെന്നും കാണുന്നതിന്റെ വലിയ സന്തോഷത്തിന്റെ അർത്ഥം വിശ്വാസികൾ അല്ലാഹുവിനെ അവന്റെ ഹൃദയത്തിന്റെ രഹസ്യ കണ്ണുകൊണ്ട് കാണുമ്പോഴാനിന്നുമാണ്.
അപ്പോൾ ഹഖീഖത്തിലെ നോമ്പ്, ഫുആദിനെ അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെ സ്നേഹിക്കുന്നതിൽ നിന്ന് തടയുക എന്നതാണ്, തന്റെ സിർറിനെ അല്ലാഹുവിന്റെ മുശാഹദയല്ലാതെ മറ്റൊന്നിനെ സ്നേഹിക്കുന്നതിൽ നിന്ന് തടയുക എന്നതാണ്, ഖുദ്‌സിയ്യായ ഹദീസിലൂടെ അല്ലാഹു പറഞ്ഞതു പോലെ മനുഷ്യൻ എന്റെ സിർറാണ്, ഞാൻ അവന്റെ സിർറാണ്. സിറ്ർ അല്ലാഹുവിന്റെ നൂറിൽ നിന്നാണ്. അപ്പോഴത് അല്ലാഹു അല്ലാത്ത ഒന്നിലേക്കും അടുക്കുകയില്ല. അല്ലാഹുവല്ലാതെ അവനു മഹ്ബൂബും (പ്രണയിക്കപ്പെടുന്നവനും) മർഊബും (അഗാധമായി ആഗ്രഹിക്കപ്പെടുന്നവനും) മഥ്‌ലൂബും (തേടപ്പെടുന്നവനും) ആയി ദുനിയാവിലും ആഖിറത്തിലും ആരുമുണ്ടാകില്ല. അപ്പോൾ അവന് അല്ലാഹുവോടല്ലാതെ മറ്റൊരു സ്നേഹം അവനിൽ സംഭവിച്ചാൽ ഹഖീഖത്തിലെ നോമ്പ് നിഷ്‌ഫലമാകുന്നു.
തീർച്ചയായും അവൻ തന്റെ നോമ്പ് ഖളാ വീട്ടണം. അത് (പശ്ചാത്തപിച്ചു)അല്ലാഹുവിലേക്കും അവന്റെ ലിഖാഇലേക്കും മടങ്ങുക എന്നതാണ്. കാരണം ഈ നോമ്പിന്റെ പ്രതിഫലം ആഖിറത്തിൽ അല്ലാഹുവിനെ ദർശിക്കലാണ്.
Connect with Us