*നോമ്പ് : ശരീഅത് - ഥരീഖത് - ഹഖീഖത് 4*
ഈ വിശുദ്ധ മാസത്തിൽ നാം ചെയ്യേണ്ടത് റൂഹിയ്യായ ദിക്റ് അധികരിപ്പിക്കുക എന്നതാണ്. കാരണം അതുവഴി നമുക്കുള്ളിലെ ഥതീഫകളെ നമുക്ക് തനെ കാണാൻ കഴിയും. അങ്ങനെ വസ്ലിൻ്റെ മഖാമിൽ എത്തിച്ചേ താൻ നാം പ്രാപ്തരാകുന്നു.
നാം നേരത്തെ പറഞ്ഞതു പോലെ ഹഖീഖതിലെ നോമ്പ് തുടങ്ങുന്നത് അല്ലാഹുവിൻ്റെ തിരുദർശനം കൊണ്ടാണ്. നോമ്പ് തുറക്കുന്നതും ഈ തിരുദർശനം കൊണ്ടാണ്. ഇതിനിടയിൽ അല്ലാഹു അല്ലാത്ത എല്ലാത്തിൽ നിന്നും മുക്തമാവുക എന്നതാണ് അവരുടെ നോമ്പ് .
നമ്മുടെ മശാഇഖുമാരുടെ വളരെ വലിയ കാരുണ്യം, ഒരാൾ ഈ വിശുദ്ധ വഴിയിൽ പ്രവേശിച്ച് മുരീദാകാൻ തയ്യാറായി വരുന്നതോടെ തന്നെ ഥരീഖതിലെ നോമ്പ് പകർന്നു നൽകുന്നു. ബാക്കി പദവികൾ കയറുന്നതും കയറേണ്ടതും ദിക്റുകൾ കൊണ്ടാണ്. ദിക്റ് ചൊല്ലിക്കൊണ്ടിരിക്കും തോറും അല്ലാഹു അവന് ഔദാര്യങ്ങൾ നൽകിക്കൊണ്ടേയിരിക്കുന്നു. അeപ്പാൾ ഹഖീഖതിലെ നോമ്പ് ലഭിക്കാൻ ഥ രീയത്തിലെ നോമ്പും ഥരീഖതിലെ നോമ്പു ലഭിക്കാൻ ശരീഅതിലെ നോമ്പും അനിവാര്യമാണ്. കാരണം ശരീഅതിലെ നോമ്പ് മറ്റുള്ള നോമ്പുകളിലേക്കെത്തിച്ചേരാനുള്ള ഗോവണിയാണ്. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ വാരിക്കോരി നൽകും. അത് അവൻ്റെ കാര്യമാണ്.
അല്ലാഹു തിരുനബി(സ) യിലൂടെ പറയുന്നു: ഒരടിമ എന്നിലക്ക് ഒരു ചാൺ അടുത്താൽ ഞാൻ അവനിലക്ക് ഒരു മുഴം അടുക്കും. അഥവാ ആദ്യ പടി വെക്കാനായി അല്ലാഹു നമ്മെ എല്ലാം ക്ഷണിച്ചിരിക്കുകയാണ്. എങ്കിലേ അവൻ നമ്മിലേക്ക് സമീപസ്ഥനായി മാറുകയുള്ളൂ. ആദ്യ കാൽവെക്കാൻ നാം കഠിനമായ പരിശ്രമിച്ചാൽ രണ്ടാമതൊരു കാൽ മുന്നോട്ടു വെക്കാൻ അല്ലാഹു സഹായിക്കുക തന്നെ ചെയ്യും. ആയിരം കാതം അകലേക്കുമുള്ള സഞ്ചാരവും ഒരറ്റ കാൽവെപ്പോടെയാണ് തുടങ്ങുന്നത്. ആ ഊർജജത്തിൽ എത്രയും സഞ്ചരിക്കാൻ നമുക്ക് കഴിയും. ഓരോരോ കാൽവെപ്പു കളായി ആണ് ആ ദീർഘയാത്ര മുന്നോട്ടു ഗമിക്കുന്നതും. ആയിരം കിലോമീറ്റർ എങ്ങനെ സഞ്ചരിക്കും എന്നാലോചിക്കാതെ, അടുത്ത കാൽവെപ്പിനെ കുറിച്ച് മാത്രം ആലോചിക്കുക. എങ്കിൽ എല്ലാം എളുപ്പമായിത്തീരും. ഏറ്റവും പ്രഥമമായി വേണ്ടത് പൂർണ്ണരായ മുർശിദിൻ്റെ പൂർണ്ണ തവജ്ജുഹിൽ ആവുക എന്നതാണ്.
ഈ വിശുദ്ധ മാസത്തിൽ പിശാചുക്കൾ ബന്ധനത്തിലാക്കപ്പെടുന്നു, എല്ലാവരുടേയും മനസ്സിൽ അല്ലാഹു എന്ന ചിന്ത മാത്രമാകുന്നു, എപ്പോഴും ഇബാദതിൽ മാത്രമാകുന്നു, പകലും രാത്രിയിലും അല്ലാഹുവിനു ഇബാദതിലായി കഴിയുന്നു, നോമ്പ് നോൽക്കുമ്പോഴും ഇബാദത്, നോമ്പുതുറന്നാലും ഇബാദത്, ഇങ്ങനെയായിത്തീർന്നാൽ നാം മനസ്സിലാക്കണം, നമ്മുടെ ആന്തരിക വിശേഷണങ്ങൾ മലകൂതിയ്യതിൻ്റെ വിശേഷണങ്ങൾ ആയിത്തീർന്നിരിക്കുന്നു.
മലക്കുകൾക്കിടയിൽ വ്യത്യസ്ത ദറജുകൾ ഉണ്ട് എന്നതു പോലെ മലകൂതിയ്യതിനകത്തും വ്യത്യസ്ത ദറജകൾ ഉണ്ട്, അത് സ്വയം മനസ്സിലാക്കാൻ കഴിയും. വളരെ പ്രഥമമായ ഒരു ദറജ ഉണ്ട്, എല്ലാവർക്കും ലഭിക്കുന്ന ദറജ. പിന്നീട് അവൻ്റെ മാറ്റങ്ങൾക്കനുസരിച്ച്, ദിക്റിലും ഫിക്റിലുമായി മുഴുകുന്നതിനനുസരിച്ച് അവൻ്റെ ദറജകൾ ഉയരുന്നു. അവന് മാറ്റങ്ങൾ കാണാൻ കഴിയുന്നു. നോമ്പ് വന്നതു തന്നെ നമ്മെ മാറ്റിമറിക്കാനാണ്, സംശുദ്ധീകരിക്കാനാണ്. സംസ്കരിക്കാനാണ്. അപ്പോൾ നമ്മുടെ ഉണ്മയെ പരിശുദ്ധമാക്കുന്നതിൻ്റെ പേരാണ് നോമ്പ് . വെറുതെ വിശപ്പും ദാഹവും സഹിപ്പിക്കാൻ വേണ്ടിയല്ല നോമ്പ് ആഗതമായത്. അങ്ങനെ മറ്റുള്ളവരുടെ ദാഹവും വിശപ്പും മനസ്സിലാക്കുക എന്നതല്ല ഈ മാസത്തിൻ്റെ ഉദ്ദേശ്യം. കാരണം അങ്ങനെ മറ്റുള്ളവരുടെ വിശപ്പ് മനസ്സിലാക്കി എന്നത് കൊണ്ട് മാത്രം എന്താണ് കാര്യം?? മറിച്ച് ഒരു നേരം നാം ഭക്ഷണം ഒഴിവാക്കി ആ ഭക്ഷണത്തിൻ്റെ വില മറ്റൊരു ദരിദ്രനു നൽകിയാൽ അവൻ്റെ ദാരിദ്യം ഇല്ലാതാവുകയും നമ്മുടെ നോമ്പ് പ്രയോജനദായകമാവുകയും ചെയ്യും. അതാണ് നോമ്പിൻ്റെ മറ്റൊരു ഉദ്ദേശ്യം. കാരണം അങ്ങനെ അവൻ്റെ വീട്ടിലെ അടുപ്പ് പുകഞ്ഞു അവൻ്റെ വയറു നിറയട്ടെ. അല്ലാതെ നിങ്ങളും അവരും പട്ടിണി കിടന്ന് ഉറങ്ങുന്നത് കൊണ്ട് എന്താണ് പ്രയോജനം? പാവങ്ങളുടെ പട്ടിണി മനസ്സിലാക്കുക എന്നതല്ല മറിച്ച് അത് മനസ്സിലാക്കി അത് പരിഹരിക്കാൻ പരിശ്രമിക്കുക എന്നതാണ് നോമ്പിൻ്റെ കാതൽ. സകാത്തും ഫിത്റും ഒന്നുമല്ലാതെ തന്നെ ഇത് നടപ്പാക്കാൻ പറ്റണം. മറിച്ച് നോമ്പിൻ്റെ രൂപത്തിൽ വേണം.
അല്ലാഹു നമ്മുടെ എല്ലാം നോമ്പ് സ്വീകരിക്കുമാറാകട്ടെ. ശരീഅതിലെയും ഥരീഖതിലെയും ഹഖീഖതിലെയും നോമ്പ് മനസ്സിലാക്കാനും അനുഷിക്കാനും നമ്മെ അനുഗ്രഹിക്കട്ടെ. പൂർണ്ണരായ മുർശിദിനു മാത്രം പകർന്നു നൽകാൻ കഴിയുന്ന നോമ്പിൻ്റെ ജ്ഞാന രഹസ്യങ്ങൾ അവരോടുള്ള സുഹ്ബത് കൊണ്ട് കരഗതമാക്കാനാകട്ടെ.
ചുരുക്കത്തിൽ ഈ പരിശുദ്ധ റമദാനിൽ റൂഹിയായ ദിക്റ് അധികരിപ്പിക്കാൻ കഠിനമായി പരിശ്രമിക്കുക. അപ്പോൾ മറ്റൊരു മാസത്തിലും ലഭിക്കാത്ത രീതിയിൽ എല്ലാ ലത്വാഇഫുകളും കാണാൻ കഴിയുക തന്നെ ചെയ്യും. അങ്ങനെയൊരു റൂഹിയായ ദിക്റ് ലഭിച്ചില്ലെങ്കിൽ തൻ്റെ മുർശിദിൻ്റെ സന്നിധിയിൽ വളരെ അദബോടെ ഇരുന്ന് നിഷ്കളങ്ക ഹൃദയത്തോടെ അത് നേടിയെടുക്കാൻ പരിശ്രമിക്കുക. എന്നിട്ട് അതിൽ അമിതമായി അധ്വാനിക്കുക. കാരണം ദിക്റെ റൂഹി ഇല്ലാത്തിടത്തോളം അല്ലാഹുവിൻ്റെ അനന്തമായ ജ്ഞാന രഹസ്യങ്ങളിലേക്ക് പ്രവേശിക്കാനാകില്ല തന്നെ. മുറാഖബയിൽ പ്രവേശിക്കാൻ തന്നെ കഴിയില്ല. മുറാഖബയിലൂടെ അനേകം ഘട്ടങ്ങൾ താണ്ടിക്കടക്കണമെങ്കിൽ ദിക് റെ റൂഹി കൂടിയേ തീരൂ.
സത്യത്തിൽ ദിക്റെ റൂഹിയും നോമ്പും നൂറുൻ അലാ നൂർ - അഥവാ പ്രകാശത്തിനു മേൽ പ്രകാശമാണ്.
Connect with Us