*നോമ്പ് : ശരീഅത് - ഥരീഖത് - ഹഖീഖത് 1*
പ്രപഞ്ചനാഥൻ്റെ അപാരമായ അനുഗ്രഹമായി, ഹബീബുല്ലാഹി(സ) യുടെ ആർദ്രമായ അലിവായി വീണ്ടുമൊരു റമദാനെ കൂടി നാം ഹൃദയത്തോട് ചേർത്തുവെക്കുകയാണ്.
ബാഹ്യ ശരീരം കൊണ്ടു മാത്രമല്ല, അതിനപ്പുറം ഹൃദയം കൊണ്ടും റൂഹ് കൊണ്ടും സിർറു കൊണ്ടുമെല്ലാം നാം ഈ അവസരം നോമ്പനുഷ്ഠിക്കേണ്ടിയിരിക്കുന്നു. ശരീഅതിലെയും ഥരീഖതിലെയും ഹഖീഖതിലെയും നോമ്പുകൾ നാം അടുത്തറിയേണ്ടിയിരിക്കുന്നു.
അത്യുന്നതരായ മശാഇഖുമാർ നമ്മെ പഠിപ്പിച്ചത് ഥരീഖതിൻ്റെ നോമ്പ് എന്നാൽ നമ്മുടെ കരങ്ങളെ തെറ്റുകളിൽ നിന്ന് ഒഴിവാക്കുക എന്നതാണ്. നമ്മുടെ കണ്ണുകൾ അനുവദനീയമല്ലാത്തത് കാണാതിരിക്കലാണ്. നാവു കൊണ്ട് ചീത്ത കാര്യങ്ങൾ പറയാതിരിക്കലാണ്. കാലുകൾ കൊണ്ട് നിഷിദ്ധമായ സ്ഥലങ്ങളിൽ എത്തിച്ചേരാതിരിക്കലാണ്. ഇതാണ് ഥരീഖതിലെ നോമ്പ്.
മശാഇഖുമാരുടെ കരം പിടിക്കാനും പരിശുദ്ധമായ മാർഗങ്ങളിലൂടെ സഞ്ചരിക്കാനും അല്ലാഹുവിലേക്കുള്ള വഴിയിൽ അവരുടെ മുരീദുമാരായിത്തീരാനും ആഗ്രഹിച്ചു വരുന്നവരെയുമൊക്കൊ പ്രഥമമായിത്തന്നെ അടിസ്ഥാനപരമായ ആത്മജ്ഞാനങ്ങൾ പകർന്നു നൽകി, കഴിഞ്ഞു പോയ കാലങ്ങളിൽ നിന്ന് ആദ്യമേ തൗബ ചെയ്യിപ്പിക്കുന്നു. അതിനു ശേഷം അവരെ ഥരീഖതിലെ വുദു ചെയ്യിക്കുന്നു.
ഥരീഖതിലെ വുദു ഇൽ തന്നെ ഥരീഖതിലെ നോമ്പും ഉണ്ട്. ഉന്നതരായ മശാഇഖുമാരുടെ കാരുണ്യമാണത്. ആ സമയത്തു തന്നെ മുരീദിന് ഥരീഖതിലെ നോമ്പ് കനിഞ്ഞു നൽകുന്നു. അവരുടെ കരങ്ങൾ കൊണ്ടു തന്നെ അത് പഠിപ്പിച്ചു കൊടുക്കുന്നു. അല്ലാഹുവേ, ഞങ്ങളുടെ കരങ്ങളെ തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് രക്ഷപ്പെടുത്തണേ, നാവുകളെ തിൻമ കാണുന്നതിൽ നിന്ന് സംരക്ഷിക്കണേ, ഞങ്ങളുടെ ചെവികളെ ചീത്ത കാര്യങ്ങൾ കേൾക്കുന്നതിൽ നിന്ന് കാത്തുകൊള്ളണേ, ഞങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ചീത്ത വിചാരങ്ങളിൽ നിന്ന് സംരക്ഷിക്കണേ. ഞങ്ങളുടെ കാലുകളെ ചീത്ത സ്ഥലങ്ങളിലേക്ക് പോകുന്നതിൽ നിന്ന് രക്ഷിക്കണേ. ഇങ്ങനെ ഓരോരുത്തരും അകമറിഞ്ഞ് പ്രാർത്ഥിക്കുന്നു. ഉറച്ച ദൃഢനിശ്ചയങ്ങളെടുക്കുന്നു. ഓരോ വഴികളിലും അവയുടെ ജ്ഞാനതലങ്ങളനുസരിച്ച് വുദുഉം നോമ്പും നിസ്കാരവും അഭ്യസിപ്പിക്കുകയും അഭ്യസിക്കുകയും ചെയ്യുന്നു.
അപ്പോൾ ശരീഅതിലെ നോമ്പിനും. ഥരീഖതിലെ നോമ്പിനുമൊപ്പം എന്താണ് ഹഖീഖതിലെ നോമ്പ് ?.
സവിശേഷമായ ഒരു സ്ഥാനമാണിത്. അല്ലാഹുവിൻ്റെ യഥാർത്ഥ വലിയ്യ് സദാ സമയവും ഈ ഹഖീഖതിൻ്റെ നോമ്പിലായിരിക്കും. അവർക്കെപ്പോഴും ഈ നോമ്പ് കരഗതമാക്കാനാകും. തൻ്റെ ഹൃദയത്തെ അല്ലാഹു അല്ലാത്ത സർവ്വതിൽ നിന്നും മുക്തമാക്കി വെക്കുക എന്നതാണ് ഹഖീഖതിലെ നോമ്പ് . തൻ്റെ ഇന്ദ്രിയങ്ങളെ അല്ലാഹു അല്ലാത്ത സർവ്വതിൽ നിന്നും ഒഴിവാക്കുക എന്നതാണ് ഹഖീഖതിലെ നോമ്പ് . തങ്ങളുടെ ഹൃദയങ്ങളിൽ അല്ലാഹു അല്ലാത്ത മറ്റൊരു ചിന്ത വന്നു കഴിഞ്ഞാൽ പിന്നെ അവരുടെ നോമ്പ് മുറിയുന്നു.
പൂർണ്ണനായ മുർശിദ് ഹഖീഖതിൻ്റെ നോമ്പെടുക്കുന്നവരാണ്. നഫ്സിൻ്റെ ഇഛകൾ ഒഴിവാക്കുന്നതിൻ്റെ പേരാണത്. കാരണം ഇഛകളും ആഗ്രഹങ്ങളും അല്ലാഹുവിൻ്റെ വഴിയിലെ മറകളാണ്. നഫ്സിൻ്റെ ഇഛകൾ ഉള്ളിലുള്ളവർ അല്ലാഹുവിനോടുള്ള വിസ്വാൽ നിഷിദ്ധമാക്കപ്പെട്ടവരാണ്. ആ പരിശുദ്ധ ലയനം ലഭിക്കാത്തവരാണ്.
യഥാർത്ഥത്തിൽ അല്ലാഹുവിനോടൊത്തുള്ള വിസ്വാലിനെയാണ് ഹഖീഖതിലെ നോമ്പ് എന്നു വിളിക്കുന്നത്. സത്യത്തിൽ അല്ലാഹുവിൻ്റെ തിരുദർശനമാണ് ഹഖീഖതിലെ നോമ്പ്. ശരീഅതിലെ നോമ്പിൽ ആദ്യം നോമ്പാണ്, പിന്നെയാണ് ഇഫ്താർ . എന്നാൽ ഹഖീഖതിലെ നോമ്പിൽ ആദ്യം ഇഫ്താർ ആണ്. പിന്നെയാണ് നോമ്പ്. അഥവാ, ആദ്യം ഇഫ്താർ എന്നാൽ അല്ലാഹുവിൻ്റെ ദിവ്യദർശനമാണ്. അല്ലാഹുവിൻ്റെ മഅരിഫത് കരഗതമാകലാണ്. ശേഷം നോമ്പ് എന്ന് പറയുമ്പോൾ, അല്ലാഹുവിൻ്റെ തിരുദർശനത്തിനു ശേഷം തങ്ങളുടെ ചിന്തകളെയും ഇന്ദ്രിയങ്ങളേയും ഹൃദയങ്ങളേയുമെല്ലാം അല്ലാഹു അല്ലാത്ത എല്ലാത്തിൽ നിന്നും സംരക്ഷിച്ചു നിർത്തുക എന്നതാണ്. മാ ഫീ ഖൽബീ ഗൗറുല്ലാഹ് എന്ന് നാം പാടാറില്ലേ.
അല്ലാഹുവിൻ്റെ ഔലിയാക്കൾ സദാ സമയവും ഈ നോമ്പിലാണ്. അവരെപ്പോഴും തങ്ങളുടെ ബാഹ്യമായ പഞ്ചേന്ദ്രിയങ്ങളെയും ആന്തരിക ഇന്ദ്രിയങ്ങളെയും അല്ലാഹു അല്ലാത്ത സർവ്വതിൽ നിന്നും മുക്തമാക്കുന്നു. എല്ലാ വസ്തുക്കളിലും അവർ അല്ലാഹുവിനെ കാണുന്നു. ആ തിരു കാഴ്ചയാണ് അവരുടെ ഇഫ്താർ . അതിന്നു ശേഷമാണ് അവരുടെ നോമ്പ് ആരംഭിക്കുന്നത്. സത്യത്തിൽ ഇഫ്താറിൽ തുടങ്ങി ഇഫ്താറിൽ തന്നെ അവസാനിക്കുന്നതാണ് ഹഖീഖതിലെ നോമ്പ്.
- തുടരും
Connect with Us