ഓരോ വർഷവും പിറക്കുമ്പോഴും
ജീവിതം അവസാനിച്ചു കൊണ്ടിരിക്കുകയാണ്.
അനുവദിക്കപ്പെട്ട ആയുസ്സ്
തീർന്നു കൊണ്ടിരിക്കുകയാണ്.
ശ്വാസം നിലക്കുമ്പോൾ തിരിച്ചു പോയേ തീരൂ.
ആത്മജ്ഞാനികൾക്കു മാത്രമേ അനശ്വരമായി
ഈ ജീവിത യാത്ര തുടരാനാകൂ.
കണ്ണടഞ്ഞാലും ഖൽബ് തുറന്നിരിക്കാനും
മണ്മറഞ്ഞാലും മനം നിറക്കാനും അവർക്കു മാത്രമേ കഴിയൂ.
പുതുവർഷപ്പുലരിയിൽ പുനർ വിചിന്തനകളുണ്ടാകണം.
ആഘോഷങ്ങൾക്കപ്പുറം ആത്‌മവിചാരങ്ങളുണരണം
ഓരോ നിമിഷവും തീർന്നു കൊണ്ടിരിക്കുന്ന ആയുസ്സിനെ ക്കുറിച്ചും
നിലച്ചു കൊണ്ടിരിക്കുന്ന ശ്വാസങ്ങളെക്കുറിച്ചും ഓർമകളുണ്ടായിരിക്കണം.
അങ്ങനെ സ്വയം തിരിച്ചറിവിന്റെ അനുഭവ ഗരിമയിൽ
ജീവിതത്തിന്റെ പുതിയ താളുകളിൽ എഴുതി തുടങ്ങാം.
തീർച്ചയായും ആ എഴുത്തിന് തെളിച്ചം കൂടുതലായിരിക്കും.
വാക്കുകൾ അർത്ഥപൂർണ്ണമായിരിക്കും.
ആശയങ്ങൾ വ്യകതമായിരിക്കും.
ആ അനുഗ്രഹ പൂർണ്ണിമ സർവരിലേക്കും
വെളിച്ചം പകർന്നു കൊണ്ടേയിരിക്കും.
ആത്മജ്ഞാനികളിൽ അദ്വിതീയനായ
ഫുളൈലിബ്നു ഇയാളി(റ)ന്റെ ജീവിതത്തിൽ ഒരു ദിവസം.
ഒരാൾ അവിടുത്തെ കാണാൻ വന്നു.
സംസാരിച്ചു കൊണ്ടിരിക്കെ അവിടുന്ന് ചോദിച്ചു:
'നിങ്ങൾക്ക് എത്ര വയസ്സായി?'
അയാൾ മറുപടി പറഞ്ഞു: 'അറുപത്'
അപ്പോൾ അവിടുന്ന് ചോദിച്ചു:
അല്ലാഹുവിലേക്കുള്ള യാത്ര ആരംഭിച്ചിട്ട് അറുപത് വർഷമായി.
ഇപ്പോഴെങ്കിലും അവനിലേക്ക് എത്തിയിട്ടുണ്ടാകുമല്ലേ?'
ഒട്ടും പ്രതീക്ഷിക്കാതെ, താനിത് വരെ ജീവിതത്തിൽ
ഒരിക്കലും തന്നെ ക്കുറിച്ചു ചിന്തിക്കാത്ത
എന്നാൽ അത്രയേറെ ഗൗരവമായ ആ ചോദ്യം കേട്ടപ്പോൾ
അയാൾ തീർത്തും അതിശയപ്പെട്ടുപോയി.
ജീവിതം തീർന്നു കൊണ്ടിരിക്കുകയാണ്.
ആയുസ്സ് അവസാനിച്ചു കൊണ്ടിരിക്കുകയാണ്.
അനുവദിക്കപ്പെട്ട ശ്വാസങ്ങൾ
ഇനിയുമെത്ര ബാക്കിയുണ്ടെന്ന് യാതൊരു നിശ്ചയുവുമില്ല.
കർമങ്ങളുടെ കണക്കു പുസ്തകത്തിൽ
നന്മകളാൽ തിളക്കമേറിയ താളുകൾ കുറവായിരിക്കും.
മറിച്ച്, തിന്മകളുടെ കറ പുരണ്ട് മങ്ങി പറിഞ്ഞു തുടങ്ങിയവയാണധികവും
റബ്ബിൽ നിന്നാണ് ഈ യാത്ര തുടങ്ങിയത്.
അവനിലേക്കാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതും
അവനിൽ തന്നെയാണ് എത്തിച്ചേരേണ്ടതും.
അനന്തമായ വിദൂരതയിൽ പോലും ലക്ഷ്യ സ്ഥാനത്തിന്റെ
നേർത്ത കാഴ്ചകൾ പോലുമില്ല.
ഇനിയുമിങ്ങനെ എത്രകാലം..
ആത്‌മ നിന്ദയുടെ തിരിച്ചറിവിന്റെ വേദനയിൽ
ഹൃദയ നോവുകൾ കണ്ണു നിറച്ചപ്പോൾ ആത്മഗതം പോലെ അയാൾ പറഞ്ഞു:
'ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ...'
തന്റെ സന്ദർശകന്റെ മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന മനോ വിചാരങ്ങളിലേക്ക്
സാകൂതം ശ്രദ്ധിച്ചു കൊണ്ടിരുന്ന ഫുളൈലിബ്നു ഇയാൾ(റ)
അത് കേട്ട് അയാളോട് ചോദിച്ചു:
നിങ്ങൾ ഇപ്പോൾ പറഞ്ഞ ആ വാക്കുകളുടെ
അർത്ഥമെന്താണെന്ന് നിങ്ങൾക്കറിയുമോ?
എന്നിട്ട് അവിടുന്ന് തന്നെ അത് വിശദീകരിച്ചു,
തീർച്ചയായും നാം അല്ലാഹുവിനുള്ളതാണ്.
തീർച്ചയായും നാം അവനിലേക്ക് തന്നെ മടങ്ങിപ്പോകേണ്ടവരാണ്
ഈ വാക്കുകളെ കുറിച്ച് നിങ്ങൾ
ഹൃദയത്തിന്റെ ആഴങ്ങളിൽ ഗാഡമായി ആലോചിച്ചു നോക്കൂ.
അല്ലാഹുവിൻ്റെ അടിമയായവന്റെ അവസാന മടക്കം അവനിലേക്ക് തന്നെയാണ്,
തീർച്ചയായും നിസ്സഹായനായി അവനു മുന്നിൽനിൽക്കേണ്ടിവരും.
അവന്റെ ഒരോ ചോദ്യങ്ങളും അഭിമുഖീകരിക്കേണ്ടി വരും.
അവക്കൊക്കെയും സ്പഷട്മായി സുവ്യക്തമായ മറുപടികൾ നൽകുക തന്നെ വേണം.
ഈ വിധി നിർണ്ണായകമായ നിമിഷങ്ങൾക്ക് വേണ്ടി
നിങ്ങൾ സജ്ജനായിട്ടുണ്ടോ?
മനസ്സാക്ഷിയെ കൊത്തി വലിക്കുന്ന ആ ചോദ്യങ്ങൾക്കു മുന്നിൽ
കണ്ണീർ തൂകി അയാൾ വേദനയോടെ മറുപടി പറഞ്ഞു,
ഇല്ല, എനിക്കതിനു കഴിയില്ല, ഞാനിപ്പോഴും അതിന് ഒരുങ്ങിയിട്ടില്ല.
ഇനി ഞാനെന്തു ചെയ്യും ? എവിടെയാണ് രക്ഷയുടെ വാതിലുകൾ?
അല്ലാഹുവിന്റെ അടിമകളിൽ ഒരാൾക്ക് കൂടി
നന്മയുടെ പാതകൾ ഉപദേശിക്കാനായതിന്റെ ചാരിതാർഥ്യത്തിൽ
ഫുളൈലിബ്നു ഇയാൾ(റ) അയാളെ സമാശ്വസിപ്പിച്ചു പതിയെ പറഞ്ഞു തുടങ്ങി,
ജീവിത വിജയത്തിന്റെ വഴികൾ എളുപ്പമാണ്.
സുതാര്യവും വ്യക്തവുമാണ്
വളവു തിരിവുകളില്ലാതെ നേർദിശയിലാണത്
പക്ഷേ, ഈ പാതയിലൂടെ സഞ്ചരിക്കാൻ തയാറാകണമെന്നു മാത്രം
അവിടുന്ന് തന്നെ അത് വിശദീകരിച്ചു,
ഇനിയുള്ള ആയുസ്സത്രയും നന്മയിൽ മാത്രമായി നിരതനാവുക.
തിന്മയേറി തുരുമ്പെടുത്ത ജീവിതത്തിലെ കഴിഞ്ഞ നിമിഷങ്ങളെ
തിളക്കമുറ്റത്താക്കാൻ അതിനു കഴിയും.
ചെയ്തു തീർത്ത പാപങ്ങൾക്കെല്ലാം
പ്രായശ്ചിത്തമാകാൻ അതിനു സാധിക്കും.
അതിനൊന്നും തയ്യാറാകാതെ, ഇനിയും ഇതേ യാത്ര തുടരുകയാണെങ്കിൽ,
ശുദ്ധികലശത്തിനു വിധേയനാകാതെ
ഇനിയും ഈ മാലിന്യങ്ങളിൽ ദുർഗന്ധം വമിച്ചു കഴിയാനാണ് ചിന്തയെങ്കിൽ
പിന്നിട്ട കാലങ്ങളുടെ ചുമക്കാനാകാത്ത പാപഭാരത്തോടൊപ്പം
വരുംകാലത്തിൻ്റെ കഠിന ഭാരങ്ങൾ കൂടി ചുമലിലേറ്റി നടക്കേണ്ടി വരും.
രണ്ടു കാലങ്ങളുടെയും കനത്ത ശിക്ഷ ഇരട്ടിയിരട്ടിയായി അനുഭവിക്കേണ്ടി വരും.
അവിടുത്തെ ഉപദേശങ്ങൾ നമ്മുടെ ജീവിത വഴിയിലെ
വഴി വെളിച്ചമായി തീരട്ടെ.
ആത്മജ്ഞാനികളാകുന്ന ഈ പ്രകാശ ഗോപുരങ്ങളുടെ ഓരം ചേർന്ന്
നമ്മുടെ ആത്മ സഞ്ചാരം തുടർന്ന് കൊണ്ടിരിക്കാം.
അല്ലാഹു എന്ന ആത്യന്തിക അറിവിന്റെ അനുഭവങ്ങളിലേക്ക്
നമ്മുടെ ജീവിത യാത്ര തുടരാം.
നബീൽ മഹ്‌ബൂബി
Connect with Us