ഒന്നാം ഖലീഫ അബൂബക്കര്‍(റ) ഇഹലോകത്തോട് യാത്ര പറഞ്ഞു. രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ ഭരണ കാലം. ഉമര്‍ ഖത്താബ്(റ) മദീന പള്ളിയില്‍ ഖുതുബ നിർവ്വഹിക്കുമ്പോൾ ചോദിച്ചു: ‘ഏയ് നജ്ദുകാരേ, നിങ്ങളൊന്ന് എഴുന്നേല്‍ക്കുക.’ നജ്ദ് പ്രദേശത്തുള്ളവരെല്ലാം ഖലീഫയുടെ കല്‍പ്പനയനുസരിച്ച് എഴുന്നേറ്റ് നിന്നു. ‘ഖര്‍ന് ദേശത്ത് നിന്ന് ആരെങ്കിലും വന്നിട്ടുണ്ടോ’. അവരില്‍ നിന്ന് ചിലര്‍ മറുപടി നല്‍കി: ‘അതെ’.
ശേഷം ഖര്‍നിൽ നിന്ന് വന്ന ചിലര്‍ ഉമര്‍(റ)വിനെ കാണാനെത്തി. ഉമര്‍(റ) അവരോട് ഉവൈസ്(റ)വിനെക്കുറിച്ച് ആരാഞ്ഞു. അവര്‍ പറഞ്ഞു: ‘ഇല്ല, ഞങ്ങള്‍ക്കറിയില്ല.’ ഉമര്‍(റ) അവര്‍ക്ക് മറുപടി നല്‍കി: ‘ശര്‍ഇന്റെ നാഥനായ തിരുനബി(സ)യുടെ വാക്ക് പിഴക്കുകയില്ല.’ അവരില്‍ നിന്ന് ചിലര്‍ പറഞ്ഞു തുടങ്ങി: ‘അമീറുല്‍ മുഅ്മിനീന്‍! നിങ്ങള്‍ അന്വേഷിക്കാന്‍ മാത്രം കാര്യമില്ല. ഉവൈസ് ഒരു നിസ്സാരക്കാരനാണ്. അദ്ദേഹം ഒരു കാടനും ഭ്രാന്തനുമാണ്.’
ഖലീഫ ഉമര്‍(റ) പ്രതിവചിച്ചു: ‘അദ്ദേഹത്തെയാണ് നാം തിരയുന്നത്. മറ്റാരെയുമല്ല. അവര്‍ എവിടെയാണ്?’. ‘വാദി ഉര്‍ന’ (താഴ്വര)യിലാണ് അദ്ദേഹത്തിന്റെ താമസം. വൈകുന്നേരം വരെ അദ്ദേഹം ഒട്ടകത്തെ മേക്കുന്നു. ശേഷം അത്താഴത്തിന് വേണ്ടത് കൂലിയായി ഞങ്ങള്‍ നല്‍കുന്നു. പട്ടണത്തില്‍ അദ്ദേഹം വരാറില്ല. ജനങ്ങളോട് സഹവസിക്കാറുമില്ല. ജനങ്ങള്‍ കഴിക്കുന്ന സദ്യകളിലൊന്നും അദ്ദേഹം കൂടാറുമില്ല. ജനങ്ങളുടെ ആഘോഷങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറില്ല. ജനങ്ങള്‍ ചിരിച്ചുല്ലസിക്കുമ്പോൾ അദ്ദേഹം കരഞ്ഞിരിക്കുന്നത് കാണാം. ജനങ്ങളെല്ലാം കരയുമ്പോൾ അദ്ദേഹം ചിരിക്കുകയാവും.’ അവര്‍ പറഞ്ഞുനിര്‍ത്തി.
‘എന്നെ അദ്ദേഹത്തിന്‍റെ അടുത്തേക്ക് കൊണ്ടുപോകുക’ ഖലീഫ ഉമറിന് ആകാംക്ഷയായി. ഉമര്‍(റ)വും അലിയാര്‍ തങ്ങളും അവരുടെ കൂടെ പുറപ്പെട്ടു. ഖര്‍ന് എന്ന നാട്ടിലെത്തി. ഉവൈസ്(റ) താമസിച്ചിരുന്ന കൊച്ചുവീട്ടിലേക്ക് അവര്‍ എത്തിച്ചേര്‍ന്നു. ഉവൈസ്(റ) നമസ്കാരത്തിലായിരുന്നു. അവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഉവൈസ്(റ) നിസ്കാരം ലഘുവാക്കി പൂര്‍ത്തീകരിച്ചു. അവരുടെ നേരെ തിരിഞ്ഞു.
ഉമര്‍ ഖത്താബ്(റ) സലാം പറഞ്ഞു. ഉവൈസ്(റ) സലാം മടക്കി. എന്താണ് നിങ്ങളുടെ പേര്? “അബ്ദുല്ല.” ഉമര്‍(റ) പ്രതിവചിച്ചു: “ഞങ്ങളെല്ലാവരും അബ്ദുല്ലമാരാണ്. നിങ്ങളുടെ പ്രത്യേകമായ പേരെന്താണ്?” അദ്ദേഹം പറഞ്ഞു: “ഉവൈസ്.” ഉമര്‍(റ) തിരക്കി: “നിങ്ങളുടെ വലതു കൈ ഒന്ന് ഉയര്‍ത്തിക്കാണിക്കാമോ?”
നബി(സ) തങ്ങളുടെ സ്വഹാബത്തിന് പറഞ്ഞു കൊടുത്ത അടയാളമായിരുന്നു; “അവരുടെ വലതു കൈയ്യില്‍ തോളോട് ചേര്‍ന്ന് വെളുത്ത നിറത്തില്‍ ഒരു പാടുണ്ടാവുമെന്ന്. അത് കുഷ്ഠമല്ല.” തങ്ങള്‍ സ്വഹാബതിന് ഉറപ്പുനല്‍കിയിരുന്നു. ഉമര്‍(റ) അതേ പാട് നേര്‍ക്കുനേർ കണ്ടു. ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞുതുടങ്ങി: “തിരുനബി(സ) നിങ്ങളോട് സലാം പറഞ്ഞിട്ടുണ്ട്. തങ്ങളുടെ ഉമ്മതിന് വേണ്ടി ദുആ ചെയ്യണമെന്ന വസ്വിയ്യത്തുമുണ്ട്.”
ഉവൈസ്(റ) പ്രതികരിച്ചു: “മുഴുവന്‍ മുസ്ലിംകള്‍ക്ക് വേണ്ടി ദുആ ചെയ്യാന്‍ നിങ്ങളാണ് ഏറ്റവും ബന്ധപ്പെട്ടവര്‍. ഭൂമിയില്‍ ഇന്നുള്ളവരില്‍ ഏറ്റവും ഉന്നതര്‍ നിങ്ങളല്ലേ.”
ഉമര്‍(റ) മറുപടി നല്‍കി: “ഞാന്‍ മുഅ്മിനീങ്ങള്‍ക്ക് ദുആ ചെയ്യുന്നുണ്ട്. എന്നാലും പ്രവാചകര്‍(സ)യുടെ വസ്വിയ്യത്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കടമയില്ലേ?.”
അദ്ദേഹം പറഞ്ഞു: “ഉമറേ, നിങ്ങളുദ്ദേശിക്കുന്ന ആള്‍ ഞാനാകില്ല. മറ്റാരെങ്കിലും ആവും.”
“പ്രവാചര്‍(സ) ഞങ്ങള്‍ക്ക് അടയാളങ്ങള്‍ പറഞ്ഞുതന്നിട്ടുണ്ട്. ഈ അടയാളങ്ങള്‍ നിങ്ങളിലാണ് ഉള്ളത്.”
ഉവൈസ്(റ)വിന്റെ പ്രതികരണം മറ്റൊന്നായിരുന്നു. “എന്നാല്‍ തിരുനബി(സ) തന്നേല്‍പ്പിച്ച അങ്കി എനിക്ക് തരിക.” ഉമര്‍ ഖത്താബ്(റ) അങ്കിയെടുത്ത് ഉവൈസുല്‍ ഖര്‍നി(റ)വിന് നല്‍കി. അതെടുത്ത് ധരിക്കാന്‍ അഭ്യര്‍ത്ഥിച്ചു.
ഉവൈസ്(റ) പ്രവാചകരുടെ അങ്കി ഏറ്റുവാങ്ങി അകത്തുപോയി. കുറെ നേരത്തേക്ക് കാണാതായി. നേരം വൈകിയപ്പോള്‍ ഉമര്‍(റ)വും അലി(റ)വും ഉവൈസ്(റ) കടന്നുപോയ വഴിയെ ചെന്നുനോക്കി. അദ്ദേഹം വെറും മണ്ണില്‍ സുജൂദില്‍ വീണു കിടക്കുകയായിരുന്നു. ഉവൈസുല്‍ ഖര്‍നി(റ)വിന്റെ കണ്ണീരോടെയുള്ള പ്രാര്‍ത്ഥന അവര്‍ക്ക് കേള്‍ക്കാമായിരുന്നു:
“എന്റെ രക്ഷിതാവേ, നിന്റെ ഹബീബായ പ്രവാചകര്‍(സ) നമ്മുടെ അവസ്ഥ ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നു. എന്നോട് ദുആ ചെയ്യാന്‍ വസ്വിയ്യത്തും നല്‍കിയിരിക്കുന്നു. മുഹമ്മദ്(സ)യുടെ ഉമ്മത്തിന് നീ പൊറുത്ത് കൊടുക്കേണമേ.”
ഉവൈസുല്‍ ഖര്‍നി(റ) സുജൂദില്‍ നിന്നും എഴുന്നേല്‍ക്കുന്നത് വരെ ഉമര്‍ ഖത്താബ്(റ)വും അലി(റ)വും കാത്തു നിന്നു.
(അവലംബം: അല്ലാമ ഫരീദുദ്ദീന്‍ അത്താര്‍ രചിച്ച തിദ്കിറാതുല്‍ ഔലിയ എന്ന പേര്‍ഷ്യന്‍ ഗ്രന്ഥത്തില്‍ നിന്ന്)
അലി അസ്കർ മഹ്ബൂബി
Connect with Us