Top pics

6/recent/ticker-posts

ഉവൈസുല്‍ ഖർനി(റ)വിൻ്റെ കാഴ്ച


തിരു നബി(സ) യുടെ മുന്നറിയിപ്പു പ്രകാരം ഉവയ്സുൽ ഖർനി(റ) മഹാനവരുകളെ കാണാൻ എത്തിയതാണ് സയ്യിദുനാ ഉമർ(റ) വും ഹസ്രത്ത് അലി(റ) വും. അവരിൽനിന്നും നബി(സ) തന്നയച്ച അങ്കി വാങ്ങി ഉവയ്സുൽ ഖർനി(റ) അകത്തേക്ക് പോയി. അൽപ സമയം കഴിഞ്ഞു തിരിച്ചു വന്നു. ഉമർ(റ) തന്റെയടുത്തേക്ക് വരുന്ന ഉവൈസുല്‍ ഖർനി(റ)വിനെ ശ്രദ്ധിച്ചു. പരുക്കൻ കമ്പിളിയാൽ നെയ്തൊരു വസ്ത്രമാണ് അദ്ധേഹത്തിന്റെ മേലുള്ളത്. ലോകരുമായി അദ്ധേഹത്തിനു യാതൊരു ബന്ധവുമില്ല.

ഖലീഫ ഉമർ(റ) ഉവൈസുല്‍ ഖർനി(റ) വിനോടായി പറഞ്ഞു: “ഇത്തിരി റൊട്ടിക്ക്‌ പകരമായി ഈ ഖിലാഫത്തിനെ എന്നിൽ നിന്ന് ഏറ്റെടുക്കാൻ ഒരാളെ കിട്ടുമോ?”

ഉവൈസുല്‍ ഖർനി(റ) മറുപടിയായി പറഞ്ഞു: “ഉമറേ, ബുദ്ധിയുള്ളവരാരും നിങ്ങളിൽ നിന്ന് ഈ ഖിലാഫത്ത് വാങ്ങുകയില്ല. ഖിലാഫത്തിനെ ഒഴിവാക്കിക്കോളൂ. ആവശ്യമുള്ളവർ എടുത്ത് പ്രയോഗിക്കട്ടെ. കാരണം ഇതിന്റെ കാര്യത്തിൽ വിൽക്കലും വാങ്ങലും അസാധ്യമാണ്”.

ഖലീഫ ഉമർ(റ)വിന്റെ കൂടെയുണ്ടായിരുന്ന സഹചാരികളിൽ ചിലർ പറഞ്ഞു: “അബൂബകർ സിദ്ധീഖ്(റ)വിൽ നിന്നാണ് നിങ്ങളീ കാര്യം ഏറ്റെടുത്തത്. നിങ്ങളത് ഉപേക്ഷിച്ചാൽ അനേകം മുസ്‌ലിംകൾ നഷ്ടത്തിലായിപ്പോകും. ഒരു മണിക്കൂർ നേരത്തേക്ക് താങ്കൾ നീതി നടത്തുന്നത് മറ്റുള്ളവർ വർഷങ്ങളോളം ഇബാദത്ത് ചെയ്യുന്നതിനേക്കാള്‍ മഹത്തരമാണ്”.

ഇപ്രകാരം ഉമർ(റ) വീണ്ടും ചോദിച്ചു തുടങ്ങി: “ഉവൈസേ, നിങ്ങളെന്തേ തിരുനബി(സ)യുടെ സന്നിധിയിൽ വരാതിരുന്നത്?”.

ഉവൈസുല്‍ ഖർനി(റ) പ്രതിവചിച്ചു: “നിങ്ങൾ നബി(സ)യെ കണ്ടിരിക്കുന്നു, അല്ലേ. എന്നാൽ മറകളൊന്നുമില്ലാതെയാണോ കണ്ടത്. അതോ മറവിലായോ?. നിങ്ങൾ നബി(സ)യുടെ മുഖത്തേക്ക് നോക്കിയിട്ട് തന്നെയില്ല; ലജ്ജയും തങ്ങളുടെ മുഖത്തെ ഗാംഭീര്യവും കാരണം. പിന്നെയെങ്ങനെയാണ് മറകളുള്ള കാഴ്ചയും മറകളില്ലാത്ത കാഴ്ചയും നിങ്ങൾ തിരിച്ചറിയുക?”.

എന്നിട്ട് ഉവൈസുല്‍ ഖർനി(റ) അവർ രണ്ടു പേരോടായി പറഞ്ഞു: “നിങ്ങൾ നബി(സ)യുടെ പ്രേമികളിൽ പെട്ടവരല്ലേ; തിരുനബിയുടെ പല്ലുകൾ പൊട്ടിയപ്പോൾ നിങ്ങളാരെങ്കിലും സ്വന്തം പല്ല് പൊട്ടിച്ചിട്ടുണ്ടോ?”. അവർ പറഞ്ഞു: “ഇല്ല”.

ഉവൈസുല്‍ ഖർനി(റ) തന്റെ വായ തുറന്നു കാണിച്ചു: “ഞാനെന്റെ പല്ലുകൾ ചിലത് പൊട്ടിച്ചുകളഞ്ഞിട്ടുണ്ട്”.

ഉമർ ബ്നു ഖത്താബ്(റ) അദ്ദേഹത്തോട് പറഞ്ഞു: “എനിക്ക് വേണ്ടി ദുആ ചെയ്യണം”. അദ്ദേഹം പറഞ്ഞു. “ഉമറേ, ഓരോ നമസ്കാരത്തിലും ഞാൻ മുഅമിനുകൾക്കും മുഅമിനാതുകൾക്കും മഗ്ഫിറത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. നിങ്ങളുടെ അന്ത്യസമയം നന്മയിലാണെങ്കിൽ എന്റെ ദുആയിൽ നിങ്ങൾ ഉള്‍പ്പെട്ടിട്ടുണ്ടാകും. അതല്ലെങ്കിൽ എന്റെ സമയം നിങ്ങൾ നഷ്ടപ്പെടുത്തരുത്”.

ഉമർ ബ്നു ഖത്താബ്(റ) വീണ്ടും പറഞ്ഞു: “ഉവൈസെ, എനിക്ക് വസിയ്യത്ത് ചെയ്യണം”. അദ്ദേഹം പറഞ്ഞു: “നിങ്ങൾ അല്ലാഹുവിനെ അറിയുമോ?”. ഉമർ(റ) പ്രതികരിച്ചു: “അതെ”. ഉവൈസ്(റ) പറഞ്ഞു: “എന്നാൽ അല്ലാഹുവിന്റെ കൂടെ മറ്റാരെയും അറിയാതിരിക്കുക, അതാണ് നന്മ”.

ഉമർ ബ്നു ഖത്താബ്(റ) പറഞ്ഞു: “ഇനിയും വസിയ്യത്ത് ചെയ്യൂ”. അവിടുന്ന് പറഞ്ഞു: “അല്ലാഹുവാണ് നിങ്ങളെ പഠിപ്പിക്കുന്നത്. മറ്റാരും നിങ്ങൾക്ക് അധ്യാപനം നല്കാതിരികട്ടെ. അതിലാണ് ഖൈറ്”.

ശേഷം ഉവൈസുല്‍ ഖർനി(റ) രണ്ടുപേരോടായി പറഞ്ഞു: “നിങ്ങളിരുവരും തിരിഞ്ഞു പോകണം. ഖിയാമത്ത് ദിനം ഇതാ അടുത്തുവരുന്നു. അതിനു ശേഷം നമുക്ക് ഒരുമിക്കാം. പിന്നീടു നമ്മൾ വേർപെടുകയില്ല. അതിനു വേണ്ട പാഥേയം സമ്പാദിക്കുന്ന തിരക്കിലാണ് ഞാനിപ്പോൾ”.

ഖലീഫ ഉമർ(റ)വും ഹസ്രത്ത് അലി(റ)വും സലാമോതി തിരിച്ചു നടന്നു.

അലി അസ്കർ മഹ്ബൂബി