Top pics

6/recent/ticker-posts

എന്താണ് ത്വരീഖത്ത്?



ത്വരീഖത്തിനെക്കുറിച്ച് വിചിത്രമായ ധാരണകളാണ് ജനങ്ങള്‍ വെച്ച്പുലര്‍ത്തുന്നത്. ഭൗതികമായ ജീവിതത്തെ മൊഴി ചൊല്ലിപ്പിരിഞ്ഞ് വനാന്തരങ്ങളില്‍ പോയി ഒളിച്ചു പാര്‍ക്കലാണ് ത്വരീഖത്ത് എന്ന് ധരിച്ചവരുണ്ട്. ഇസ്ലാമികമായ ആരാധനകളില്‍ അതിര്കടക്കലാണ് ത്വരീഖത്ത് എന്ന് ധരിച്ചവരും കുറവല്ല.

ത്വരീഖത്ത് എന്നതിന്റെ പദാര്‍ത്ഥം 'വഴി' എന്നാണ്‌. ഹൃദയ ശുദ്ധീകരണത്തിലൂടെ സൃഷ്ടാവായ റബ്ബിനെ അറിയാനും സ്നേഹിക്കുവാനും അവന്റെ സാമിപ്യം നേടുവാനും ശ്രമിക്കുന്നവര്‍ സഞ്ചരിക്കുന്ന വഴിയാണ് സാങ്കേതികമായി ത്വരീഖത്ത്. നബി(സ)യും സഹാബത്തും സലഫുസ്സ്വാലിഹീങ്ങളും സ്വീകരിച്ച മാര്‍ഗ്ഗമാണത്. അതിനാല്‍ തന്നെ ത്വരീഖത്തും ഇസ്ലാമും രണ്ടാണെന്ന വാദം, അല്ലെങ്കില്‍ നബി(സ)ക്കും സ്വഹാബത്തിനും അതുണ്ടായിരുന്നില്ല എന്ന വാദം അസ്ഥാനത്താണ്. 

നബി(സ) അവിടുത്തെ അനുചരന്‍മാര്‍ക്കും, അവര്‍ അവരെ പിന്‍പറ്റിയവര്‍ക്കും പഠിപ്പിച്ച; തലമുറകള്‍ തലമുറകള്‍ക്ക് കൈമാറി വന്ന ജീവിതരീതിയാണ് ത്വരീഖത്ത്. ത്വരീഖത്ത് പ്രസ്ഥാനങ്ങളുടെ ഉത്ഭവം ഇസ്ലാമിക ചരിത്രത്തിലെ ഒരു പ്രത്യേകദശയില്‍ സുഭിക്ഷതയും ആര്‍ഭാടവും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് എന്ന വാദം അടിസ്ഥാനരഹിതമാണ്. സത്യസന്ധമായ ഓരോ ത്വരീഖതുകളും ചെന്നെത്തുന്നത് ഓരോ സഹാബിമാരിലും അവിടെ നിന്നും ഉയര്‍ന്ന് നബി(സ) തങ്ങളിലുമാണ്.

എന്നാല്‍ ത്വരീഖതുകള്‍ ഇന്ന് നമ്മുടെ നാടുകളില്‍ ധാരാളമുണ്ട്. പാവപ്പെട്ടവരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് പച്ച ഷാളിന്റെ മറവില്‍ പിശാചുസേവായിലൂടെ പണം വാരിക്കൂട്ടുന്ന കപടന്‍മാരും ധാരാളമുണ്ട്. തസവ്വുഫിന്റെയും ത്വരീഖത്തിന്റെയും മഹിതമായ മുഖം ദര്ശിക്കുന്നതില്‍ നിന്നു സാധാരണക്കാര്‍ക്കു മുന്നില്‍ ഇവര്‍ ഒരു മറയായി നില്‍ക്കുന്നു. പൊതുജനങ്ങള്‍ക്കു മുന്നില്‍ തസവ്വുഫിന്റെ മുഖം വികൃതമാക്കി ചിത്രീകരിച്ചിരിക്കുന്ന ഇവര്‍ ഈ കൊടും വഞ്ചനക്ക് നാളെ അല്ലാഹുവിന്റെ മുന്നില്‍ മറുപടി പറയേണ്ടിവരിക തന്നെ ചെയ്യും.

വ്യാജന്മാര്‍ ഉണ്ടെന്നു കരുതി പക്ഷേ, സത്യസന്ധമായ വഴി അന്വേഷിച്ച് കണ്ടെത്തി അത് പിന്പറ്റുന്നതില്‍ നിന്ന് നമുക്ക് മാറിനില്‍ക്കാന്‍ പറ്റുകയില്ലല്ലോ. കാരണം ഖുര്‍ആന്‍ പറയുന്നു: “അല്ലാഹു വഴി പിഴപ്പിക്കാന്‍ ഉദ്ദേശിച്ചവര്‍ക്ക് ഒരു മുര്‍ഷിദായ (വഴികാട്ടിയായ) വലിയ്യിനെ ലഭിക്കുകയില്ല.” (അല്‍ കഹ്ഫ്-17). “അല്ലാഹുവിന്റെ ദിക്റില്ലാത്തവര്‍ പിശാചിന്റെ പാര്‍ട്ടിക്കാരാണ്. അത്തരക്കാര്‍ തന്നെയാണ് പരാജിതര്‍.” (അല്‍ മുജാദല-19). മാത്രമല്ല, “ശൈഖില്ലത്തവന്റെ ശൈഖ് പിശാചാണ്” എന്ന് അബൂയസീദുല്‍ ബിസ്ത്വാമി(റ)വിനെപ്പോലുള്ളവര്‍ പറഞ്ഞത് നാമെങ്ങനെയാണ് അവഗണിക്കുക? ഇമാമുശ്ശഅറാനി(റ) പറയുന്നു: 'അല്ലാഹുവിന്റെ സാന്നിദ്ധ്യം മനസ്സില്‍ പ്രവേശിക്കുന്നതിനെ തടയുന്ന ദുര്‍ഗുണങ്ങള്‍ ഇല്ലാതാവുന്നതിന്; തനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു ശൈഖിനെ സ്വീകരിക്കല്‍ ഓരോ മനുഷ്യനും നിര്‍ബന്ധമാണെന്ന കാര്യത്തില്‍ ത്വരീഖത്തിന്റെ മശാഇഖുമാര്‍ ഏകാഭിപ്രായക്കാരാണ്.'

ചുരുക്കത്തില്‍ നരക ശിക്ഷയിലേക്ക്‌ മനുഷ്യനെ വലിച്ചിഴക്കുന്ന ഹൃദയങ്ങളെ ബാധിച്ച മാരകമായ രോഗങ്ങളില്‍ നിന്ന്‍ അതിനെ സുഖപ്പെടുത്തുന്നതിനും ഉറച്ച ഈമാന്‍ നേടിയെടുക്കുന്നതിനും ഒരു ശൈഖിനെ പിന്‍പറ്റല്‍ അനിവാര്യമാണ്. ഈ തിരിച്ചറിവ് ഉണ്ടായതുകൊണ്ടാണ് ഇമാം ശാഫിഈ(റ) ഇത്ര വലിയ പണ്ഡിതനായിരുന്നിട്ടും ശൈബാനുര്‍റാഈ(റ) എന്ന ആട്ടിടയനെ ശൈഖായി സ്വീകരിച്ചത്. ഇങ്ങനെ ഒരു ശൈഖിനെ പിന്‍പറ്റേണ്ടത്തിന്റെ ആവശ്യമില്ലായിരുന്നുവെങ്കില്‍ ഇമാം ശാഫിഈ(റ) എന്തിന് ഒരു ആട്ടിടയനെ ശൈഖായി സ്വീകരിക്കണം? എന്തിന് 20 വര്‍ഷക്കാലം ഉസ്മാനുല്‍ ഹാറൂനി(റ) എന്ന ശൈഖിനെ ഖ്വാജാ മുഈനുദ്ധീന്‍ ചിശ്തി(റ) വിടാതെ പിന്തുടരണം? എന്തിനാണ് ഗൗസുല്‍ അഅ്ളം(റ) ശൈഖുമാരെ അന്വേഷിച്ചും അവര്‍ക്ക് ഖിദ്മത്ത് ചെയ്തും 25 വര്‍ഷക്കാലം ച്ചുറ്റിനടന്നത്?.

അല്ലാഹുവിനെ ഓര്‍ക്കുന്നതിന് കാടും മലയും കയറിപ്പോകേണ്ടതിന്റെ ആവശ്യമില്ല. നബി(സ)യുടെയും സ്വഹാബത്തിന്റെയും ചര്യ അതായിരുന്നില്ല. മദീന എന്ന നഗരം കേന്ദ്രമായി ഒരു രാഷ്ട്രം ഭരിച്ച ഭരണാധിപനായിരുന്നു ഈ ത്വരീഖത്തുകളുടെയെല്ലാം നേതാവും നമ്മുടെ കണ്ണിലുണ്ണിയുമായ പ്രവാചകന്‍ തിരുമേനി(സ). സ്വഹാബത്തില്‍ കച്ചവടക്കാരും കര്‍ഷകരും യോദ്ധാക്കളുമെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും ''അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ നിന്ന് തടസ്സമാവുന്നില്ല.'' (നൂര്‍ - 37) എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കച്ചവടത്തിരക്കിന്റെയും ജോലിത്തിരക്കിന്റെയും കാരണം പറഞ്ഞ് അല്ലാഹുവിന്റെ ദിക്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ നരകത്തില്‍ ഒരു ഇരിപ്പിടം ബുക്ക് ചെയ്യുകയാണ് തങ്ങളെന്ന് മനസ്സിലാക്കിക്കൊള്ളട്ടെ. “സത്യ വിശ്വാസികളെ, നിങ്ങളുടെ സന്താനങ്ങളോ ധനങ്ങളോ അല്ലാഹുവിന്റെ ദിക്റില്‍ നിന്ന് നിങ്ങളെ അശ്രദ്ധരാക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്ന പക്ഷം പരാജിതര്‍ അവരാകുന്നു.” (മുനാഫിഖൂന്‍ - 9)

മനുഷ്യ മനസ്സുകളില്‍ അല്ലാഹുവിനെക്കുറിച്ചുള്ള ദിക്റുണ്ടാക്കുകയും അങ്ങനെ തിന്മകളില്‍ നിന്ന് അവനെ കരകയറ്റി അവന്റെ മനസ്സില്‍ അല്ലാഹുവിന്റെ സാന്നിധ്യം നിറക്കുകയും ചെയ്യുന്നതിന് തര്‍ബിയത് എന്നും അത് ചെയ്യുന്ന ശൈഖിന് ശൈഖ് മുറബ്ബി എന്നും പറയുന്നു. ഒരു ശൈഖിനെ പിന്‍പറ്റുന്നതിന്റെ ലക്ഷ്യവും ഇതുതന്നെയാണ്. തിന്മകളില്‍ നിന്ന് അകന്ന് ആത്മ സംസ്കരണം നടത്തി അല്ലാഹുവിന്റെ സാന്നിധ്യം കരസ്ഥമാക്കണം. സ്വഹാബതിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ച് അല്ലാഹുവിന്റെ സാന്നിധ്യത്തിലേക്ക് തങ്ങളെ കൈപിടിച്ച് ആനയിക്കുന്ന ഒരു ശൈഖ് മുറബ്ബി തന്നെയായിരുന്നു തിരുനബി(സ). അതുതന്നെയാണ് നാളിതുവരെയുള്ള മശാഇഖുമാര്‍ ചെയ്തു വന്നതും.