അനന്ത കോടി നക്ഷത്രങ്ങളും സാക്ഷി…
തിര തല്ലിയൊഴിയുന്ന പാറക്കെട്ടിനു മുകളില്‍ നിശബ്ദനായിരിക്കുമ്പോള്‍ ചക്രവാളങ്ങളും കടന്ന്‍ ആത്മാവിന്റെ പ്രയാണം ഒടുവില്‍ ഗുരു സന്നിധിയിലെത്തി.
പുഞ്ചിരി തൂകി ഗുരു ശിഷ്യനെ തന്റെ ഹൃദയത്തിലേക്ക് ചേര്‍ത്ത് പിടിച്ചു.
അനുഗ്രഹങ്ങളുടെ നിറ വസന്തമാണ് ഗുരു സന്നിധി.
ജ്ഞാന ഹർഷത്തിന്റെ സുഗന്ധം പരത്തുന്ന പൂക്കാലം.
ഗുരുസന്നിധിയില്‍ എത്തുമ്പോഴാണ് ശിഷ്യന്‍ തന്നെ അറിയുന്നത്, തന്നിലുള്ളത് അറിയുന്നത്.
സ്വയം തിരിച്ചറിവിന്റെ മഹാ വിസ്മയത്തില്‍ ശിഷ്യന്‍ വിനയാന്വിതനാകുന്നു.
യഥാര്‍ത്ഥ ജ്ഞാനത്തിലൂടെ സര്‍വ്വ ജ്ഞാനിയിലേക്കുള്ള അവന്റെ യാത്ര
അഭങ്കുരം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു, ആത്മ നാശത്തിലൂടെ ആത്യന്തിക യഥാർത്യത്തില്‍ വിലയം പ്രാപിക്കും വരെ.
ശൂന്യമായ പാനപാത്രവുമായി താഴ്മയോടെ ശിഷ്യന്‍ സാകൂതം കാത്തിരുന്നു.
ശിഷ്യ ഹൃദയത്തിന്റെ ആഴങ്ങിലേക്ക് നോക്കി ഗുരു സംസാരിച്ചു തുടങ്ങി .
മൗനത്തിന്റെ അനന്ത പ്രവാഹമായി ഹൃദയം ഹൃദയത്തോട് സംവദിച്ചു.
ജ്ഞാന വസന്തം പെയ്തിറങ്ങി..
ഗുരു അന്ന് സംസാരിച്ചത് ബദ്റിനെ ക്കുറിച്ചായിരുന്നു.
ഗുരു സംസാരിച്ചു തുടങ്ങി..
ബദ്ര്‍ വെറുമൊരു സ്ഥലനാമമല്ല, അവിടെ അരങ്ങേറിയത് കേവലമൊരു യുദ്ധവുമല്ല.
മറിച്ച് ബദ്ര്‍ എന്നത് ഒരു മഹാ വിപ്ലവത്തിന്റെ പേരാണ്..
ഓരോ മനുഷ്യനിലും അനിവാര്യമായി സംഭവിച്ചിരിക്കേണ്ട മഹാ പരിവര്‍ത്തനം.
സര്‍വ്വായുധ സജ്ജരായി വന്ന പിശാചിന്റെ കൂട്ടാളികളെ തിരുമേനിയുടെ സഹചാരികള്‍ നേരിട്ടത് അചഞ്ചലമായ വിശ്വാസത്തിന്റെ കരുത്തിലായിരുന്നു.
മനുഷ്യ നിര്‍മിത പടക്കോപ്പുകള്‍ക്ക് പകരം വാനലോകത്ത്
നിന്നിറങ്ങിയ മാലഖമാരായിരുന്നു അവര്‍ക്ക് സഹായികളായത്.
ഒരു നിമിഷം ഗുരു മൗനിയായി. പിന്നെ ശിഷ്യനോട് ചോദിച്ചു:
എങ്ങനെയാണ് ബദ്ര്‍ ഉണ്ടാകുന്നത്? എങ്ങനെയാണു ഓരോ ബദ്‌രിയ്യും പിറവിയെടുക്കുന്നത്?
ഒന്നും ഉരിയാടാതെ ശിഷ്യന്‍ ഗുരുവിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു...
ഗുരു സന്നിധിയില്‍ അനുഗ്രഹത്തിന്റെ മലാഖമാരിറങ്ങി.
ബദ്ര്‍ എന്നത് പൂര്‍ണ്ണ ചന്ദ്രനാണ്, നബി തീരുമേനി എന്ന പൂര്‍ണ്ണ ചന്ദ്രന്‍.
മാനവകുലത്തിന്റെ ഹൃദയ വിഹായസ്സില്‍ ഉദിച്ചുയര്‍ന്ന ജ്ഞാനശോഭ.
പതിനാലാം രാവിലെ പനിമതിയായി പ്രവാചകരേ അങ്ങ് ഞങ്ങള്‍ക്ക് മുന്നില്‍ പ്രോജ്ജ്വലിച്ചു നില്‍ക്കുന്നു.
മറ്റു ചന്ദ്രന്മാരെല്ലാം അങ്ങയുടെ ജ്ഞാന പ്രകാശത്തിനു മുന്നില്‍ നിഷ്പ്രഭരായിരിക്കുന്നു.
ആത്യന്തിക മോക്ഷത്തിന്റെ ആഹ്ലാദം പകരുന്ന പ്രവാചകരേ, ആവിടുത്തെ സൗന്ദര്യം പോലെ മറ്റെവിടെയും ഞങ്ങള്‍ ദര്‍ശിച്ചിട്ടില്ല.
ഗുരു തുടര്‍ന്നു...
നബി തിരുമേനിയെന്ന പൂര്‍ണ്ണ ചന്ദ്രനെ ആത്മാവിലേക്ക് ആവാഹിക്കുമ്പോഴാണ് ഓരോ ബദ്‌രിയ്യും പിറവിയെടുക്കുന്നത്.
ഹൃദയത്തിന്റെ ശ്വാസ നിശ്വാസങ്ങള്‍ മുഹമ്മദു റസൂലുല്ലാഹി ആയിത്തീരുമ്പോള്‍ ബദ്റിന്റെ മഹാ വിജയം യാഥാര്‍ത്യമായിത്തീരുന്നു.
വിശ്വാസിയുടെ ചലന നിശ്ചലനങ്ങള്‍ മുഹമ്മദു റസൂലുല്ലാഹി ആയി പരിവർത്തിതമാകുമ്പോള്‍ ബദ്റിന്റെ രണഭൂമിയിലെ വീരനായ പോരാളി ജന്മമെടുക്കുന്നു.
അപ്പോള്‍ വിശ്വാസത്തിന്റെ രണഭൂമിയില്‍ പിശാചിന്റെ പടയണിക്കെതിരെ മാലാഖമാരുടെ ചിറകിലേറി അവന് വിജയം വരിക്കാനകുന്നു.
അങ്ങനെയാണ് ബദ്‌റിലെ വീരനായകര്‍ ഉയിരെടുക്കുന്നത്.
പോരാട്ട ഭൂമിയില്‍ അണിനിരന്നില്ലെങ്കിലും ഹസ്രത് ഉസ്മാന്‍ (റ) ആ ശ്രേഷ്ഠ ഗണത്തില്‍ ഉള്‍പ്പെടുന്നത് അങ്ങനെയാണ്.
രക്ഷിതാവേ… ഈ സമൂഹത്തെ വിജയ ശ്രീലാളിതരാക്കിയില്ലെങ്കില്‍ നിന്നെ സ്മരിക്കാനായി ആരും അവശേഷിക്കുകയില്ല എന്ന തിരുമേനിയുടെ പ്രാര്‍ത്ഥനയെക്കുറിച്ച് ഗുരു ഓര്‍മിപ്പിച്ചു.
കുട്ടീ… നീ ഹൃദയം തുറന്നു കേട്ടു കൊള്ളുക…
“നീ ഒരു ബദ്‌രിയ്യായിത്തീരുക. നിന്റെ ആത്യന്തിക ലക്ഷ്യമിതായിരിക്കട്ടെ…”
ഗുരു ഉപസംഹരിച്ചു.
ആത്മ സഞ്ചാരത്തിന്റെ നിര്‍വൃതിയില്‍ ശിഷ്യന്റെ ഉള്ളു നിറഞ്ഞു.
ജ്ഞാന സുഖന്ധത്തിന്റെ ധന്യതയില്‍ ശിഷ്യന്‍ സാഗര തീരത്തെത്തി.
തിരിഞ്ഞു നോക്കുമ്പോള്‍ ബദ്റിന്റെ യുദ്ധ ഭൂമിയിലാണ് താന്‍ നില്‍ക്കുന്നതെന്ന് ശിഷ്യന് മനസ്സിലായി…
ഭൌതികതയുടെ സര്‍വ്വ സന്നാഹങ്ങളുമായി പിശാചിന്റെ ആയിരം പോരാളികള്‍ തനിക്കു നേരെ ആര്‍ത്തിരമ്പി വരുന്നത് ഭയശങ്കകളോടെ ശിഷ്യന്‍ തിരിച്ചറിഞ്ഞു..
സുഭിക്ഷതയുടെയും സുഖലോലുപതയുടെയും ഭീതിപ്പെടുത്തുന്ന സജ്ജീകരണങ്ങള്‍…
ലഹരിയുടെയും ലൈംഗികതയുടെയും മൂര്‍ച്ചയേറിയ അസ്ത്രങ്ങള്‍…
ആ സന്നിഗ്ധ ഘട്ടത്തല്‍ ശിഷ്യന്‍ ഗുരുവിന്റെ വാക്കുകള്‍ ഓര്‍ത്തു.
‘”നീ ഒരു ബദ്‌രിയ്യായിത്തീരുക…”’
ശിഷ്യന്‍ തന്റെ ഉള്ളിലേക്ക് നോക്കി… ആത്മാവിന്റെ അഗാധതകളിലേക്ക്…
മുഹമ്മദു റസൂലുല്ലാഹി എന്ന പൂര്‍ണ ചന്ദ്രന് ജീവ ചൈതന്യം പകര്‍ന്നു നല്‍കി ശിഷ്യന്‍ പടച്ചട്ട അണിഞ്ഞ് രണ ഭൂമിയിലിറങ്ങി…
വിഹായസ്സിന്റെ വിരിമാറില്‍ നിന്ന് മാലാഖമാരേയും പ്രതീക്ഷിച്ചു…
ശിഷ്യന്റെ കരങ്ങള്‍ അല്ലാഹുവിലേക്കുയർന്നു : “പിശാചിന്റെ പത്മ വ്യൂഹത്തിലകപ്പെട്ട എനിക്ക് മുഹമ്മദു റസൂലുല്ലാഹിയെ പകര്‍ന്നു നല്‍കേണമേ”…
ചക്രവാളങ്ങള്‍ക്കപ്പുറം പുഞ്ചിരി തൂകി ഗുരു പ്രത്യക്ഷപ്പെട്ടു.
സര്‍വ്വം അവിടെ സമര്‍പ്പിച്ച് ശിഷ്യന്‍ ആയുധങ്ങള്‍ അണിഞ്ഞ് കുതിരപ്പുറത്ത് ചാടിക്കയറി…
ജീവിതത്തിന്റെ ബദ്റിലേക്ക്…
അപ്പോഴും ഗുരുവിന്റെ വാക്കുകള്‍ ഒരു ഓര്‍മ പ്പെടുത്തലായി ശിഷ്യന്റെ ഹൃദയത്തില്‍ പ്രതിധ്വനിച്ചു:
“കുട്ടീ… നീ ഒരു ബദ്‌രിയ്യായിത്തീരുക”
നബീൽ സുൽത്താനി
Connect with Us