Top pics

6/recent/ticker-posts

കലിമ അടിത്തറയാക്കിയ സൂഫി പരമ്പരകളുടെ ചരിത്രം



ചരിത്രമാണു സൂഫിപാതകളുട കരുത്ത്. അവര്‍ ചരിത്രത്തെ ഗുണപാഠങ്ങള്‍ക്കു വേണ്ടി മാത്രം സമീപിക്കുന്നവരല്ല. ചരിത്രത്തിലെ നായകരില്‍ നിന്നു അവര്‍ സ്വീകരിക്കുന്നതും അതല്ല. സൂഫികള്‍ക്കു വേണ്ടത് തങ്ങളെ ചരിത്രത്തിലൂടെ പിന്നോട്ടുപിന്നോട്ടു കൊണ്ടുചെന്ന് പ്രവാചകരില്‍ കണ്ണിചേര്‍ക്കുന്ന ഗുരുപരമ്പരയാണ്. അതാണവരുടെ ചരിത്രം. താനാരുടെ മകനാണെന്നു ചോദിക്കപ്പെട്ടാല്‍ സമകാലത്തു നിന്നു തുടങ്ങി വിവിധ നൂറ്റാണ്ടുകളിലെ വ്യക്തിത്വങ്ങളിലൂടെ കയറിക്കയറി ആത്മാക്കളുടെ പ്രകാശങ്ങളുടെ പിതാവായിരുന്ന തിരുനബിയില്‍ കണ്ണിചേര്‍ക്കുന്ന പൈതൃകം.

പിതാക്കന്‍മാരും പ്രപിതാക്കന്‍മാരും ഒരാളെ പരിശോധിക്കുമ്പോള്‍ അയാളുടെ അസ്തിത്വ യാഥാര്‍ഥ്യത്തിന്റെ സാക്ഷ്യങ്ങളാണ്. ഒരാളുടെ വാക്കുകളെ സത്യമാണെന്നു സ്വീകരിക്കുന്നതിനും അയാളുടെ സാമൂഹ്യപ്രാധാന്യം നിര്‍ണ്ണയിക്കുന്നതിനും നാം ഇതിനെ ഉപയോഗിക്കാറുണ്ട്. ഇവിടെയും നാം ശക്തമായി പരിശോധിച്ചുറപ്പിക്കേണ്ടത് ഈ മൗലിക ഗുണമാണ്. പൈതൃകം വിളിച്ചുപറയും സൂഫി പാതകളുടെ അടിത്തറ എന്തായിരിക്കണമെന്ന മൗലിക തത്വം. 

ലോകത്ത് ഇത്തരത്തില്‍ തന്റെ ഗുരു പരമ്പര വിശുദ്ധ കലിമ പകര്‍ന്നു കൊടുക്കുന്ന ധാരയാണെന്നു പ്രഖ്യാപിച്ച മഹാ സൂഫിയായിരുന്നു സയ്യിദ് മുഹമ്മദ് ബാദുഷാ ഖദീര്‍(റ). ഖദീറിന്റെ വിഖ്യാത ഗ്രന്ഥമായ ഗുല്‍സാറെ ഖദീറിലൂടെ തന്റെ ഗൂരു പരമ്പരകളിലൂടെ ഈ മൗലികാടിത്തറയുടെ പാത തന്നിലേക്കെങ്ങനെ വന്നെത്തിയെന്നു അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്. തിരു നബിയില്‍ അലിയ്യുബ്‌നു അബീത്വാലിബവര്‍കളിലേക്കും തുടര്‍ന്ന് അവരുടെ കുടംബ പരമ്പരകള്‍ പിന്നിട്ട് ശൈഖ് ജുനൈദുല്‍ ബഗ്ദാദിയിലൂടെ വന്ന് ശൈഖ് ജീലാനിയിലെത്തുന്നു. അവരുടെ പുത്രന്‍മാരിലൂടെ ഇന്ത്യയിലെത്തുകയും കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഇന്ത്യയുടെ കുഗ്രാമങ്ങളില്‍ പ്രവര്‍ത്തന നിരതമായി നില്‍ക്കുകയും ചെയ്തുവെന്നതാണ് അതിന്റെ ചരിത്രം. അങ്ങനെയതു ഖദീറിലുമെത്തിച്ചേരുന്നു. 

ചരിത്രത്തിലേക്കു കടക്കുമ്പോള്‍ നബിതിരുമേനിക്കു ശേഷം എന്തു സംഭവിച്ചു എന്നാണു നാം ആദ്യം തേടുന്നത്. ഇതേക്കുറിച്ച് പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസ് തന്നെയാണ് ചരിത്ര പഠനത്തിനു പ്രാമാണിക രേഖയാക്കാവുന്നത്. 

തിരുനബി ഇമാം അലി(റ) അവര്‍കള്‍ക്ക് വളരെ സ്വകാര്യമായ സാഹചര്യത്തിലാണു തങ്ങളെന്നുറപ്പു വരുത്തിയ ശേഷം കലിമ വഴി ആ്ത്മീയ വളര്‍ച്ച നേടാനാവശ്യമായ ആത്മ ജ്ഞാനം പകരുന്നതായി ഇമാമവര്‍കള്‍ പറയുന്നു. തിരുനബി ഇതു മറ്റാരും ഇല്ലെന്നു ഉറപ്പുവരുത്തിയ ശേഷമാണു പറഞ്ഞുതന്നതെന്നു ഇമാമവര്‍കള്‍ ഉറപ്പുപറയുന്നു. അതുകൊണ്ടാണ് ഒരു രഹസ്യരീതി ഇക്കാര്യത്തില്‍ ലോക ഗുരുക്കന്‍മാരെല്ലാം പിന്തുടര്‍ന്നത്. നിസ്‌കാരവും നോമ്പും സകാത്തും ഹജ്ജും പഠിപ്പിക്കും പോലെ അതു സാധിക്കില്ലായിരുന്നു. 

ഇക്കാരണത്താല്‍ തന്നെ മറ്റു സഹാബാക്കളും ഇമാമവര്‍കളുടേതു പോലെ ഇക്കാര്യം നബിയില്‍ നിന്നു പകര്‍ന്നെടുത്തെങ്കിലും ഇതുപോലെ പരസ്യമായി വ്യക്തമാക്കിയില്ല. ഇമാമവര്‍കള്‍ തന്നെ പഠിപ്പിച്ചു തന്ന രൂപം വ്യക്തമാക്കിയിട്ടില്ല. വ്യക്തമാക്കുന്നത് അത്തരമൊരു സംഭവമുണ്ടെന്നു മാത്രമാണ്.

തിരുനബിക്കു ശേഷമുള്ള രാഷ്ട്രീയവും സാമൂഹികവുമായ നേതൃത്വത്തിന് ഖിലാഫത് എന്നാണ് ലോകം വ്യവഹരിച്ചത്. ആ നാമം പോലെ ആന്തരിക ഖിലാഫത് എന്നൊരു ദൗത്യവും ശാവലിയുളളവരെ പോലുളളവര്‍ പറഞ്ഞിട്ടുണ്ട്. അതായിരുന്നു സൂഫികള്‍ക്കിടയില്‍ നിലനിന്നിരുന്ന ആത്മ സംസ്‌ക്കരണ പരമായ നേതൃത്വം. ഇതിനു ശൈഖ് എന്നു പില്‍ക്കാലക്കാര്‍ പേരുവിളിച്ചു. 

ഇത്തരത്തില്‍ ആത്മസംസ്‌ക്കരണപരമായ ദൗത്യം ഇമാം അലി(റ) പില്‍ക്കാലക്കാര്‍ക്കു നല്‍കിയത് തന്റെ പുത്രന്‍ ഇമാം ഹസന്‍(റ) അവര്‍കളിലൂടെയായിരുന്നു. തുടര്‍ന്ന് ഇമാം ഹുസൈന്‍(റ) വിലേക്കും ശേഷം ഇമാം സൈനുല്‍ആബിദീനി(റ) ലേക്കും അതതു കാലത്തു തന്നെ ഇത്തരം ഖിലാഫത് കൈമാറ്റംചെയ്യപ്പെട്ടിട്ടുള്ളതായി രേഖകളില്‍ കാണാം. ഇടമുറിയാതെ കാലാകാലങ്ങളില്‍ ഈയൊരു നേതൃത്വകൈമാറ്റം ലോകത്തു നിലനിന്നു.

പരമ്പരകള്‍ പല മഹത്തുക്കളിലും എത്തുമ്പോള്‍ വിവിധ രൂപങ്ങളിലേക്കു വന്നു. ചില മഹത്തുക്കള്‍ കലിമയുടെ കാര്യം കുറേക്കൂടി ഗോപ്യമാക്കി വെച്ചു. അടിത്തറയുടെ കാര്യം അപ്പോഴൊക്കെ ഭദ്രമായിരുന്നതിനാല്‍ ആദ്യകാലക്കാരില്‍ എടുപ്പിന്റെ കാര്യത്തില്‍ തന്നെ ശ്രദ്ധപതിപ്പിച്ചവര്‍ക്കും കുറവു സംഭവിച്ചില്ല. 

ഗോപ്യമാക്കി ഗോപ്യമാക്കി ചില ഗുരുപരമ്പരകള്‍ ഇക്കാര്യം അവരുടെ തുടര്‍ച്ചകളില്‍ മുറിഞ്ഞുപോയി. അതോടെ സംസ്‌കരണം നടത്തി അവര്‍ വളര്‍ത്തിയെടുക്കുന്ന വ്യക്തികള്‍ അടിത്തറയായ കലിമയില്‍ നിന്നും അകന്നുപോയി. കൂടുതല്‍ ജനകീയമായ ഗൂരുക്കന്‍മാരായി വന്ന പലരും ഇത്തരത്തില്‍ അടിത്തറയുടെ കാര്യത്തില്‍ നിന്നകന്നു സഞ്ചരിച്ചു. 

എന്നാല്‍ എല്ലാകാലത്തും വളരെ ന്യൂനാല്‍ന്യൂനപക്ഷം കലിമയുടെ ദൗത്യവാഹകരായി അതു നിലനിന്നുപോരുന്നു. ഇന്ത്യാരാജ്യം ഇത്തരം പരമ്പരയെ കാത്തുസൂക്ഷിക്കുന്നതില്‍ വലിയ ഭാഗ്യംചെയ്ത ഒരു നാടാണ്. ഇവിടെ അതു നിലനിന്നതും ഗോപ്യമായ സ്വഭാവത്തിലൂടെയായിരുന്നു. ശൈഖ് ബാദുഷാ ഖദീറിന്റെ വരവോടൊയാണു ഇക്കാര്യത്തില്‍ ഒരു തുറന്ന പ്രഖ്യാപനമുണ്ടാവുന്നത്. 

കലിമയുടെ രഹസ്യങ്ങളും അതിന്റെ ഗുരുപരമ്പരയുടെ മാഹാത്മ്യവും തന്റെ വിശിഷ്ട ഗ്രന്ഥത്തിലൂടെ കവിതകളിലൂടെ ലോകത്തു പ്രചരിപ്പിക്കപ്പെട്ടു. അതാണു ശൈഖ് യൂസുഫ് സുല്‍താനിലൂടെ കൂടുതല്‍ പ്രചാരണം ചെയ്യപ്പെട്ടത്.

പി.സി ജലീൽ മഹ്ബൂബി