ന്റെമ്മേ… എന്നൊക്കെ വിളിക്കും പോലെ അത്രയും സമീപസ്ഥരായി ബദ്‌രീങ്ങള്‍ സമൂഹമനസ്സാക്ഷിയില്‍ കുടികൊണ്ടു. അത്രയേറെ അടുപ്പമായിരുന്നു അവരുമായി നമ്മുടെ സമൂഹത്തിന്.
ലോകത്ത് ഒരു യുദ്ധത്തിന്റെയും വിജയികള്‍ക്ക് ഇത്തരമൊരു അംഗീകാരം ലഭിച്ചിട്ടുണ്ടാവില്ല. അവരിലെ മുന്നൂറ്റിപ്പതിമൂന്നു പേരുടെയും പേരുകള്‍ ജനങ്ങള്‍ പാരായണം ചെയ്യുന്നു. അവരുടെ നാമങ്ങള്‍ വീടുകളിലും തങ്ങളുടെ മറ്റുകേന്ദ്രങ്ങളിലും അവര്‍ പതിപ്പിക്കുന്നു. അവരുടെ നാമങ്ങള്‍ ഹൃദിസ്ഥമാക്കുന്നു. അവരുടെ നാമങ്ങളില്‍ വലയം പ്രാപിച്ച് ആത്മജ്ഞാനികള്‍ അല്ലാഹുവിലേക്ക് കടന്നുപോയി.
ഏതെങ്കിലും ഒരു യുദ്ധത്തില്‍ പങ്കെടുത്തതു കൊണ്ട് ആര്‍ക്കും ഇത്തരമൊരു പദവി ലഭിക്കുമായിരുന്നില്ല. ഇത്രയേറെ ജനഹൃദയങ്ങളില്‍ ഒരു പോരാളിയും വാഴുമായിരുന്നില്ല. അല്ലാഹു തന്റെ ആദ്യ-അന്ത്യ വിധികളില്‍ അവര്‍ക്കായി പ്രത്യേകം ചിലതു കരുതിവെച്ചതു കൊണ്ടല്ലാതെ.
അക്ഷരാര്‍ഥത്തില്‍ ബദ്‌രീങ്ങള്‍ ഓരോ വ്യക്തിക്കും അയാള്‍ക്കു പുറത്തുള്ള ഒന്നല്ല, സ്വന്തത്തില്‍ തന്നെയുള്ള ഒരു യാഥാര്‍ഥ്യമാണെന്ന തിരിച്ചറിവ് സൂഫികള്‍ പകരുന്നു. ആത്മജ്ഞാനികള്‍ മനുഷ്യനെ അവന്റെ ശരീരത്തിലെ തന്നെ ബദ്‌രീങ്ങളെ ദര്‍ശനവേദ്യമാക്കുന്നു. അതിനായി അവന്‍ പരിശുദ്ധിയെ പ്രാപിക്കണമെന്നു മാത്രം. അങ്ങനെയാണ് ഒരാളും അന്യനെയല്ല, മറഞ്ഞവരെയല്ല, അദൃശ്യമായവരെയല്ല, അഭൗതികമായിട്ടല്ല ഇത്തരം മഹാത്മാക്കളെ വിളിക്കുന്നതെന്ന സത്യം നമുക്കു മനസ്സിലാക്കാനാവൂ.
നബിയേ, അങ്ങ് (അസ്ത്രം)എറിഞ്ഞപ്പോള്‍ അങ്ങല്ല എറിഞ്ഞത്, അല്ലാഹുവാണ് എറിഞ്ഞത് എന്ന് ഖുര്‍ആന്‍ യുദ്ധസന്ദര്‍ഭത്തെ കുറിച്ചു പറയുന്നു. വാസ്തവത്തില്‍ അല്ലാഹുവായിരുന്നു അവിടെ നേരിട്ടിടപെട്ടത്. ബദ്‌റിന്റെ ഏറ്റവും വലിയ മഹത്വം അവിടെ അല്ലാഹുവും റസൂലും ഇറങ്ങി യുദ്ധം ചെയ്തുവെന്നതാണ്. അല്ലാഹു സ്വയം ഇറങ്ങിയെന്നു മാത്രമല്ല. അവന്‍ മലക്കുകളെ അവിടേക്കു നിയോഗിച്ചു. മലക്കുകള്‍ യുദ്ധം ചെയ്തു. എന്തിനാണ്? അല്ലാഹുവിന് സ്വന്തമായി യുദ്ധം ചെയ്തു ജയിക്കാനാവാത്തതു കൊണ്ടോ?
ബദ്‌രീങ്ങളുമായുളള ആത്മീയ ബന്ധത്തെയും അവരിലേക്കുള്ള ആത്മാവിന്റെ ചേരലിനെയും മറ്റെന്തൊക്കെയോ ആയി ചിത്രീകരിക്കുന്നവര്‍ അല്ലാഹു മലക്കുകളെ ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ ഉപയോഗിക്കുന്നതിനും മറുപടി തരേണ്ടി വരും. ഇസ്‌ലാമിന്റെ പ്രതിരോധത്തിന് ഈ മുന്നൂറ്റിപ്പതിമൂന്നു പേര്‍ ആവശ്യമായി വന്നതിന്റെ ആവശ്യകതയും. മുഴുവന്‍ തലമുറകള്‍ക്കുമായി അവരെ ഖുര്‍ആന്‍ സമര്‍പ്പിച്ചതിനും മറുപടി പറയണം. ഒരു ചെറിയ യുദ്ധവേള മാത്രമാണ് അവരുടെ പ്രസക്തിയെങ്കില്‍ ഖുര്‍ആന്‍ പലയിടങ്ങളിലായി ഇത്രത്തോളം അവരെ വാഴ്‌ത്തേണ്ട കാര്യമെന്തായിരുന്നു?
ബദ്റ് യുദ്ധത്തിനു പോകാത്തവരും ബദ്‌രീങ്ങളിലുള്‍പ്പെട്ടിട്ടുണ്ട് എന്ന സത്യം നാം ആലോചിക്കണം. മൂന്നാം ഖലീഫ ഉസ്മാന്‍ (റ) ഭാര്യക്ക് അസുഖമായിരുന്നതിനാല്‍ വീട്ടിലായിരുന്നു. അവര്‍ക്ക് ബദ്‌രീങ്ങളുടെ പട്ടികയില്‍ തുടക്കത്തില്‍ തന്നെ സ്ഥാനമുണ്ടായി. അതാണ് നമ്മെ പ്രചോദിപ്പിക്കേണ്ടത്. വിശ്വാസത്തിന്റെ നിറവില്‍ നാം ബദ്‌രീങ്ങളുടെ ആത്മീയാവസ്ഥകളില്‍ ചേരേണ്ടതുണ്ട്. അവരിലാവേണ്ടതുണ്ട്. അതിലേക്കാണ് മൂന്നാം ഖലീഫയുടെ കാര്യം നമ്മെ വിളിക്കുന്നത്. ഒരു യുദ്ധമുന്നണിയിലെ ആളുകളുടെ മാത്രം പേരല്ല ബദ്‌രീങ്ങള്‍. മറിച്ച് അത് ഒരു ആത്മീയാവസ്ഥ കൈവരിച്ചവരുടെ പേരാണ്. അവരില്‍ അല്ലാഹു ഇറങ്ങിച്ചെന്ന് അവര്‍ക്കായി തന്റെ മലക്കുകളോടൊപ്പം യുദ്ധത്തിനണിനിരക്കുന്നു. അവര്‍ മരിച്ചവരാണെന്ന് നിങ്ങള്‍ വിചാരിക്കുക പോലും അരുത്, അവര്‍ അല്ലാഹുവിങ്കല്‍ എല്ലാം നല്‍കപ്പെടുന്ന ജീവനുറ്റവരാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഖുര്‍ആന്റെ പ്രഖ്യാപനം അവര്‍ നാം ജീവിച്ചിരിക്കുന്നവരാണെങ്കില്‍ നമുക്ക് പ്രാപ്യരാണെന്ന് ബോധ്യപ്പെടുത്താന്‍ കൂടിയാണ്.
ആത്മജ്ഞാനികളായ ശൈഖുമാരിലൂടെ ബദ്‌രീങ്ങളിലേക്ക് ചെന്നുചേരാനും അവരുടെ ആത്മീയ പദവികളില്‍ അണിനിരക്കാനും അല്ലാഹു അവസരമൊരുക്കുന്നു. അതുകൊണ്ടാണ് ഒരു യുദ്ധം കഴിഞ്ഞു മടങ്ങുമ്പോള്‍ തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം നാം ചെറിയ യുദ്ധത്തില്‍ നിന്നു വലിയ യുദ്ധത്തിലേക്കു പോവുകയാണെന്നു പറഞ്ഞത്. വലിയ യുദ്ധം ആത്മീയ പരിശ്രമമാണ്. അതിലേക്കാണ് അവര്‍ വിളിക്കപ്പെട്ടത്. അതാണ് അവരെ ഉന്നതരാക്കിയത്. യുദ്ധത്തോടൊപ്പം വലിയ യുദ്ധത്തിലും വിജയം കൈവരിക്കാനായതാണ് അവരെ ശ്രേഷ്ഠരാക്കിയത്. അതിനാല്‍ വലിയ യുദ്ധത്തിലൂടെ അവരിലേക്ക് ചേരാനും നമുക്ക് വലിയ അവസരം അല്ലാഹു തുറന്നിട്ടിട്ടുണ്ട്.
പി.സി. ജലീൽ മഹ്ബൂബി
Connect with Us