തിരുനബി(സ്വ)യോട് അല്ലാഹു പറഞ്ഞത് അങ്ങയെ ലോകങ്ങള്‍ക്കു റഹ്മത്തായി മാത്രമാണ് നിയോഗിച്ചിരിക്കുന്നതെന്നാണ്. അതിനാല്‍ അവിടുന്ന് തന്നെയാണ് റഹ്മത്ത്. അത് മാത്രമാണ് കാരുണ്യം. അവിടുത്തെ കാരുണ്യത്തെ പകരലാണ് ഏറ്റവും വലിയ ജീവകാരുണ്യം.
അല്ലാഹുവിന്റെ റഹീമിയ്യായ കാരുണ്യത്തെയാണ് ഈ വചനത്തിലുദ്ദേശിച്ചത്. അത് അവരെ പരിപൂര്‍ണ്ണതയുടെ അവസ്ഥയിലേക്ക് സന്‍മാര്‍ഗദര്‍ശനം ചെയ്യുന്നു. തിരുനബിയാണ് പരിപൂര്‍ണ്ണതയുടെ വിശ്വരൂപം. അതിലേക്കാണ് ലോകത്തെ നയിക്കേണ്ടത്. അതിനായുള്ള തേട്ടമാണ് റഹ്മത്തിന്റെ പത്തില്‍ നിന്നു നമുക്കു ലഭിക്കേണ്ടത്.
അല്ലാഹുവിന്റെ കോപത്തെ അവന്റെ കാരുണ്യം അതിജയിച്ചിരിക്കുന്നു. അതിനാല്‍ തിരുനബിയിലൂടെ അവര്‍ക്ക് ലഭിക്കുന്നത് ശിക്ഷയില്‍ നിന്നുള്ള നിര്‍ഭയത്വം കൂടിയാണ്. അതാണ് റഹ്മാനിയ്യത്തിന്റെ ഭാഗത്തു കൂടെയുള്ള റഹ്മത്ത്.
റഹ്മത്തിന്റെ പത്തിലൂടെ നമുക്ക് തിരുനബി(സ്വ)യാകുന്ന കാരുണ്യത്തെ സ്വീകരിക്കാനും അതിലേക്കുയരാനും അവസരമൊരുങ്ങണം.
തിരുനബിയില്‍ നിന്നു തന്നെയാണ് മഗ്ഫിറത്തും. നമ്മുടെ അസ്തിത്വമാണല്ലോ ഏറ്റവും വലിയത്. അതില്‍ നിന്നു നാം തിരുനബിയിലേക്കു മടങ്ങുകയാണ് വേണ്ടത്. ഏറ്റവും വലിയ ആ റഹ്മത്തില്‍ നിന്നാണ് നാമെല്ലാം സൃഷ്ടിലോകത്തെത്തിയത്. എല്ലാവരും അതില്‍ നിന്നുണ്ടായതാണ്. അതിനാല്‍ ആ മൗലികതയിലേക്കുള്ള മടക്കമാണ് നാം ആശിക്കുന്നത്. അതാണ് റഹ്മത്ത്.
തിരുനബി(സ്വ) ഒരിക്കല്‍ പറയുകയുണ്ടായി: എന്റെ ജീവിതം നിങ്ങള്‍ക്ക് ഖൈറാണ്. എന്റെ മരണവും നിങ്ങള്‍ക്ക് ഖൈറാണ്. അപ്പോള്‍ സ്വഹാബത്ത് ചോദിച്ചു: നബിയേ ജീവിതത്തിലെ ഖൈറെന്താണെന്ന് ഞങ്ങള്‍ക്ക് കാണാനാവുന്നുണ്ട്. എന്നാല്‍ അങ്ങയുടെ വേര്‍പാടിലെ ഖൈറ് എന്തായിരിക്കും?. തിരുനബി(സ്വ) പറഞ്ഞു: എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നിങ്ങളുടെ കര്‍മ്മങ്ങള്‍ എനിക്ക് വെളിവാക്കപ്പെടും. നന്മയാണെങ്കില്‍ ഞാന്‍ അല്ലാഹുവെ സ്തുതിക്കും. തിന്മയാണേല്‍ ഞാന്‍ നിങ്ങള്‍ക്കായി അല്ലാഹുവോട് പൊറുക്കലിനെ തേടും.
സ്‌നേഹത്തിന്റെ അങ്ങേയറ്റത്തെ ഈ വാക്ക് ഒരു പ്രതീക്ഷയും ആശ്രയവുമാണ്. അതില്‍ റഹ്മത്തും മഗ്ഫിറത്തുമുണ്ട്. തിരുനബി(സ്വ) ആകുന്ന കാരുണ്യം തന്നെയാണ് നമുക്ക് മഗ്ഫിറത്ത്.
തിരുനബി(സ്വ) റഹ്മത്തിന്റെ മുഖവുരയായിരുന്നു. അതു പോലെ അതിന്റെ അന്ത്യവും. അസ്തിത്വത്തിന്റെ തുടക്കവും ഒടുക്കവും റഹ്മത്തായി.
തിരുനബി(സ്വ)നിഷേധികള്‍ക്കടക്കം കാരുണ്യമായാണ് വന്നത്. അവരുടെ ശിക്ഷ മാറ്റിവെക്കുന്നത് തിരുനബി(സ്വ)യുടെ അഭ്യര്‍ഥന മാനിച്ചാണ്.
റമളാന്‍ എന്നാല്‍ കരിക്കലാണ്. ഹഖിന്റെ നൂറിലൂടെ നഫ്‌സിനെ കരിക്കലാണ് അതിന്റെ ഉദ്ദേശ്യമെന്ന് ഇബ്‌നു അറബി തങ്ങള്‍ പറയുന്നു. അപ്പോള്‍ റമളാന്‍ പാപങ്ങളെ കരിക്കലാണ്. ഏറ്റവും വലിയ പാപം നമ്മുടെ ഉണ്മ തന്നെയാണല്ലോ. ആ നഫ്‌സിനെ കരിച്ച് ഇല്ലാതാക്കാന്‍ നാം തിരുനബിയെത്തന്നെ കൂട്ടുപിടിക്കുന്നു. അപ്പോഴേ ഖുര്‍ആന്‍ ഇറങ്ങൂ. അപ്പോള്‍ അവന്‍ നോമ്പ് എന്ന് പറയപ്പെടുന്ന അല്ലാഹു അല്ലാത്ത എല്ലാറ്റില്‍ നിന്നും മാറിനില്‍ക്കുകയെന്ന, എല്ലാറ്റില്‍ നിന്നും ഒഴിവാകുകയെന്ന അവസ്ഥ കൈവരിക്കണം.
ജലീല്‍ പി.സി മഹ്ബൂബി
Connect with Us