അതിമനോഹരമായ ഒരു ഉദ്യാനത്തിന് നടുവില്‍ ഇരുന്ന് സുസ്മേര വദനനായി ഗുരു പറഞ്ഞുതുടങ്ങി. ഗുരു അന്ന് ഏറെ ആഹ്ലാദവാനായിരുന്നു. ഗുരുവിന്റെ വാക്കുകള്‍ക്ക് സാകൂതം കാത്തിരുന്ന ശിഷ്യന്‍ ചുറ്റുമൊന്ന് കണ്ണോടിച്ചു. അത്യന്തം ഹൃദയ ഹാരിയായ ഒരു ഉദ്യാനം. താനിന്നുവരെ ഇതുപോലൊരു ഉദ്യാനം കണ്ടിട്ടില്ലെന്ന് ശിഷ്യന്‍ ആലോചിച്ചു. വാക്കുകള്‍ക്കതീതമായ അവര്‍ണ്ണനീയമായ കാഴ്ചകള്‍, പൂക്കളും പുഴകളും പൂമ്പാറ്റകളുമായി അനിര്‍വ്വചനീയമായൊരു അനുഭൂതി പകരുന്ന വിസ്മയകരമായൊരു പൂന്തോപ്പ്. ആ അത്ഭുതച്ചെപിന് നടുവില്‍ സുഗന്ധവാഹിനിയായ പനിനീരിനെപ്പോലെ ഗുരുവിന്റെ സാന്നിധ്യം. “സകല പ്രപഞ്ചമത്രയും ഈ തിരുവസന്തത്തിന്റെ പ്രകീര്‍ത്തനങ്ങളാണ്” ഗുരു പറഞ്ഞുതുടങ്ങി. സകല സൃഷ്ടിജാലങ്ങളും ഈ വസന്തത്തിന്റെ നിര്‍ഭരതയിലാണ് സായൂജ്യരാകുന്നത്. ശിഷ്യന്‍ ഗുരുവിനെത്തന്നെ ശ്രദ്ധിച്ചിരുന്നു. പക്ഷികളുടെ കളകൂജനങ്ങളില്‍ തന്റെ ചിന്ത പതറുമോ എന്ന് ശിഷ്യന്‍ ഭയപ്പെട്ടു.
ഗുരു തുടര്‍ന്നു,
ഈ പ്രപഞ്ചത്തിന്റെ വസന്തമാണ് തിരുനബി.
ഈ പ്രകൃതിയുടെ സൗന്ദര്യമാണ് തിരുനബി.
സൃഷ്ടികളുടെ അനുഗ്രഹപൂര്‍ണ്ണിമയാണ് തിരുനബി.
സൃഷ്ടാവിന്റെ സനേഹസാഫല്യമാണ് തിരുനബി.
താന്‍ അറിയപ്പെടണമെന്ന ഉല്‍ക്കടലമായ അഭിലാഷത്തിന്റെ അവതാരമായി ആ തിരു ഒളി വിടര്‍ന്നതോടെ വസന്തത്തിന്റെ പ്രകീര്‍ത്തനങ്ങള്‍ ആരംഭിക്കുകയായി. പിന്നീടങ്ങോട്ട് അനന്തകാലം അനശ്വരമായി അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്നത് അവിടുത്തെ പ്രകീര്‍ത്തനങ്ങള്‍ മാത്രമാണ്. ശിഷ്യന്‍ അമ്പരപ്പോടെ ഗുരുവിനെ കേട്ടിരുന്നു.
അത്രയും സന്തുഷ്ടനായി മറ്റെന്നെങ്കിലും ഗുരുവിനെ ദര്‍ശിച്ചിരുന്നുവോ എന്ന് ശിഷ്യന്‍ സംശയിച്ചുപോയി.
മകനേ, ആ വസന്തത്തിന്റെ സുരഭിലതയിലാണ് അല്ലാഹു സായൂജ്യം തേടുന്നത്. എല്ലാം എന്റെ തൃപ്തി തേടുമ്പോള്‍ ഞാന്‍ താങ്കളുടെ തൃപ്തി കാംക്ഷിക്കുന്നു മുഹമ്മദേ എന്നാണ് അല്ലാഹു പറയുന്നത്.
മകനേ, ഏറ്റവും വലിയ പ്രവാചകസ്നേഹി ആരാണെന്നറയാമോ... ഗുരുവിന്റെ ചോദ്യത്തിന് മുന്നില്‍ ശിഷ്യന്‍ മൗനിയായി. ഗുരു തന്നെ ഉത്തരം പറഞ്ഞു. ഈ വസന്തത്തിന്റെ സൗന്ദര്യം ഏറ്റവും കൂടുതലായി ആഗ്രഹിച്ചത് അല്ലാഹു തന്നെയാണ്. അവന്‍ തന്നെയാണ് ഏറ്റവും വലിയ പ്രവാചക സ്നേഹി. തന്റെ പേരിനൊപ്പം തിരുനബിയുടെ പേര് ചേര്‍ത്തുവെച്ചതിലൂടെ, ഭൂമിയുടെ ആഴങ്ങളിലേക്കിറങ്ങിയ വേരുകളുള്ള, ആകാശങ്ങളില്‍ പടര്‍ന്നു നില്‍ക്കുന്ന ശിഖരങ്ങളുള്ള ഒരു മഹാ വൃക്ഷമാക്കി അതിനെ മാറ്റിയതിലൂടെ, പ്രപഞ്ചത്തിലെ സകലതിനും ജീവിത വിജയ വാക്യമായി അതിനെ നിശ്ചയിച്ചതിലൂടെ അത്യന്തം ആനന്ദകരമായൊരു പ്രവാചക പ്രകീര്‍ത്തന വിരുന്നൊരുക്കുകയായിരുന്നു അല്ലാഹു. ഗുരുവിന്റെ ജ്ഞാന ചൈതന്യം അനുഗ്രഹമായി ശിഷ്യനില്‍ പെയ്തിറങ്ങി.
ഗുരു തുടര്‍ന്നു, മകനേ, ഖുര്‍ആനിലെ ഓരോ സൂക്തവും അവിടുത്തെ പ്രകീര്‍ത്തനങ്ങളാണ്. അവിടുത്തെ തിരുവദനത്തിന്റെ തേജസ്സ് മുന്‍നിര്‍ത്തിയാണ് അല്ലാഹു സത്യം ചെയ്യുന്നത് അവിടുത്തെ മനോഹരമായ കാര്‍കൂന്തലിനെ മുന്‍നിര്‍ത്തിയാണ് അല്ലാഹു സത്യം ചെയ്യുന്നത്. ഒടുവില്‍ പ്രപഞ്ചത്തിനത്രയും അനുഗ്രഹീത സാന്നിധ്യമായി അവിടുത്തെ പ്രഖ്യാപിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തു. തന്നെപ്പോലെ തന്റെ മാലാഖമാരെപ്പോലെ പ്രവാചക പ്രകീര്‍ത്തന നിരതരാകാന്‍ സര്‍വ്വരോടും ആജ്ഞാപിക്കുകയും ചെയ്തു.
മകനേ, ഇത് വെറുമൊരു പിറവിയുടെ നിമിഷമല്ല. തിരിച്ചറിവിന്റെ നിമിഷമാണ്. തന്റെ ആത്മ സാക്ഷാല്‍ക്കാരത്തിന്റെ സാക്ഷ്യമായി തനിക്കുള്ളില്‍ പ്രോജ്ജ്വലിച്ചു നില്‍ക്കുന്ന തിരുനബിയെ തിരിച്ചറിയുമ്പോഴാണ് ഈ തിരുപ്പിറവിയുണ്ടാകുന്നത്. വസന്തം വിടര്‍ന്നു പരിലസിക്കുന്നതപ്പോഴാണ്. പിന്നീട് ഓരോ ശ്വാസവും ആ വസന്തത്തിന്റെ പരിമളമാണ്. പിന്നീട് ഓരോ നിമിഷവും ആ വസന്തത്തിന്റെ അനുഭൂതിയാണ്.
മകനേ, അല്ലാഹുവിന്റെ വാക്കുകള്‍ നീ ശ്രദ്ധിച്ചുകേള്‍ക്കുക.
സഗൗരവം ഗുരു തുടര്‍ന്നു.
അല്ലയോ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള ഉപദേശം നിങ്ങള്‍ക്ക് വന്നുകഴിഞ്ഞു. നിങ്ങളുടെ ഹൃദയങ്ങളെ മഥിക്കുന്നവര്‍ക്ക് ഔഷധവും വിശ്വാസികള്‍ക്ക് സന്മാര്‍ഗ്ഗവും അനുഗ്രഹവും കാരുണ്യവും. നബിയേ, അങ്ങ് പറയുക, അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും കൊണ്ട് അതുകൊണ്ട് നിങ്ങള്‍ സന്തോഷവാന്‍മാരാകുക. അവര്‍ സമ്പാദിച്ചുകൂട്ടുന്നതിനേക്കാളൊക്കെ അഭികാമ്യമത്രെ അത്.
മകനേ,
ആരാണ് അല്ലാഹുവിന്റെ ഉപദേശം...
ആരാണ് നിന്റെ ഹൃദയ ശാന്തി...
ആരാണ് നിന്റെ അനുഗ്രഹം...
ആരാണ് നിനക്ക് മാര്‍ഗദര്‍ശനം...
ആരാണ് നിനക്ക് കാരുണ്യകേദാരം...
ആരാണ് നിന്റെ സന്തോഷഹേതുകം...
ശിഷ്യന് ഒരു ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശിഷ്യന്‍ ഗുരുവിനെ ധ്യാനിച്ചു. ശിഷ്യന്റെ ഹൃദയം ഗുരുവിന് ഉത്തരം നല്‍കി. പുഞ്ചിരിതൂകി ഗുരു തുടര്‍ന്നു.
തിരുവസന്തം വിരിയേണ്ടത് നിന്നിലാണ്.
നിന്റെ ഹൃദയത്തിലാണ്.
നിന്റെ ആത്മാവിലാണ്.
നിന്റെ ശ്വാസത്തിലാണ്.
നിന്റെ ജ്ഞാനത്തിലാണ്.
പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ശരിതെറ്റുകളെക്കുറിച്ച് വാദപ്രതിവാദങ്ങളിലേര്‍പ്പെടും മുമ്പ് നീ നിന്നിലേക്ക് തന്നെ നോക്കുക. നിന്നിലെ പ്രവാചകനെ തിരിച്ചറിയാനായില്ലെങ്കില്‍ നീ എങ്ങനെ അവരെ പ്രകീര്‍ത്തിക്കും? നിന്നിലെ പ്രവാചകനെ ജീവസ്സുറ്റതാക്കാന്‍ സാധിച്ചാലോ, പിന്നെ നിന്റെ ജീവിതമത്രയും അവിടുത്തെ പ്രകീര്‍ത്തനം തന്നെയല്ലെ. തിരിച്ചറിവിന്റെ ധന്യതയില്‍ ശിഷ്യന്‍ സായൂജ്യനായി. സ്നേഹാതിരേകത്തോടെ ശിഷ്യന്‍ ഗുരുവിനെ നോക്കി.
ഗുരു തുടര്‍ന്നു:
മകനേ, തിരുപ്പിറവിയുടെ ഈ അനുഗ്രഹീത നിമിഷം നിത്യവസന്തമായി നിന്നില്‍ പൂത്തുലയട്ടെ. പൈശാചികതയുടെ കത്തിയാളുന്ന വേനലുകളില്ലാതെ കാതടപ്പിക്കുന്ന മേഘ ഗര്‍ജ്ജനങ്ങളോടെയെത്തുന്ന നഫ്സിന്റെ വര്‍ഷങ്ങളില്ലാതെ, സിരകളില്‍ ലഹരി പടര്‍ത്തുന്ന ദേഹേച്ഛകളുടെ ശിശിരങ്ങളില്ലാതെ, ആത്മാവിന്റെ അനുഗ്രഹീത സാന്നിധ്യമായി തിരുപ്പിറവിയുടെ പുണ്യവസന്തം നിന്നിലെന്നെന്നും നിറഞ്ഞു നില്‍ക്കട്ടെ. ആ വസന്തത്തിന്റെ ശീതളച്ഛായയിലാണ് സ്വര്‍ഗീയ ആരാമങ്ങള്‍ ആഹ്ലാദഭരിതമാകുന്നത്. ആ വസന്തത്തിന്റെ മന്ദമാരുതനിലാണ് സ്വര്‍ഗീയ അരുവികള്‍ താളം പിടിക്കുന്നത്. ആ വസന്തത്തിന്റെ അപാര സൗന്ദര്യം ആസ്വദിച്ചാണ് സ്വര്‍ഗീയ പക്ഷികള്‍ പാട്ടുപാടുന്നതും.
ശിഷ്യന്‍ ഗുരുവിനെത്തന്നെ ശ്രദ്ധിച്ചു നോക്കി.
കളകളാരവം പൊഴിക്കുന്ന പുഴകള്‍!
പുഞ്ചിരി തൂകുന്ന പുഷ്പങ്ങള്‍..!
പറന്നുല്ലസിക്കുന്ന പൂമ്പാറ്റകള്‍!
ശ്രവണ സുന്ദരമായ സംഗീതവുമായി ഇളം തെന്നല്‍ !
എല്ലാത്തിനും നടുവില്‍ അനുഗ്രഹ വര്‍ഷമായി ഗുരു
ശിഷ്യന്‍ കണ്ണുകളടച്ച് ധ്യാനനിമഗ്നനായി ഇരുന്നു. ആ നിത്യവസന്തത്തിന്റെ നിറസാന്നിധ്യത്തില്‍
തന്നിലെ തിരുപ്പിറവിക്കായി
വസന്തത്തിന്‍റെ വിസ്മയത്തിനായി
അപ്പോഴും ശിഷ്യന്റെ ആത്മാവിനുള്ളില്‍ ഗുരു മൊഴിയുന്നുണ്ടായിരുന്നു:
“മകനേ, നിന്നിലാണ് പ്രവാചകന്‍; നിന്റെ ജീവിതമാണ് ഏറ്റവും വലിയ പ്രവാചക പ്രകീര്‍ത്തനം.”
നബീല്‍ സുല്‍ത്താനി
Connect with Us