Top pics

6/recent/ticker-posts

ലൈലതുല്‍ ഖദ്ര്‍: അല്ലാഹുവിൻ്റെ സൗന്ദര്യം വിശ്വാസിയിൽ ഇറങ്ങുന്ന രാത്രി



ഖദ്ര്‍ എന്നാല്‍ ഒരു പ്രകാശമാണെന്ന് ഇമാം അഹ്മദ് ഇബ്‌നു ഉമര്‍ എന്നവര്‍ പറഞ്ഞിട്ടുണ്ട്. നെഞ്ചകങ്ങളെ തുറന്നുവിടര്‍ത്തുന്ന ഒരു പ്രകാശം. തിരുനബിയുടെ സൗന്ദര്യപ്രകാശമാണത്. ആ പ്രകാശത്തിന്റെ രാത്രിയാണ് ലൈലതുല്‍ ഖദ്ര്‍. അതിനേക്കാളും മഹത്തരമായി വല്ലതുമുണ്ടോ. ആയിരം മാസങ്ങള്‍ കൊണ്ടോ വര്‍ഷങ്ങള്‍ കൊണ്ടോ അത്തരമൊരു മഹത്തരമായ പ്രകാശത്തിനു സമാനമായി ഒന്നുമുണ്ടാവില്ല.

ഖുര്‍ആനിലെ ലൈലതുല്‍ ഖദ്ര്‍ എന്ന പരാമര്‍ശത്തെ കുറിച്ചു ശൈഖുല്‍ അക്ബര്‍ മുഹിയിദ്ദീന്‍ ഇബ്‌നു അറബി തങ്ങള്‍ പറഞ്ഞത് അത് മുഹമ്മദിയ്യായ സൃഷ്ടിപ്രകൃതമെന്നാണ്. അല്ലാഹുവിന്റെ ഏറ്റവും ഉല്‍കൃഷ്ടമായ സൃഷ്ടിപ്രകൃതി തിരുനബിയുടേതായിരുന്നു. അതിന്റെ യാഥാര്‍ഥ്യമായിരുന്നു ലൈലതുല്‍ ഖദ്ര്‍. അതിലേക്കു മാത്രമെ ഖുര്‍ആന്‍ അവതരിക്കൂ. ഖുര്‍ആന്റെ സത്യപ്രകാശം ചേരൂ. അല്ലാഹുവിന്റെ സത്തയുടെ തൗഹീദിലുള്ള സാക്ഷിത്വത്തിലൂടെയാണ് അതിലേക്കു ചേരുക. ഖല്‍ബിന്റെ മഖാമില്‍ അതില്ല.

ഖദ്ര്‍ എന്നാല്‍ തിരുനബിയുടെ മഹത്വവും പരിശുദ്ധിയുമാണെന്നും ഇബ്‌നു അറബി തങ്ങള്‍ പറയുന്നു. ആയിരം വര്‍ഷങ്ങളെന്നല്ല, മുഴുവന്‍ കാലത്തിലും ശ്രേഷ്ടം അതുതന്നെയായിരിക്കും തീര്‍ച്ച.

ലൈലതുല്‍ ഖദ്ര്‍ ആരിഫുകള്‍ക്ക് ആബിദുകളുടെ ആയിരം രാത്രികളേക്കാള്‍ അത്യുന്നതമാണെന്നാണ് ലൈലത്തുല്‍ ഖദ്റിനെ കുറിച്ച ഖുര്‍ആന്‍ ആയത്തിന്റെ വ്യാഖ്യാനമെന്നു പറയപ്പെട്ടിട്ടുണ്ട്. കാരണം അതിന്റെ ഖജാനകള്‍ ഇബാദത്തുകളാല്‍ നിര്‍ഭരമാണ്

അല്ലാഹു തന്റെ ആരിഫുകള്‍ക്ക് അവന്റെ സൗന്ദര്യത്തെ വെളിവാക്കുന്ന രാത്രി, സമീപസ്ഥരായ തന്റെ സാക്ഷിത്വത്തെ പ്രാപിച്ചവര്‍ക്കും. അവര്‍ക്കുള്ള മഅ്‌രിഫത്തിന്റെയും കശ്ഫിന്റെയും സ്ഥാനമനുസരിച്ച് അത് സമ്മാനിക്കുന്നു. ആ രാത്രിയില്‍ മലക്കുകളും റൂഹും ഇറങ്ങും. വിസ്വാലിന്റെ സന്തോഷവാര്‍ത്തയുമായി. സൗന്ദര്യത്തിന്റെ വിപാടനവുമായും.

സഹല്‍ എന്നവര്‍ പറയുകയുണ്ടായി: ആ രാത്രിയിലാണ് അടിമകള്‍ക്കു അവന്റെ കാരുണ്യം കണക്കാക്കപ്പെട്ടത്. മലക്കുകള്‍ ഇറങ്ങുന്നത് ആരിഫുകളുടെ ഹൃദയങ്ങള്‍ക്ക് ആശ്വാസമായാണ്.

ലൈലതുല്‍ ഖദ്റിലൂടെ തിരുനബിയുടെ തിരുപ്രകാശത്തിലേക്കുളള വഴിയാണു തുറക്കേണ്ടത്. അതില്ലാത്തവരുടെ ആയിരം മാസങ്ങളുടെ ആരാധനകളേക്കാളും അതുള്ളവന്റെ ഒരു നിമിഷം ശ്രേഷ്ടമെന്നാണു മൊത്തത്തില്‍ പറയപ്പെട്ടിരിക്കുന്നത്. തിരുനബിയിലേക്കു ചേരുന്ന ഇത്തരം പ്രകാശാത്മാക്കളുടെ ഒരു പരമ്പരയിലൂടെ ആ തിരുപ്രകാശത്തിന്റെ ഭാഗമാകാന്‍ ഈ രാവില്‍ പ്രാര്‍ഥിക്കുക. അല്ലാഹു സ്വീകരിക്കട്ടെ…

പി. സി. ജലീൽ മഹ്ബൂബി