"മനുഷ്യനേയും ജിന്നുകളേയും ഞാൻ പടച്ചത് എന്നെ ആരാധിക്കാൻ വേണ്ടി മാത്രമാണ്" (51:56)
മനുഷ്യ ജന്മത്തിന്റെ സുപ്രധാന ലക്ഷ്യം തന്നെ സൃഷ്ടാവു തന്റെ ഉടമസ്ഥനെ തിരിച്ചറിയലാണ്. അല്ലാഹു പ്രവാചകൻമാരെ അയച്ചതും വേദഗ്രന്ധങ്ങൾ ഇറക്കിയതും ഈ ഒരു ലക്ഷ്യത്തിനു വേണ്ടിയാണ്. മേലുദ്ധരിച്ച സൂക്തത്തിലെ "ആരാധിക്കാൻ - ليعبدون" എന്നതിന്റെ അർത്ഥം അല്ലാഹുവിനെ തിരിച്ചറിയലാണെന്നാണ് ഇബ്നു അബ്ബാസ്(റ) പറഞ്ഞത്.
തിരിച്ചറിയുക എന്നാൽ ഒരു സൃഷ്ടാവുണ്ടെന്ന അറിവു മാത്രമല്ല. ആത്മാവാണ് മനുഷ്യ യാഥാർത്ഥ്യമെന്ന് വിശുദ്ധ ഖുർആൻ വിവിധ സന്ദർഭങ്ങളിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ദൈവിക യാഥാർത്ഥ്യത്തെ മനസ്സിലാക്കാനുള്ള കഴിവ് ആത്മാവിനുണ്ട്. താഴെ പറയുന്ന സൂക്തം അത് വിശദീകരിക്കുന്നുണ്ട്.
"നിന്റെ നാഥൻ മലക്കുകളോട് പറഞ്ഞ സന്ദർഭം നിശ്ചയമായും മുട്ടിയാൽ മുഴങ്ങുന്ന, ഗന്ധമുള്ള, കറുത്ത കളിമണ്ണിൽ നിന്ന് നാം മനുഷ്യനെ സൃഷ്ടിക്കുവാൻ പോവുകയാണ്. അങ്ങനെ ഞാൻ അവനെ രൂപപ്പെടുത്തുകയും എന്റെ ആത്മാവിൽ നിന്ന് അവനിൽ ഞാൻ ഊതുകയും ചെയ്‌താൽ നിങ്ങളെല്ലാവരും അവന് പ്രണാമമർപ്പിക്കുന്നവരായിത്തീരണം." (15:28-29)
ചുറ്റുമുള്ള വസ്തുക്കളെ നോക്കി നാം അത്ഭുതം കൂറാറുണ്ട്. എന്നാൽ മഹാത്ഭുതം നാമാണെന്ന് തിരിച്ചറിയുന്നില്ല. നമ്മുടെ ബാഹ്യവും ഐഹികവുമായ പ്രകൃതത്തിലേക്ക് നാം ഒതുങ്ങുകയാണ്. നമ്മുടെ മഹത്തായ യാഥാർത്ഥ്യത്തെ കുറിക്കുന്ന പരിശുദ്ധ ആത്മാവിനെ നാം നമസ്കരിക്കുന്നു.
നിർഭാഗ്യവശാൽ, നാനാവിധ അന്ധകാരങ്ങളുടെ ബന്ധനങ്ങൾ നമ്മെ അശക്തരാക്കിയിരിക്കുന്നു. അജ്ഞതയുടെ അന്ധകാരം, അഹങ്കാരത്തിന്റെ അന്ധകാരം, ആർത്തിയുടെ അന്ധകാരം, അനിയന്ത്രിതാസക്തിയുടെ അന്ധകാരം, മനുഷ്യന്റെ മൃഗീയതയുടെ അന്ധകാരം, പൈശാചികതയുടെ അന്ധകാരം. ഇതിൽ നിന്നുള്ള മോചനം എങ്ങനെ സാധിക്കും. അന്ധകാരം നാനവിധമാണ്. എന്നാൽ പ്രകാശം ഒന്നേയുള്ളൂ. ഈ പ്രകാശം തെളിക്കാതെ എങ്ങനെ അന്ധകാരത്തെ അകറ്റാനാവും. ഒരു വഴികാട്ടിയില്ലാതെ ആ ഇരുട്ടിൽ നാം എങ്ങനെ മുന്നോട്ടു പോകും. പ്രകാശം നമ്മളിൽ തന്നെയുണ്ട്. എന്നാൽ നമ്മൾ കാണുകയോ തിരിച്ചറിയുകയോ ചെയ്യുന്നില്ല. വിശുദ്ധ ഖുർആൻ പറയുന്നു : "സത്യത്തിൽ അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല, നെഞ്ചുകളിലെ മനസ്സുകളേയാണ് .
എല്ലാ പ്രവാചകന്മാരും അല്ലാഹുവിലേക്കുള്ള ആത്മീയ വഴികാട്ടികളായിരുന്നു. ഹൃദയങ്ങളെ പ്രകാശിപ്പിച്ച വിളക്കുകളായിരുന്നു അവർ. അവരിലൂടെ അവരുടെ പ്രതിനിധികളിലൂടെയുമല്ലാതെ തന്നിലെ പ്രകാശത്തെ തിരിച്ചറിയാനാവില്ല. "നിങ്ങൾക്കിതാ അല്ലാഹുവിൽ നിന്ന് ഒരു പ്രകാശവും (മുഹമ്മദ് നബി(സ)) ഒരു ഗ്രന്ഥവും വന്നിരിക്കുന്നു." (5: അൽ മദീന -15) തന്റെ ഹൃദയത്തിലെ ഭൗതിക ബിംബങ്ങളെ ഒരു വിശ്വാസി തകർത്തു തരിപ്പണമാക്കുന്നത് ഈ അർപ്പണത്തിലൂടെയും സ്നേഹത്തിലൂടെയും ആണ്. അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കുമുള്ള മാർഗതടസ്സങ്ങളൊക്കെയും ഒരു വിശ്വാസിക്ക് മറികടക്കാനാവും. അല്ലാഹു നമ്മുടെ ഹൃദയങ്ങളെ കലിമയുടെ പ്രകാശത്താൽ പ്രശോഭിതമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമാറാവട്ടെ.
സാലിഹ് മഹ്ബൂബി
പരിഭാഷകൻ : അഷ്റഫ് മഹ്ബൂബി
Connect with Us