Top pics

6/recent/ticker-posts

‘ബദ്റിൻ്റെ പാഠങ്ങള്‍; യാഥാര്‍ഥ്യങ്ങള്‍’



റമളാന്‍ 17. നമ്മുടെ നാടുകളില്‍ ബദ്‌രീങ്ങളുടെ പേരിലുള്ള നേര്‍ച്ചകളും നോമ്പ്തുറ പാര്‍ട്ടികളും വഅള് പ്രോഗ്രാമുകളും അരങ്ങുവാഴുന്ന ദിനമാണ് കൂടെ ചടങ്ങിനെന്ന പോലെ നടത്തപ്പെടുന്ന ബദ്ര്‍ മൗലിദിന്റെയും ബദ്ര്‍ ബൈതിന്റെയും ബദ് രീങ്ങളുടെ നാമോച്ചാരണത്തിന്റെയും മറവില്‍ മതപുരോഹിതരുടെ പോക്കറ്റുകളന്ന് നിറയും. മൗലിദാഘോഷത്തിനും നോമ്പ്തുറക്കും ശേഷം വയര്‍ നിറയെ അന്നം കഴിച്ചതിന്റെ ആലസ്യത്തില്‍ തറാവീഹ് നിസ്കാരിത്തിന് പോലും പുറത്തിറങ്ങാന്‍ പറ്റാത്ത വിധം നിരവധിയാളുകള്‍ വീടുകളില്‍ കിടന്നുറങ്ങും.

ബദ്ര്‍ ദിനത്തെക്കുറിച്ചെഴുതുന്പോള്‍ ഇത്തരമൊരാമുഖം തീര്‍ത്തും വിരസമാണെന്നറിയാം. എന്നാലും നമ്മുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത് എവിടെയാണെന്ന് ചിന്തിക്കാതിരിക്കാനാവുന്നില്ല.

സത്യത്തില്‍ ബദ്ര്‍ പറ‍ഞ്ഞുതരുന്ന യാഥാര്‍ത്ഥ്യമെന്താണ്? ബദ്‌രീങ്ങള്‍ ആരായിരുന്നു? ഇസ്ലാമില്‍ അവര്‍ക്കുള്ള പ്രാധാന്യമെന്ത്? ഇസ്ലാമില്‍ ഇന്ന് അവരുടെ അനന്തരാവകാശികളെന്ന് പറയുന്ന നാം സത്യത്തില്‍ ആരുടെ പക്ഷത്താണ്? ബദ്ര്‍ നടക്കുന്നത് ഇന്നാണെങ്കില്‍ ബദ്‌രീങ്ങള്‍ യുദ്ധം ചെയ്യുന്നത് ആരോടായിരിക്കുമെന്നെല്ലാമുള്ള ചിന്ത സത്യവിശ്വാസിയുടെ ഹൃദയത്തെ ഉണര്‍ത്തേണ്ടതുണ്ട്.

ബദ്റിന്റെ ചരിത്രാവലോകനമല്ല ഉദ്ദേശിച്ചത്. അത് ഇന്ന് ധാരാളമുണ്ട്. പള്ളികളിലും മതകലാലയങ്ങളിലുമെല്ലാം അതിന്റെ അധ്യാപനങ്ങളുണ്ട്. പുസ്തകങ്ങളും മാസികകളും ബദ്ര്‍ ചരിത്രവിവരണങ്ങളുമായി സുലഭമാണ്. എന്നാല്‍, ചരിത്രത്തിനപ്പുറം ചരിത്രം നല്‍കുന്ന പാഠത്തിലേക്ക് നമ്മുടെ മനസ്സ് വല്ലപ്പോഴും കടന്നുചെന്നിട്ടുണ്ടോ? യുദ്ധം നടന്ന സ്ഥലവും കാലവും അതില്‍ പങ്കെടുത്തവരുടെ പേരും മന:പാഠം പഠിക്കലും പഠിപ്പിക്കലുമാണ് ചരിത്ര പഠനത്തിലൂടെ നാം ലക്ഷ്യമിടുന്നതെങ്കില്‍ തിരുത്തപ്പെടേണ്ടത് നമ്മുടെ മനോനില തന്നെയാണ്. ചരിത്രം പഠിക്കുമ്പോള്‍ അക്കാലത്തില്‍ നമ്മെ ജീവിപ്പിക്കാനോ ഇക്കാലത്ത് ചരിത്രത്തെ പുനരുജ്ജീവിപ്പിച്ച് നാമുമായി ബന്ധിപ്പിക്കാനോ കഴിയാത്ത ചരിത്ര പഠനം പ്രയോജനം ചെയ്യാത്ത ജ്ഞാനമായി ഗണിക്കപ്പെടേണ്ടതാണ്. ഇത്തരമൊരു ചരിത്ര ബോധത്തില്‍ നിന്ന് വേണം നാം ബദ്റിനെ സമീപിക്കാന്‍.

സത്യാസത്യത്തിന്റെ രണഭൂമിയാണ് ബദ്ര്‍. എന്നത്തേയും പോലെ സത്യം ആയുധ ബലത്തിലും അംഗബലത്തിലും ശുഷ്കമായിരുന്നു. അസത്യമാകട്ടെ അംഗബലത്തിലും ആയുധ ശേഷിയിലും സത്യത്തേക്കാള്‍ പതിന്മടങ്ങ് ശക്തം. എന്നിട്ടും സത്യം അസത്യത്തെ മനോഹരമായി കീഴ്പ്പെടുത്തുന്നു. ധിക്കാരത്തിന്റെ അസത്യവാദികള്‍ പരാജയത്തിന്റെ നേരത്തും സത്യത്തിന് കീഴ്പെടാന്‍ മനസ്സില്ലാത്തതിനാല്‍ മൂര്‍ച്ചയേറിയ സ്വന്തം ആയുധം നല്‍കി കഴുത്ത് നീട്ടിക്കാണിച്ച് ഗളച്ഛേദം നടത്താന്‍ പറയുന്ന ഹുങ്കിനുമേല്‍ മനസ്സാന്നിധ്യത്തിന്റെയും ക്ഷമയുടെയും അധ്യാപനങ്ങളിലൂടെ ഏറ്റവും കുറഞ്ഞ രക്തച്ചൊരിച്ചില്‍ കൊണ്ട് ഏറ്റവും വലിയ വിജയം സമ്മാനിക്കുന്ന മാസ്മരികത. ബദ്റിനെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ തികയാതെ വരുന്നു.

സത്യത്തിന്റെ പക്ഷത്തിന് ആയുധബലത്തില്‍ വിശ്വാസമില്ല. അല്ലാഹുവിലും അവന്റെ പ്രവാചകരിലുമാണവരുടെ വിശ്വാസം. ശത്രുസംഹാരത്തിലോ രക്തപ്പുഴകളൊഴുക്കി രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിലൂടെ അവര്‍ ആനന്ദിക്കുന്നില്ല. അവരുടെ ആനന്ദം നബിതിരുമേനിയുടെ ആനന്ദത്തിലും സ്നേഹത്തിലുമാണ്. നബിതിരുമേനിയുടെ നഗ്നമേനിയൊന്ന് കെട്ടിപ്പുണരാനാണവരുടെ പരമാനന്ദം. ഈ സ്നേഹത്തിനാണവര്‍ വിശ്വാസമെന്ന് പേരിട്ടത്. അതുതന്നെയായിരുന്നു അവരുടെ ആയുധവും. പ്രവാചകനോടുള്ള ഈ പ്രേമം മറ്റാര്‍ക്കും മറ്റെന്തിനോടുമുള്ള പ്രേമത്തിനേക്കാള്‍ ശതകോടി ശക്തമാണ്. ആ സ്നേഹത്തെക്കുറിച്ച് അതില്ലാത്തവന് മനസ്സിലാക്കാന്‍ പോലുമാകില്ല.

ആ തീവ്രമായ പ്രേമം ഉള്ളിലുള്ളത് കൊണ്ടാണ് "നബിയേ, അങ്ങ് സമുദ്രത്തിലേക്കിറങ്ങിയാല്‍ കൂടെ കൂടെ ഞങ്ങളുമുണ്ട്" എന്ന് എന്ത് ചെയ്യണമെന്ന് കൂടിയാലോചിക്കാന്‍ വന്ന നബിതിരുമേനിക്ക് മറുപടി നല്‍കാന്‍ അന്‍സ്വാറുകള്‍ക്ക് സാധ്യമാകുന്നത്. 'നിങ്ങളും നിങ്ങളുടെ നാഥനും പോയി യുദ്ധം ചെയ്തുകൊള്ളുക. ഞങ്ങളിവിടെ ഇരിക്കാം' എന്ന് മൂസാനബിയോട് സ്വന്തം സമുദായം പറഞ്ഞതുപോലെ ഞങ്ങള്‍ പറയില്ലെന്നും, പകരം അങ്ങയുടെ ഇടവും വലവും മുന്നിലും പിന്നിലും നിന്ന് ഞങ്ങള്‍ യുദ്ധം ചെയ്യും. എന്ന് പറയാന്‍ മിഖ്ദാദ്(റ)വിന് കഴിഞ്ഞതും ഈ പ്രണയതീവ്രതയില്‍ സ്വയം ലയിച്ചുചേര്‍ന്നത് കൊണ്ടാണ്.

ഈ തീവ്രമായ പ്രണയമുള്ളവര്‍ക്ക് മക്കയിലെ മുശ്രികുകള്‍ നിസ്സാരമായ ശത്രുക്കളാണ്. തങ്ങളുടെ പ്രേമത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരും നോക്കുന്നവരും പ്രേമഭാജനമായ തിരുമേനി ഞങ്ങളില്‍ നിന്ന് അകലാന്‍ കാരണമാകുന്ന കാര്യങ്ങളുമാണ് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശത്രു. ബദ്ര്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ ചെറിയ യുദ്ധത്തില്‍ നിന്നും നാം വലിയ യുദ്ധത്തിലേക്ക് മടങ്ങുന്നുവെന്ന് നബിതിരുമേനി ഉണര്‍ത്തിയതിന്റെ രഹസ്യവും അതാണ്. സ്വന്തത്തോടുള്ള ഈ ബദ്റില്‍ പൂര്‍ണ്ണ വിജയമായിരുന്നതിനാലാണ് ഉസ്മാന്‍(റ) ശത്രുക്കളുമായി പോരടിക്കാതിരുന്നിട്ട് കൂടി ബദ്രിയ്യായി ഗണിക്കപ്പെടുന്നത്.

അങ്ങനെ നോക്കുമ്പോള്‍ ബദ്റില്‍ തുടങ്ങിയ ജിഹാദ് ബദ്റില്‍ അവസാനിക്കുന്നില്ല. ബദ്റുല്‍ കമാലാകുന്ന തിരുമേനി(സ)യെ പൂര്‍ണ്ണമായും സ്വായത്തമാക്കുമ്പോള്‍ മാത്രമാണ് ഈ ജിഹാദ് പൂര്‍ണ്ണമാകുന്നത്. ഇത് എക്കാലത്തേക്കുള്ള ജിഹാദാണ് താനും. ഈ ജിഹാദില്‍ പങ്കെടുക്കാതെ, അതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ സ്വാര്‍ത്ഥ മോഹങ്ങളില്‍ മുഴുകുന്നവര്‍ സ്വന്തം പിതാക്കളെയും പുത്രന്മാരെയും സഹോദരങ്ങളെയും സഹധര്‍മ്മിണികളെയും സ്വന്തം കുടുംബത്തെയും കച്ചവടത്തെയും ഭവനങ്ങളെയും തിരുമേനി(സ)യേക്കാള്‍ ഇഷ്ടപ്പെടുന്നവര്‍, തങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് അല്ലാഹു തന്നെയാണ് എന്ന് മനസ്സിലാക്കാത്തതെന്ത്... ബദര്‍ ഇന്നാണ് നടക്കുന്നതെങ്കില്‍ ബദ്രീങ്ങള്‍ യുദ്ധം ചെയ്യുന്നത് ഇന്നത്തെ മുസ്ലിം സമുദായത്തിന് നേര്‍ക്ക് തന്നെയാവില്ലേ എന്ന ചോദ്യം പ്രസക്തമാകുന്നത് അതിനാലാണ്.

ബദ്ര്‍ എന്നുമുണ്ട്. എവിടെയുമുണ്ട്. വിശ്വാസികള്‍, സത്യത്തിന്റെ ഭാഗത്ത് നിന്ന് യുദ്ധം നയിക്കുന്നവര്‍ എന്നത്തെയും പോലെ വിരളമാണ്. ആയുധ ശേഷി കുറഞ്ഞവരാണ്. എന്നാല്‍ വിശ്വാസത്തിന്റെ ആയുധം അവര്‍ക്ക് കൂടെയുണ്ട്. തിരുമേനി(സ)യുടെ സാന്നിധ്യം അവരുടെ കൂടെയുണ്ട്.

തിരുമേനിയുടെ സാന്നിധ്യം കൂടെയില്ലാത്തവര്‍ ഈ യുദ്ധത്തില്‍ ഭയക്കണം. കാരണം, ഈ യുദ്ധത്തില്‍ സ്വന്തം പ്രയത്നം കൊണ്ട് ജയിക്കാന്‍ ഒരാള്‍ക്കുമാകില്ല. അതിനാല്‍ അല്ലാഹുവിന്റെ വിഭാഗത്തെ വിശേഷിപ്പിക്കുന്നിടത്ത് ഖുര്‍ആന്‍ പറഞ്ഞപോലെ പരിശുദ്ധാത്മാവ് കൊണ്ടുള്ള ഒരു ശക്തിപ്പെടുത്തല്‍ വിശ്വാസിക്ക് കൂടിയേ തീരൂ. ആ പരിശുദ്ധാത്മാവ് അവനെ രക്ഷിക്കുമെന്നതില്‍ സന്ദേഹമില്ല. എന്നാല്‍ പരിശുദ്ധാത്മാവിനാലുള്ള ശക്തിപ്പെടുത്തല്‍ എന്തെന്ന് ചിന്തിക്കുക പോലും ചെയ്തിട്ടില്ലാത്തവര്‍ ബദ്റിലേക്കെന്ന് പറഞ്ഞിറങ്ങുന്നത് മൗഢ്യമാണ്. പാരാണയം ചെയ്യുന്നതിനപ്പുറം ചിന്താശീലത്തോടെ ഖുര്‍ആന്‍ ഓതപ്പെടേണ്ടതുണ്ട്. അതില്ലാതെ ഓതുന്നത് ഖുര്‍ആനായാലും മൗലിദായാലും ബദ്ര്‍ ബൈതായാലും 'സ്വര്‍ണ്ണം സ്വര്‍ണ്ണം' എന്ന് ജപിച്ച് സ്വര്‍ണ്ണമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പോലെ വങ്കത്തമാണ്. വിജയിക്കാന്‍ അതിന്റെ യഥാര്‍ത്ഥമായ ഖനികളില്‍ ഖനനം ചെയ്തേ മതിയാകൂ.

തുടര്‍ന്നു കൊണ്ടേയിരിക്കുന്ന ബദ്റിന്റെ രണഭൂമിയില്‍ പടയോട്ടം തുടരുന്ന സത്യവിശ്വാസിക്ക് എതിരിടാനുള്ള ശത്രുക്കള്‍ കാലക്രമത്തില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചതായി കാണാം. എന്നാല്‍ വിശ്വാസി തിരുപാദങ്ങളില്‍ നിന്ന് വ്യതിചലിക്കാത്തിടത്തോളം, അവിടത്തെ ആജ്ഞകള്‍ ലംഘിക്കാത്തിടത്തോളം പരാജയഭീതിയെക്കുറിച്ച് ചിന്തിക്കുകപോലും വേണ്ടതില്ല. എന്നാല്‍ ആ പാദങ്ങളില്‍ നിന്നുള്ള ചെറിയ ഭ്രംശം പോലും ആത്മനാശത്തിന് കാരണമായേക്കുമെന്ന് വിശ്വാസി തിരിച്ചറിയേണ്ടതുണ്ട്.

ബദ്റില്‍ ജയിച്ചവര്‍ ഉഹ്ദില്‍ തോല്‍ക്കുന്നത് അല്ലാഹുവിന്റെയോ റസൂലിന്റെയോ തോല്‍വിയോ അശ്രദ്ധയോ അല്ലെന്നും അവരുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങളെ അവഗണിക്കുന്പോഴുണ്ടാകുന്ന സ്വാഭാവിക പരിണാമമാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

ഇന്നത്തെ കാലത്ത് ആത്മയുദ്ധത്തിലേക്ക് തിരിയുന്ന വിശ്വാസിക്ക് ബദ്റില്‍ ഉണ്ടായതിനേക്കാള്‍ വലിയ ശത്രുക്കളെയാണ് നേരിടാനുള്ളത്. സാങ്കേതിക വിദ്യകളുടെ പുരോഗതി പിശാചിന്റെ പടക്കോപ്പുകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു. കണ്ണോ കാതോ തുറക്കാനാവാതെ വിശ്വാസി കൂടുതല്‍ സ്വന്തത്തിലേക്ക് പലായനം നടത്തേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. ബദ്റില്‍ പിശാചിന്റെ പക്ഷം ശത്രുപക്ഷമായി പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കില്‍ ഇന്നത്തെ പിശാചിന്റെ പക്ഷം പല വേഷങ്ങള്‍ കെട്ടിയതായി കാണാം. നേരിന്റെ പക്ഷമേത്..നെറികേടിന്റെ പക്ഷമേത്..എന്ന് തിരിച്ചറിയാന്‍ അല്ലാഹുവിന്റെ തൗഫീഖും സഹയവുമില്ലാതെ സാധ്യമല്ലാതായിരിക്കുന്നു.

എന്നാല്‍, ഇതിലൊന്നും പകക്കാതെയും പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെയും പരിശുദ്ധാത്മാവിന്റെ കരുത്തിനാല്‍ കൂടുതല്‍ വലിയ പ്രവാചക പ്രേമിയായി രണാങ്കണത്തിലേക്കിറങ്ങുന്ന പക്ഷം ബദ്റില്‍ കണ്ടപോലെ പിശാച് അവന്റെ എല്ലാ പടക്കോപ്പുകളെയും പരിവാരങ്ങളെയും പിരിഞ്ഞ് പിന്തിരിഞ്ഞോടുന്നതും നമുക്ക് കാണാനാവും.

മുഹമ്മദ്‌ ശാഫി ഖാദിരി സുല്‍ത്താനി