തിരുനബി(സ) പറയുന്നു: “തീര്‍ച്ചയായും അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ നോക്കുകയില്ല. മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കാണവന്‍ നോക്കുന്നത്.” അഥവാ ആത്മാക്കളുടെ ലോകത്തുനിന്ന് അല്ലാഹു ആണ് സര്‍വ്വ ശക്തനായ യജമാനനെന്ന് കരാർ അംഗീകരിച്ച് ആദം നബി(അ)ന്റെ മുതുകിലൂടെ അനേകായിരം മനുഷ്യ ജീവിതങ്ങളിലൂടെ അവസാനം തന്റെ പിതാവിലൂടെ മാതാവിന്റെ ഗര്‍ഭാശയത്തിലെത്തി ഭൗതിക ജീവിതത്തിലേക്ക് പ്രസവിച്ചുവീണ നാം എന്ന നമ്മുടെ സത്തയിലേക്കാണ് അല്ലാഹു നോക്കുന്നത്. ഭൂമി എന്ന വഴിയമ്പലത്തിലിത്തിരി നേരം ചെലവഴിച്ച് ഒടുവില്‍ ഈ ശരീരം ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് യാത്രയാകുന്ന ഞാനെന്ന സത്തയിലേക്ക് തന്നെ. അതിനാല്‍ കര്‍മ്മങ്ങളഖിലം സംഭവിക്കേണ്ടത് ആത്മാവ് കൊണ്ടാണ്. നിസ്കാരവും നോമ്പും സകാതും ഹജ്ജുമൊക്കെ ചെയ്യേണ്ടത് ശരീരത്തേക്കാളുപരി ആത്മാവു കൊണ്ടാണ്. നാം ഇത്രയും നാള്‍ നോമ്പ് നോറ്റിരുന്നത് ആത്മാവ് കൊണ്ടായിരുന്നോ?.
ശരീരത്തിന്റെ പട്ടിണിയിലല്ല ആത്മാവിന്റെ സുഭിക്ഷതയിലാണ് യഥാര്‍ത്ഥ നോമ്പ് സംഭവിക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹീത ദര്‍ശനമെന്ന അവര്‍ണ്ണനീയമായ സദ്യയുണ്ണാനുള്ള ആത്മാവിന്റെ വിശപ്പിനെയാണ് ‘നോമ്പ്’ എന്ന് വിവക്ഷിക്കപ്പെടുന്നത്. അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ടു മാത്രം നോമ്പ് യഥാര്‍ത്ഥമാകുന്നില്ല. മറിച്ച്, സകല പാപങ്ങളില്‍ നിന്നും മനസ്സിനെ മുക്തമാക്കുമ്പോൾ മാത്രമെ നോമ്പ് സാധ്യമാകൂ. അല്ലാഹുവെന്ന സ്മരണയാണ് ആത്മാവിന്റെ ഭക്ഷണം. ആസക്തി എന്ന അന്നമാണ് വര്‍ജ്ജിക്കപ്പെടേണ്ടത്. അല്ലാഹുവിന്റെ പരമമായ പ്രീതി കരഗതമാക്കാനുള്ള വിശപ്പാണ് ആര്‍ജ്ജിക്കേണ്ടത്. “നോമ്പ് എനിക്കുള്ളതാണ്” എന്ന് അല്ലാഹു പറയുന്നത് അതുകൊണ്ടാണ്. ചുരുക്കത്തില്‍ ശരീരേച്ഛകളെ മുഴുവന്‍ വെടിഞ്ഞ് അല്ലാഹുവിനെ കരഗതമാക്കുക എന്നതാണ് നോമ്പ് കൊണ്ട് ലക്ഷീകരിക്കപ്പെടുന്നത്.
തിരുനബി(സ) പറയുന്നു: “നോമ്പുകാരന് രണ്ടു സന്തോഷമുണ്ട്, ഒന്ന് നോമ്പ് തുറക്കുമ്പോഴും രണ്ട് അല്ലാഹുവിനെ ദര്‍ശിക്കുമ്പോഴും.” മറ്റൊരിക്കല്‍ അല്ലാഹുവിന്റെ വാക്കുകള്‍ തിരുനബി(സ) വിശദീകരിക്കുന്നു: “നോമ്പ് എനിക്കുള്ള താണ്. ഞാന്‍ തന്നെയാണതിനു പ്രതിഫലം.” ശാരീരികാവയവങ്ങളുടെ കണ്ണുകള്‍ അടച്ചുവെച്ച് അകക്കണ്ണ് തുറക്കുമ്പോഴാണ് ആദ്യത്തെ സന്തോഷമുണ്ടാകുന്നത്. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം കൈകള്‍ക്കും കാലുകള്‍ക്കും കാതുകള്‍ക്കുമൊക്കെ അവന്‍ ഭക്ഷണം നിഷേധിക്കണം. ദേഹേച്ഛകള്‍ നിറഞ്ഞ ഹൃദയത്തിന്റെ കണ്ണുകളും അവന്‍ അടച്ചുവെക്കണം. അങ്ങനെ തീവ്രമായ ഈ വിശപ്പിനൊടുവില്‍, പൈശാചികമായ പ്രലോഭനങ്ങളെയൊക്കെ അടിച്ചമര്‍ത്തി ആന്തരികാവയവങ്ങളുടെ അനുഗ്രഹീത നേത്രങ്ങള്‍ തുറക്കപ്പെടുമ്പോഴാണ് ഒരു വിശ്വാസി നോമ്പ് തുറക്കുന്നത്. അങ്ങനെയാണ് നോമ്പ് തുറക്കുന്നത് അവന് അവാച്യമായ ആനന്ദമായിത്തീരുന്നത്. ആ ഉള്‍ക്കാഴ്ചയിലാണ് അല്ലാഹുവിന്റെ പ്രകാശം അനുഭവ വേദ്യമാകുന്നത്. ഈ ഉള്‍ക്കാഴ്ചയാണ് അല്ലാഹുവിന്റെ വിശുദ്ധമായ സൂക്തങ്ങള്‍. ഈ ഉള്‍ക്കാഴ്ച കൊണ്ടാണ് നബി തിരുമേനി(സ)യും അവിടുത്തെ അനുഗമിച്ചവരും അല്ലാഹുവിലേക്ക് വിളിക്കുന്നത്. ഈ ഉള്‍ക്കാഴ്ച സ്വായത്തമാക്കുമ്പോഴാണ് സ്ഥലകാല ഭേദങ്ങളില്ലാതെ ആകാശഭൂമികളത്രയും അവന് മുന്നില്‍ അനാവൃതമാകുന്നത്. ഈ ഉള്‍ക്കാഴ്ചയെക്കുറിച്ചാണ് ‘നിങ്ങള്‍ വിശ്വാസിയുടെ ദൃഷ്ടിയെ സൂക്ഷിക്കുക, കാരണം അവന്‍ കാണുന്നത് അല്ലാഹുവിന്റെ പ്രകാശം കൊണ്ടാണെന്ന്’ തിരുനബി(സ) വിശദീകരിച്ചത്.
ബാഹ്യ നേത്രങ്ങള്‍ പൂര്‍ണ്ണമായി അടച്ച് ആത്മാവിന്റെ അകക്കണ്ണ് തുറക്കപ്പെുമ്പോൾ അവന് മുന്നില്‍ അനാവൃതമാകുന്നത് പുതിയ യാത്രാ പഥങ്ങളാണ്. ആ വിശുദ്ധ പാതയിലൂടെയുള്ള അവന്റെ യാത്ര അവസാനിക്കുന്നത് സര്‍വ്വ സ്രഷ്ടാവിലുള്ള അനശ്വരമായ ലയനത്തിലും. അല്ലാഹുവിലുള്ള അവര്‍ണ്ണനീയമായ ദര്‍ശനാനുഭൂതിയാണ് നോമ്പുകാരന്റെ രണ്ടാമത്തെ സന്തോഷം. ആ സന്തോഷം സ്വായത്തമാക്കാൻ അവന്റെ ഭൗതിക ദേഹം വെടിയേണ്ടതില്ല തന്നെ. അവന്റെ ഹൃദയമാണ് അല്ലാഹുവിന്റെ ഭവനം. അവന്റെ ഹൃദയ സിംഹാസനത്തിലാണ് അല്ലാഹു ഇരിക്കുന്നത്. എഴുപതിനായിരം മറകള്‍ നീങ്ങി അകക്കണ്ണ് തുറക്കപ്പെടുമ്പോൾ നമുക്ക് മുന്നില്‍ അനാവൃതമാകുന്നത് അല്ലാഹുവിന്റെ പ്രോജ്വലതയാണ്. ആത്മാവിന്റെ അകക്കണ്ണ് തുറക്കപ്പെടാതെ അല്ലാഹുവിനെ കാണാനാകാതെ അന്ധനായവന്‍ പരലോകത്തും ഭയാനകമായ ആ അവസ്ഥയില്‍ തന്നെയായിരിക്കും.
ഒടുവില്‍ അനുഗ്രഹീതമായ സ്വീകാര്യ പൂര്‍ണ്ണമായ ഈ നോമ്പിനൊടുവിൽ, രണ്ട് സന്തോഷങ്ങള്‍ക്കൊടുവിൽ വിശ്വാസിക്ക് പ്രതിഫലമായി ലഭിക്കുന്നത് അല്ലാഹുവിനെത്തന്നെയാണ്. അഥവാ, അല്ലാഹുവിനെ സ്വന്തമാക്കുക എന്നതാണ് നോമ്പിന്റെ പരമമായ ലക്ഷ്യം: സമ്പൂര്‍ണ്ണ ദാസ്യം പ്രകടിപ്പിച്ച എളിമയുള്ള അടിമ സര്‍വ്വശക്തനായ തന്റെ യജമാനനെ സ്വന്തമാക്കുകയാണിവിടെ. മഹത്തായ ത്യാഗത്തിന് ലഭിക്കുന്ന അതിമഹത്വമേറുന്ന സമ്മാനം.
വിനീതനായ അടിമക്ക് അതിപ്രതാപിയായ തന്റെ രക്ഷിതാവിനെ സ്വന്തമാക്കുമ്പോഴുണ്ടാകുന്ന പ്രതിഫലനങ്ങള്‍ എന്തൊക്കെയാണ്? തിരുനബി(സ) പറയുന്നു: “നിങ്ങള്‍ കാരുണ്യവാനായ അല്ലാഹുവിന്റെ സ്വഭാവ സവിശേഷതകള്‍ ആര്‍ജ്ജിക്കുക.” മറ്റൊരിക്കള്‍ തിരുനബി(സ) പറയുന്നുണ്ട്: “അടിമ അല്ലാഹുവിനോട് സമീപസ്ഥനായാല്‍, അല്ലാഹു അവന്റെ കണ്ണുകളും കാതുകളും കൈകളും കാലുകളുമായി മാറും.” ചുരുക്കത്തില്‍ അവന്റെ കര്‍മ്മങ്ങളും സ്വഭാവ സവിശേഷതകളഖിലവും കാരുണ്യ വാരിധിയും സ്നേഹനിധിയുമായ അല്ലാഹുവിന്‍റേതു തന്നെയായി മാറും. സത്യവും നീതിയും സഹാനുഭൂതിയും കരുണയും ഹൃദയ വിശാലതയുമൊക്കെ അവന്റെ ജീവിത മുദ്രയായി മാറും. തിന്മകളഖിലം വിപാടനം ചെയ്യപ്പെടും.
ഈ വിശുദ്ധമാസമത്രയും നിഷ്കളങ്കമായി(?) വ്രതമനുഷ്ഠിച്ച നമുക്ക് ഈ രണ്ട് സന്തോഷങ്ങള്‍ കരഗതമായിട്ടുണ്ടോ?. ദിവ്യ ദര്‍ശന സൗഭാഗ്യമുണ്ടായിട്ടുണ്ടോ? അതിമഹത്തരമായ സമ്മാനമായി അല്ലാഹുവിനെത്തന്നെ ലഭിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ‘ഇല്ല’ എന്നാണെങ്കില്‍ അതീവ ഗൗരവമായി നാം ആലോചിക്കേണ്ടത് നമ്മുടെ നോമ്പിന്റെ സാധുതയെക്കുറിച്ചും സ്വീകാര്യതയെക്കുറിച്ചുമാണ്. കാരണം അല്ലാഹുവിന്റെ വാക്കുകള്‍ ഒരിക്കലും അസത്യമാകില്ല. തിരുനബി(സ)യുടെ വാക്കുകള്‍ ഒരിക്കലും അവിശ്വസിക്കാന്‍ തരമില്ല. അപ്പോള്‍ നാം യഥാര്‍ത്ഥമായി നോമ്പ് നോറ്റിട്ടില്ല എന്നു തന്നെയാണതിനര്‍ത്ഥം. കാരണം സ്വീകാര്യമായ നോമ്പിന്റെ പ്രതിഫലങ്ങള്‍ നമുക്ക് ലഭിച്ചിട്ടില്ല എന്നത് തന്നെ.
ശരീരം കൊണ്ട് ചെയ്യുന്നതോടൊപ്പം അതിലുപരി ആത്മാവ് കൊണ്ട് അനുഷ്ഠിക്കേണ്ട ഈ യഥാര്‍ത്ഥ നോമ്പ് നമുക്ക് പകര്‍ന്നു നല്‍കേണ്ടത് നബിതിരുമേനി(സ)യാണ്, അവരുടെ അനന്തരഗാമികളായ യഥാര്‍ത്ഥ ജ്ഞാനികളും. അഥവാ ശരീരത്തിന്റെ പിതാവായ ആദം നബി(അ)യിലേക്ക് നമ്മുടെ പിതൃപരമ്പരകളിലൂടെ എത്തിച്ചേരുന്നത് പോലെ ആത്മാവിന്റെ പിതാവായ തിരുനബി(സ)യിലേക്ക് ആത്മജ്ഞാനികളായ പിതാക്കളിലൂടെ നമുക്ക് എത്തിച്ചേരാനാകണം, എങ്കിലേ ആത്മാവിന്റെ നോമ്പിനെക്കുറിച്ച ജ്ഞാനം കരഗതമാക്കാനാകൂ.
നോമ്പ് ക്ഷമയാണെന്ന് നബി(സ) പറയുന്നുണ്ട്. ക്ഷമയായ നോമ്പിനെക്കുറിച്ചാണ് പരിച എന്ന് നബിതിരുമേനി(സ) വിശദീകരിക്കുന്നത്. പൈശാചികതയുടെ കുടില സൈന്യത്തിനെതിരെ സധീരം ചെറുത്തുനില്‍ക്കുന്ന അതിശക്തമായ പരിച. അതിരൂക്ഷമായ പോരാട്ടം നടക്കുന്ന ഈ യുദ്ധഭൂമിയില്‍ ശത്രുസൈന്യത്തിന്റെ തലയെടുത്ത് മുന്നേറുന്ന മൂര്‍ച്ചയേറിയ ദുല്‍ഫുഖാറെന്ന ഖഢ്ഗമാണ് ജ്ഞാനം.
ഇരുതല മൂര്‍ച്ചയുള്ള ദുല്‍ഫുഖാർ. കാരണം ദുല്‍ഫുഖാർ എതിരിടുന്നത് ഒരേസമയം ജിഹാദുല്‍ അക്ബറിലും ജിഹാദുല്‍ അസ്ഗറിലുമാണ്. അഥവാ, ഭൗതിക ശക്തികളോട് യുദ്ധം ചെയ്യുന്നതോടൊപ്പം ഓരോ വിശ്വാസിയും അടരാടേണ്ടത് സ്വന്തം ശരീരങ്ങള്‍ക്കെതിരെയും ഇച്ഛകള്‍ക്കെതിരെയും കൂടിയാണ്. അതിന് ജ്ഞാനമെന്ന ഇരുതല മൂര്‍ച്ഛയുള്ള ദുല്‍ഫുഖാറിനെ സ്വായത്തമാക്കിയേ തീരൂ. തിരുനബി(സ) എന്ന ജ്ഞാന നഗരിയുടെ ഇമാം അലി(റ) എന്ന കവാടം തുറന്നേ തീരൂ.
ചുരുക്കത്തില്‍ ഭൗതിക ജീവിതമെന്ന മഹാ മരുഭൂമിയിലൂടെ ആത്മാവിന്റെ യാത്ര തുടരുകയാണ്. നിസ്കാരം, നോമ്പ്, സകാത്, ഹജ്ജ് തുടങ്ങിയ മരുപ്പച്ചകളില്‍ നിന്ന് സഞ്ചാരികള്‍ യഥേഷ്ടം പാഥേയം ശേഖരിക്കട്ടെ. ജ്ഞാനം പകര്‍ന്ന് വഴിവിളക്കുകള്‍ തെളിയട്ടെ. അല്ലാഹുവെന്ന അനശ്വരമായ പ്രണയ സാഫല്യത്തിലേക്ക് നമുക്കിനി ഈ യാത്ര തുടരാം.
നബീൽ സുൽത്താനി
Connect with Us