Top pics

6/recent/ticker-posts

വിശ്വാസിയുടെ റമളാൻ



അല്ലാഹു പറയുന്നു: സത്യ വിശ്വാസികളേ, നിങ്ങൾക്ക് മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത്‌ പോലേ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു, അത് നിങ്ങൾ ഭക്തിയുള്ളവരാകാൻ വേണ്ടിയാണ്. (ആലുഇമ്രാൻ, 183)

തിരുനബി (സ) പറഞ്ഞു: “ജിബ്‌രീൽ (അ) എന്റെ അടുത്തു വന്ന് പറഞ്ഞു: ആരെങ്കിലും റമളാൻ മാസത്തിന് സാക്ഷിയാവുകയും അത് കഴിഞ്ഞിട്ടും തന്റെ പാപങ്ങൾ പൊറുക്കപ്പെടാതിരിക്കുകയും ചെയ്തുവെങ്കിൽ അവൻ നരകത്തിൽ പ്രവേശിക്കട്ടെ - അവിടുന്ന് ആമീൻ പറയുക, ഞാൻ ആമീൻ പറഞ്ഞു. തന്റെ മാതാപിതാക്കളെ, അല്ലെങ്കിൽ അവരിലൊരാളെ ലഭിക്കുകയും എന്നാൽ അവരോട് ചെയ്യേണ്ട ബാധ്യതകൾ ചെയ്യാതിരിക്കുകയും അങ്ങനെ മരണപ്പെടുകയും ചെയ്താൽ അവൻ നരകത്തിൽ പ്രവേശിക്കട്ടെ - അവിടുന്ന് ആമീൻ പറയുക, ഞാൻ ആമീൻ പറഞ്ഞു. അവിടുത്തെ നാമം കേട്ടിട്ടും സ്വലാത്ത് ചെല്ലാതെ മരണമടഞ്ഞവൻ നരകത്തിൽ പ്രവേശിക്കട്ടെ - അവിടുന്ന് ആമീൻ പറയുക, ഞാൻ ആമീൻ പറഞ്ഞു. ഈ പറയപ്പെട്ട ഹദീസിൽ റമളാൻ മാസത്തെ ഒന്നാമതായി പരാമർശിച്ചതിൽനിന്നും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാവുന്നതെയുള്ളൂ.

അതുകൊണ്ട് തന്നെ, വിശ്വാസിയെ സംബന്ധിച്ച് റമളാൻ മാസം പകൽ ധാരാളമായി ഉറങ്ങാനും രാത്രിയിൽ വൈവിധ്യമായ ഭക്ഷണസാധനങ്ങൾ വാരിവലിച്ച് കഴിക്കുന്നതിനും സൊറ പറഞ്ഞിരിക്കുന്നതിനും പാതിരാ ഷോപ്പിങ്ങിനും മറ്റുമുള്ള ഒരവസരമല്ല. മറിച്ചു ഏതു നിമിഷവും നിലച്ചേക്കാവുന്ന ഈ ജീവിതത്തിലെ സകല ദൂഷ്യങ്ങളെയും തിന്മകളെയും ദുരെ എറിയാനും പ്രപഞ്ച സ്രഷ്ടാവിനോടുള്ള അവന്റെ ബന്ധം ഊട്ടി ഉറപ്പിക്കാനുള്ള അസുലഭ നിമിഷങ്ങളാണ്.

തിർമദി റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ കാണാം; നബി (സ) പറഞ്ഞു: “ഒരാൾക്ക് ഈ വിശുദ്ധമാസം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായിട്ടും അയാൾ നരകമോചിതൻ ആകുന്നില്ലെങ്കിൽ അയാൾക്ക് നാശം ഭവിക്കട്ടെ.”

നബി (സ) പറഞ്ഞു: “റമളാനിന്റെ എല്ലാ രാത്രികളിലും അള്ളാഹു പ്രത്യേകം തെരഞ്ഞെടുക്കുന്നവരെ അവൻ നരകത്തിൽ നിന്നും മോചിപ്പിക്കും”.

വ്രതശുദ്ധിയുടെ റമളാൻ

റമളാൻ മാസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഖുർആൻ ഇറക്കപ്പെട്ട മാസം എന്നതിലുപരി ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ നോമ്പ് ഈ മാസത്തിലാണെന്നതാണ്. ഈ മാസം മുഴുവനും നോമ്പ് അനുഷ്ഠിക്കൽ പ്രായ പൂർത്തിയും ബുദ്ധിയുമുള്ള ഏതൊരു മുസ്ലിമിനും നിർബന്ധമാണ്. അതിനു പുറമേ, മറ്റു അനുഷ്ഠാനങ്ങളേക്കാളുപരി, ഈ അനുഷ്ഠാനം തനിക്കുള്ളതാണ്, അവനതിന് പ്രതിഫലം നൽകുമെന്നും അള്ളാഹു പ്രത്യേകിച്ച് പറഞ്ഞതായി നമുക്ക് ഹദീസുകളിൽ കാണാം.

അതുപോലെ ബൈഹഖി റിപ്പോർട്ട്‌ ചെയ്ത മറ്റൊരു ഹദീസിൽ കാണാം “നോമ്പുകാരന്റെ പ്രാർത്ഥന ഒരിക്കലും നിരാകരിക്കപ്പെടുകയില്ല.”

റമളാൻ എന്ന പദത്തിനർത്ഥം “കരിച്ചു കളയുന്നത്” എന്നാണ്. റമളാൻ മാസത്തെ വേണ്ട വിധം ആദരിച്ച് തന്റെ കർമങ്ങൾ അനുഷ്ഠിച്ചവന്റെ പാപങ്ങൾ അവനിൽ ശേഷിക്കുകയില്ല.

റമളാന്റെ പവിത്രത മന:പാഠമാക്കി പാടി നടന്ന് മറ്റുള്ളവരെ ഉപദേശിക്കുന്ന ഒരുപാട് പേരുണ്ട്. പക്ഷേ, തങ്ങളുടെ നോമ്പിനെ അവർ വെറും പൈദാഹം സഹിക്കലായി മാത്രമാണ് കാണുക. മറ്റുള്ളവരുടെ ന്യൂനതകൾ കണ്ടെത്താനും നിക്ഷിദ്ധമാക്കപ്പെട്ടത് പ്രവർത്തിക്കാനും തങ്ങളുടെ സമയം ദുരുപയോഗം ചെയ്യുന്നവരാണവർ.

ഒരു മുഅമിൻ, റമളാൻ മാസത്തിന്റെ വറ്റാത്ത ഖജനാവിൽനിന്ന് എത്രകണ്ട് സ്വന്തമാക്കാനാകുമോ അത്രകണ്ട് സ്വന്തമാക്കാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കിലും ഒരു സത്യവിശ്വാസിക്ക് അവന്റെ ഓരോ ചലനവും നോമ്പാണ്‌. കാരണം നോമ്പ് എന്നതിന് ഉപയോഗിക്കപ്പെട്ട പദം ‘സൗം’ എന്നാണ്. സൗം എന്ന വാക്കിന്റെ പദാർത്ഥം ‘പിടിച്ചുനിൽക്കൽ’, ‘ക്ഷമിക്കൽ’ എന്നൊക്കെയാണ്. അഥവാ, അള്ളാഹു നിക്ഷിദ്ധമാക്കിയ കാര്യങ്ങളിൽ നിന്നും ശരീരേച്ഛകളിൽ നിന്നും തന്റെ ശരീരത്തെയും ഹൃദയത്തെയും ആത്മാവിനെയും പിടിച്ച് നിർത്തുക.

മഹാനായ ഗൗസുൽ അഅ്ളം (റ)ന്റെ വാക്കുകൾ ഇവിടെ അന്വർത്ഥമാണ്: “എന്റെ ആളുകൾ പകൽ മുഴുവൻ നോമ്പനുഷ്ഠിച്ച് രാത്രിയുടെ കൂരിരുട്ടിൽ വെട്ടിത്തിളങ്ങുന്ന മുത്തുകൾ ആയിരിക്കും”. അഥവാ, ചൊവ്വായ പാതയിലിരിക്കുന്നവർ ഓരോ നിമിഷവും അള്ളാഹുവിനെ കുറിച്ച ചിന്തയിലായിരിക്കും, അവരായിരിക്കും ലോകത്തിനു പ്രകാശം ചൊരിയുന്നത്.

മുഅ്മിനിനെ സംബന്ധിച്ച് റമളാൻ വർഷക്കാലം പോലെയാണ്. നമ്മുടെ ആത്മാവിൽ വിതക്കപ്പെട്ടിട്ടുള്ള ഈമാനിന്റെ വിത്ത് അള്ളാഹുവിന്റെ ദിക്റുകൾ കൊണ്ട് വറ്റാതെ സൂക്ഷിച്ചു പോരുമ്പോൾ അവിടെ വന്നിറങ്ങുന്ന മഴയാണ് റമളാൻ മാസം.

റസൂൽ (സ) ഏറ്റവും കൂടുതൽ ദാനം ചെയ്യാറുണ്ടായിരുന്നത് റമളാൻ മാസത്തിലായിരുന്നുവെന്ന് ധാരാളം ഹദീസുകളിൽ കാണാം. ഒരിക്കലും മായ്ക്കപ്പെടാനാകാത്ത നന്മകൾ കൊണ്ട് ഈ ദിനരാത്രങ്ങളെ ധന്യമാക്കാൻ നമുക്ക് കഴിയണം. ഒരു പക്ഷേ, ഇനി ഒരവസരം നമുക്ക് ലഭിച്ചേക്കില്ല എന്ന് കരുതിക്കൊണ്ട് തന്നെ.

നോമ്പുകാരനുള്ള പ്രതിഭഫലങ്ങൾ

മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം “നോമ്പുകാരന് രണ്ടു സന്തോഷങ്ങളാണ് ഉള്ളത്, നോമ്പ് തുറക്കുന്ന സമയത്ത് നോമ്പ്തുറ കൊണ്ട് അവൻ സന്തോഷിക്കും, തന്റെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന സമയത്ത് താൻ അനുഷ്ഠിച്ച നോമ്പ് കാരണം അവൻ സന്തോഷിക്കും”.

നോമ്പ് അനുഷ്ഠിച്ചവർക്ക് അന്ത്യനാളിൽ നോമ്പ് ശുപാർശ തേടുമെന്ന് മറ്റൊരു ഹദീസിൽ കാണാം, നോമ്പ് പറയുമത്രേ: ‘നാഥാ, പകലിൽ ഞാനവന് ഭക്ഷണവും വികാരങ്ങളും വിലക്കി. അതുകൊണ്ട് അവനു വേണ്ടിയുള്ള എന്റെ ശുപാർശ നീ സ്വീകരിക്കണേ’.

മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു: “നോമ്പുകാരന്റെ വായിലെ ഗന്ധം അല്ലാഹുവിന്റെ അടുക്കൽ കസ്തൂരിയുടെ ഗന്ധത്തേക്കാൾ സുഗന്ധമായിരിക്കും.”

അഹമദ്(റ) റിപ്പോർട്ട് ചെയ്യുന്നു: “നോമ്പ് പരിചയും നരകത്തിൽ നിന്ന് സംരക്ഷിക്കുന്ന സംരക്ഷണ ഭിത്തിയുമാണ്”.

ബുഖാരി(റ) റിപ്പോർട്ട് ചെയ്യുന്നു: “സ്വർഗത്തിൽ ‘റയ്യാൻ’ എന്നൊരു കവാടമുണ്ട്, നോമ്പുകാർ മാത്രമാണ് അതിലൂടെ പ്രവേശിക്കുക. നോമ്പുകാർ അതിലൂടെ പ്രവേശിച്ചു കഴിഞ്ഞാൽ ആ കവാടം അടക്കപ്പെടും, പിന്നെ അതിലൂടെ ആർക്കും പ്രവേശിക്കാൻ സാധ്യമല്ല”.

നാമെല്ലാവരും അറിയുന്നപോലെ, പരിശുദ്ധമാക്കപ്പെട്ട ഈ മാസത്തിൽ അല്ലാഹുവിലേക്ക് അടുക്കാനുള്ള എല്ലാ സാഹചര്യങ്ങളും അന്തരീക്ഷവും അള്ളാഹു തന്റെ അടിമകൾക്ക് പല വിധേനയായി ഒരുക്കിക്കൊടുക്കുന്നു. നരകത്തിന്റെ കവാടങ്ങൾ അടക്കപ്പെടുന്നു. പിശാചുക്കൾ ചങ്ങലകളിൽ ബന്ധിക്കപ്പെടുന്നു. ഇതെല്ലാം നമുക്ക് അല്ലാഹുവിനെ അറിയാനും അവന്റെ ‘അബ്ദായി’ മാറുന്നതിന് അവന് ഔദാര്യമായി നല്കിയ അവസരമാണ്. അതുകൊണ്ട് തന്നെ നാം ഒരിക്കലും മനുഷ്യ പിശാചുക്കളായി മാറാൻ പാടില്ല.

അല്ലാഹുവിനു ‘അബ്ദ്’ ആകാൻ വേണ്ടിയാണ് അവൻ മനുഷ്യ ജിന്ന് വിഭാഗങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരു സത്യവിശ്വാസി അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ അവൻ ഇബാദത്തിലായിരിക്കും, ഈ ഇബാദത്ത് ഓരോ നിമിഷവും നിർബന്ധമാണ്‌. മരണം കൊണ്ടല്ലാതെ അതിന് ഒരു അവസാനം ഉണ്ടാകില്ല. മുഅ്മിനിന്റെ മരണം അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴാണ്.

സൂറത്തുൽ ഹജ്ജിലെ ‘യഖീൻ’ (ദൃഢമായ ഉറപ്പ്) ലഭിക്കുന്നത് വരെ നീ നിന്റെ രക്ഷിതാവിന്‌ ഇബാദത്ത് ചെയ്യുക. എന്ന സൂക്തം നമുക്കിവിടെ ചേർത്ത് വായിക്കാവുന്നതാണ് .

റമളാൻ മാസം അനുകൂലമായി സാക്ഷിയാകുന്ന വിഭാഗത്തിൽ അള്ളാഹു നമ്മെ ഉൾപ്പെടുത്തട്ടെ…

റഹീം മഹ്ബൂബി