ഒരു ദിവസം, പ്രവാചകന്റെ അടുക്കൽ ഒരു സ്ത്രീ വന്ന് പരാതി പറഞ്ഞു: കല്യാണം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞു. തങ്ങൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. പ്രവാചകൻ കുറച്ചിട കാത്തു നില്ക്കാൻ പറഞ്ഞു.
പ്രവാചകൻ അല്ലാഹുവിന്റെ ലൗഹുൽ മഹഫൂളിലേക്ക് കണ്ണ് പായിച്ചു. അവിടെ സ്ത്രീക്ക് കുട്ടികളൊന്നും രേഖപ്പെടുത്തിയിട്ടില്ല. സ്ത്രീയോട് കാര്യം പറഞ്ഞു. അല്ലാഹുവിന്റെ വിധിയിൽ ആശ്വസിക്കാൻ സമാധാനം പറഞ്ഞു. ദൈവഭക്തയായ സ്ത്രീക്കു കാര്യം മനസ്സിലായി. പൊട്ടികരഞ്ഞുകൊണ്ട് അവർ തിരിച്ചുപോയി.
അവർ തന്റെ നാട്ടിലേക്കു തിരിച്ച് പോകവെ വിജനമായൊരു കുന്നിൻ ചെരുവിലെത്താൻ ഇടയായി. അപ്പോഴാണ് വഴിയരികിലിരിക്കുന്ന ഒരു ഫക്കീറിന്റെ വിളി അവരെ ആകർഷിച്ചത്. ഫക്കീറിന്റെ രൂപം പെട്ടെന്ന് സ്ത്രീയുടെ കണ്ണുകളിലുടക്കി, രൂപവും വേഷവും കണ്ടാലറിയാം; എത്രയോ ദിവസമായി ഫക്കീർ ഭക്ഷണം കഴിച്ചിട്ടെന്ന്. ഫക്കീർ എന്താണ് വിളിച്ചു പറയുന്നത് എന്ന് അവർ കാതു കൂർപ്പിച്ചു.
“ഒരു റൊട്ടിയ്ക്ക് ഒരു കുട്ടി, ഒരു റൊട്ടിയ്ക്ക് ഒരു കുട്ടി” ഫക്കീർ ഇതു തന്നെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. സ്ത്രീക്ക് അത്ഭുതമായി. അവരുടെ മനസ്സലിഞ്ഞു. യാത്രക്കായി കരുതി വച്ചിരുന്ന റൊട്ടികൾ ഒരുക്കിയെടുത്ത് ഫക്കീറിന് കാഴ്ച വെച്ചു. ഫക്കീർ അല്ലാഹുവിനു സ്തുതി ചെയ്തു. സ്ത്രീക്ക് ആറു സന്താനങ്ങൾ ഉണ്ടാവട്ടെയെന്ന് അനുഗ്രഹിച്ചു. അതീവ സന്തോഷത്തോടെ സ്ത്രീ വീട്ടിലേക്ക് മടങ്ങി.
കാലം കടന്നു പോയി, സ്ത്രീയ്ക്ക് ആറു സന്താനങ്ങൾ പിറന്നു. തങ്ങളുടെ ഉമ്മത്തിലേക്ക് നിയോഗിതനായ പ്രവാചകനെ ഒരിക്കൽ കൂടെ സന്ദർശിക്കണമെന്ന് ആഗ്രഹമുദിച്ചു. അവർ വീണ്ടും പ്രവാചകന്റെ സന്നിധിയിൽ എത്തി. പ്രവാചകൻ അവരെ തിരിച്ചറിഞ്ഞു: “ഈ സന്താനങ്ങളൊക്കെ ആരുടേതാണ്?”
വത്സലയായ സ്ത്രീ തനിക്കുണ്ടായ കഥ മുഴുവൻ പ്രവാചകന്റെ മുന്നിൽ വിവരിച്ചു. പ്രവാചകന് അത്ഭുതം അടക്കാനായില്ല. സ്ത്രീ തിരിച്ചുപോയതിന്റെ ശേഷം, പ്രവാചകൻ നാഥനായ അല്ലാഹുവിന്റെ അടുക്കൽ പരാതിയുമായി ചെന്നു.
“ഉമ്മത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് ഞാൻ. നിന്റെ രേഖകൾ എനിക്ക് കാണിച്ചു തന്നത് ആ സ്ത്രീക്ക് കുട്ടികൾ ഇല്ലെന്നാണ്. എന്നിട്ടും ഒരു ഫക്കീറിന്റെ പ്രാർത്ഥനയാൽ അവർക്ക് ആറു സന്താനങ്ങൾ പിറന്നിരിക്കുന്നു. ഒരു പ്രവാചകന് പിന്നെ എന്ത് സ്ഥാനമാനുള്ളത്?”
സർവ്വസ്രഷ്ടാവായ തമ്പുരാൻ പ്രവാചകന്റെ പരാതി കേട്ടു. ഈ ഫക്കീറിനെ തനിക്കു കാണിച്ചു തരണമെന്ന് പ്രവാചകൻ അല്ലാഹുവിനോട് യാചിച്ചു. അല്ലാഹു പ്രവാചകന്റെ മുന്നിൽ ഒരു ഉപാധി വെച്ചു. ഒരു പരീക്ഷണത്തിന് തയ്യാറാവണം.
“അല്ലാഹുവിന്റെ നാമത്തിൽ കുറച്ചു മനുഷ്യമാംസം തരാൻ തയ്യാറുള്ള ആരെയെങ്കിലും കണ്ടെത്തണം. അങ്ങനെ ഒരു വ്യക്തിയെ കണ്ടെത്തിയാൽ ഫക്കീർ എവിടെയെന്നു അറിയിച്ചു തരാം”.
പ്രവാചകൻ തിരച്ചിൽ തുടങ്ങി. ആരാണ് അല്ലാഹുവിന്റെ പേരിൽ ഒരു റാത്തൽ മനുഷ്യമംസം തരിക? സകലദേശങ്ങളിലും വിഭാഗങ്ങളിലും തിരക്കി. ആരെയും കണ്ടെത്തിയില്ല.
ഒടുവിൽ പ്രവാചകൻ തന്നെ സ്വയം ഇറങ്ങി. നാടായ നാടുകളിലെല്ലാം തിരഞ്ഞു. യാത്രക്കിടയിൽ ഒരു മലഞ്ചെരുവിൽ വെച്ച് ഒരു ഫക്കീറിനെ കണ്ടുമുട്ടി. ഏകാന്തനായി അല്ലാഹുവിന്റെ മുന്നിൽ സ്രാഷ്ടംഗത്തിലായിരുന്നു ഫക്കീർ. അവരോടോന്നു ചോദിച്ചുനോക്കാം എന്നു പ്രവചകനു തോന്നി.
തന്റെ പ്രാർത്ഥനകളിൽ നിന്ന് വിരമിച്ചു ഫക്കീർ പ്രവാചകന്റെ ചാരത്തേക്ക് വന്നു. “താങ്കൾ ഈ ഉമ്മത്തിലേക്ക് നിയോഗിതനായ പ്രവാചകനല്ലേ” എന്ന് ചോദ്യമായി. പ്രവാചകന് അത്ഭുതമായി. “അതെങ്ങനെ നിങ്ങൾക്കറിയാം? ഞാനിതുവരെ നിങ്ങളുമായി കണ്ടിട്ടില്ലല്ലോ?”.
ഫക്കീർ രണ്ടാമതായി ചോദിച്ചു. “എന്തിനാണ് നിങ്ങൾ വന്നത്?”.
പ്രവാചകൻ പറഞ്ഞു തുടങ്ങി: “ഞാൻ എന്റെ രക്ഷിതവുമായൊരു ഉടമ്പടിയിലാണ്. എനിക്ക് ഒരു റാത്തൽ മനുഷ്യമാംസം വേണം. അതു കിട്ടാതെ തിരിച്ചു വരില്ലെന്ന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്”.
“ഇതെന്റെ രക്ഷിതാവിൽ നിന്നുള്ള ആവശ്യമാണോ?” ഫകീർ വീണ്ടും ആരാഞ്ഞു. സന്തോഷത്താൽ ഫക്കീറിന്റെ ശരീരമാകെ കുളിരണിയാൻ തുടങ്ങി.
“ശരീരത്തിന്റെ ഏതു ഭാഗത്ത് നിന്ന് മാംസമെടുക്കണമെന്ന് എന്റെ രക്ഷിതാവ് പറഞ്ഞിട്ടുണ്ടോ?”
പ്രവാചകൻ ഉത്തരം പറഞ്ഞു: “ഇല്ല”.
“എന്നാൽ പ്രവാചകരേ, എന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും മാംസക്കഷ്ണങ്ങൾ മുറിച്ചെടുക്കുക. എന്റെ രക്ഷിതാവിന്റെ ആവശ്യം നിർവഹിക്കാൻ ഞാനിതാ സദാ തയ്യാറാണ്”.
പ്രവാചകൻ ഒരു കത്തിയെടുത്ത് മുറിക്കാനായി നീട്ടി. ഏതു ഭാഗം മുറിച്ചെടുക്കും? വല്ലാത്ത വിഷമത്തിലായി.
പ്രവാചകന്റെ ഞെട്ടൽ മാറും മുമ്പെ ഒരശരീരി കേൾക്കാനിടയായി. “പ്രവാചകരേ, അദ്ദേഹത്തിന്റെ ഒരു ഭാഗവും നിങ്ങൾക്ക് തൊടാനാവില്ല. അവരാണ് എന്റെ യഥാർത്ഥ അടിമകൾ. ഞാനെന്ത് ചോദിച്ചാലും അവരെനിക്കു തരും. അത്കൊണ്ട്, അവർ ചോദിക്കുമ്പോൾ ഞാനെങ്ങനെ കൊടുക്കാതിരിക്കും?”
“ഞാനൊരു മാംസകഷ്ണമല്ലേ ചോദിച്ചത്? പ്രവാചകരേ, നിങ്ങൾക്ക് തന്നെ അതു തരാമായിരുന്നില്ലേ? എന്നാൽ എന്റെ പ്രിയപ്പെട്ട അടിമകളുണ്ട്. അവർ ഉദ്ദേശിക്കുമ്പോൾ എന്റെ കൽപനകൾ മാറ്റാൻ അവർക്കധികാരമുണ്ട്”.
അശരീരിക്ക് കാരണമായ ഫക്കീറിനെ കാണാനായി പ്രവാചകൻ ഒരിക്കൽ കൂടി മുഖം തിരിച്ചു. അവിടെ ശൂന്യമായിരുന്നു. ഇതായിരുന്നു കഥ. ഗുരുനാഥൻ മുമ്പെ പറഞ്ഞ വാക്കുകൾ അപ്പോഴും എന്റെ ഹൃത്തടത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു.
അല്ലാഹുവിന് ചില അടിമകളുണ്ട്. അവരെ ഒരു പ്രവാചകനും ഒരു മലക്കും ഒരു മനുഷ്യനും അറിയുകയുമില്ല. എന്നാൽ അവർ സദാ അല്ലാഹുവിന്റെ സന്നിധിയിലയിരിക്കും.
അലി അസ്കർ മഹ്ബൂബി
Connect with Us