ശിഷ്യൻ ധ്യാനത്തിലായിരുന്നു,
ഗുരുപാദങ്ങളിൽ സർവ്വം സമർപ്പിച്ച് വിശുദ്ധ ഹൃദയങ്ങളിലൂടെയുള്ള അനുഗ്രഹീത സഞ്ചാരം...
ആത്മാവിന്റെ അനേകം ലോകങ്ങളിലൂടെയുള്ള ധന്യമായ യാത്ര...
ഗുരുവിനോടൊത്തുള്ള ധ്യാനത്തിന്റെ ഈ നിമിഷങ്ങളിലാണ് ശിഷ്യൻ തന്നെ അറിയുന്നത്, തന്നിലൂടെ തന്റെ ദൈവത്തെ അറിയുന്നത്.
ധ്യാനത്തിന്റെ ഈ സായൂജ്യതയിലാണ് ശിഷ്യന്റെ ഉള്ളു നിറയുന്നത്, ജ്ഞാന നിർഭരമാകുന്നത്.
ഈ ധ്യാനാത്മകതയുടെ ഈ അനുഗ്രഹ പൂർണ്ണിമ സർവ്വ ശ്വാസത്തിലും നിറഞ്ഞു നിൽക്കാൻ വേണ്ടിയാണ് ശിഷ്യന്റെ പ്രയത്നങ്ങളഖിലവും.
കാരണം മോക്ഷത്തിലേക്കുള്ള പ്രയാണ പാതയാണത്.
ശൂന്യമായ പ്രപഞ്ചം.
ശിഷ്യന്റെ ലോകത്ത് ഗുരു മാത്രമേ ഉള്ളൂ
ഗുരുവിന്റെ കാരുണ്യം മാത്രമേ ഉള്ളൂ.
അലിവിന്റെ ആ അപാര തീരത്തിരുന്ന് ശിഷ്യൻ ഗുരുവിന്റെ വാക്കുകൾ സാകൂതം ശ്രവിച്ചു.
ഗുരു പറഞ്ഞു തുടങ്ങി,
വാത്സല്യത്തിന്റെ ഇളം തെന്നലായി അവ ശിഷ്യന്റെ ആത്മാവിൽ ഒഴുകി എത്തി
മകനേ,
വ്രത വിശുദ്ധിയുടെ ഈ നാളുകൾ ജീവിതത്തിന്റെ രണഭൂമിയിൽ നിന്റെ രക്ഷാകവചമാണ്
പിശാചിന്റെ പോരാളികളെ എതിരിടാനുള്ള പരിചയാണത്
തിരുനബി (സ്വ) പറയുന്നുണ്ട്, നോമ്പ് ഒരു പരിചയാണ്.
പക്ഷേ, ശരീരത്തിനൊപ്പം നിന്റെ ഹൃദയവും ആത്മാവും രഹസ്യവുമൊക്കെ നോമ്പ് നോൽക്കുമ്പോഴേ ഈ പരിചയുടെ യാഥാർത്ഥ്യം സ്വായത്തമാക്കാനാകൂ.
അതിന് നിന്റെ കണ്ണുകളും കാതുകളും കൈകാലുകളും
വായയും മനസ്സും ഹൃദയവുമൊക്കെ നോമ്പ് നോറ്റേ തീരൂ
ശരീരത്തെ പട്ടിണിക്കിട്ട് ആത്മാവിന് അന്നം കൊടുക്കണം
ബാഹ്യ നേത്രങ്ങൾ അടച്ചു വെച്ച് അകക്കണ്ണ് തുറക്കണം.
ഹൃദയത്തിന്റെ വായിലേക്ക് ദിക്റിന്റെ സ്വാദിഷ്ടമായ ഭക്ഷണം പകർന്നു നൽകണം
അങ്ങനെയാണ് നിന്റെ ഉള്ള് തുറക്കപ്പെടുന്നത്
അപ്പോഴാണ് വിശുദ്ധ ദർശനത്തിന്റെ ലഹരി നിന്നിൽ നിറയുന്നത്
മകനേ,
ഇത് തുറക്കപ്പെടാത്ത നോമ്പാണ്, അനവരതം അനുനിമിഷവും തുടർന്നു കൊണ്ടേയിരിക്കുന്ന നോമ്പാണ്.
ഗുരുവിന്റെ വാക്കുകൾ ശിഷ്യൻ സശ്രദ്ധം കേട്ടുകൊണ്ടിരുന്നു
സ്നേഹാതിരേകത്തോടെ ഗുരു തുടർന്നു.
മകനേ,
ഈ കാരുണ്യത്തിന്റെ നാളുകൾ നിന്റെ ജീവിതത്തിന്റെ പുതുവസന്തമായി ഭവിക്കട്ടെ
അലിവിന്റെ അരുവിയായി നീ പുനർജ്ജനിക്കണം
കാരുണ്യത്തിന്റെ ജീവൽസ്വരൂപമായി നീ പിറവിയെടുക്കണം
തെല്ലിട മൗനിയായി ഗുരു ശിഷ്യനോട് ചോദിച്ചു:
എന്താണ് കാരുണ്യം?
തികഞ്ഞ നിശബ്ദത
ശിഷ്യൻ ഗുരുവിന്റ ഉത്തരത്തിനായി കാതോർത്തിരുന്നു.
ഗുരു വിശദീകരിച്ചു തുടങ്ങി,
മകനേ,
കാരുണ്യവാൻ എന്നത് ദൈവത്തിന്റെ നാമമാണ്,
ദൈവദൂതന്റെ നാമവും കൂടിയാണത്.
സകലമാന പ്രപഞ്ചങ്ങൾക്കും കാരുണ്യത്തിന്റെ കേദാരമായാണ് അവിടുന്ന് അവതീർണ്ണരാകുന്നത്.
കാരുണ്യവാൻ എന്ന നാമത്താൽ തിരുനബിയെ ക്കൂടി അഭിസംബോധന ചെയ്തതിലൂടെ തന്റെ പ്രിയപ്പെട്ട പ്രവാചകരെ തന്നിലേക്ക് ചേർക്കുകയായിരുന്നു സർവ്വശക്തൻ.
‘ദൈവത്തെ അറിയുക’ എന്ന ഉദാത്ത ലക്ഷ്യത്തിലേക്ക് പ്രപഞ്ചത്തെ ഒന്നാകെ വഴി നടത്തിയ അവിടുന്ന് തന്നെയല്ലേ ഏറ്റവും വലിയ കാരുണ്യം!
മകനേ,
‘അല്ലാഹുവേ, നീ ഞങ്ങളിൽ കരുണ ചെയ്യണേ’ എന്ന് ഉള്ള് നിറഞ്ഞ് പ്രാർത്ഥിക്കുന്നതിന്റെ അകപ്പൊരുൾ എന്താണ്?
ഗുരു നിശബ്ദനായി
വാചാലമായ ആ മൗനത്തിൽ ശിഷ്യൻ ഗുരുവിന്റെ ചോദ്യത്തിനുത്തരം തേടി
നിന്നിൽ നിറഞ്ഞു നിൽക്കുന്ന കാരുണ്യത്തിന്റെ ആ അനുഗ്രഹീത സാന്നിധ്യത്തെ തിരിച്ചറിയാൻ കഴിയുക എന്നതാണ് ആ പ്രാർത്ഥനയുടെ പ്രതിഫലം.
ആ അത്യുത്തമമായ അലിവിന്റെ അവതാരമായി മാറാൻ കഴിയുക എന്നതാണ് ആ പ്രാർത്ഥനയുടെ ഉത്തരം
ശരീരത്തിന്റെയും ഹൃദയത്തിന്റെയും ആത്മാവിന്റെയും ഇച്ഛ്കളെയും സ്വാർത്ഥ മോഹങ്ങളെയും ഉപേക്ഷിക്കുന്നതിലൂടെ നോമ്പുകാരൻ നിസ്വാർത്ഥതയുടെ നിറകുടമാവുകയാണ്.
അപ്പോഴാണ് അവനിൽ അല്ലാഹുവിന്റെ കരുണ വർഷിക്കുന്നത്
അങ്ങനെ നോമ്പുകാരൻ കരുണയുടെ സ്വരൂപമായി മാറുന്നു.
മകനേ,
അങ്ങനെ നീ പ്രപഞ്ചത്തിനാകെയും കരുണയായി മാറണം
വിശക്കുന്നവന് അന്നമാകണം
അഗതിയുടെ അത്താണിയാകണം
അനാഥന്റെ പിതാവാകണം
അശരണരുടെ ആലംബമാകണം
മഴയത്ത് കുടയാകണം
വെയിലത്ത് തണലാകണം
ഇരുട്ടിൽ വെളിച്ചമാകണം
മകനേ,
നാഥനിലേക്കുള്ള ഈ വിശുദ്ധ വീഥിയിൽ നീയെന്ന കരുണയുടെ കവാടങ്ങൾ തുറന്നിടുക
അജ്ഞതയുടെ അന്ധകാരത്തിലകപ്പെട്ട ആയിരങ്ങൾക്ക് നീ ജ്ഞാനത്തിന്റെ കെടാവിളക്കായി മാറണം.
പിശാചിന്റെ പടയാളികൾക്കെതിരിൽ നീ ധീരനായ പോരാളിയായി മാറണം
അലക്ഷ്യമായി അലഞ്ഞു തിരിയുന്ന അവർക്ക് മുന്നിൽ നീ യഥാർത്ഥ വഴികാട്ടിയായി മാറണം
മകനേ,
ഏറ്റവും വലിയ കാരുണ്യമെന്താണ്?
നാഥന്റെ വീട്ടിൽ നിന്നിറങ്ങിയ ആട്ടിൻ കൂട്ടങ്ങൾ യാത്രാപഥങ്ങൾ മറന്ന്, തങ്ങളുടെ നാഥനെ മറന്ന്, മടക്കയാത്ര മറന്ന് സങ്കൽപ ലോകത്ത് മതി മറന്നുല്ലസിക്കുമ്പോൾ സൂര്യാസ്തമയത്തെക്കുറിച്ച് അവരെ ഓർമപ്പെടുത്തണം...
നാഥനിലേക്കുള്ള വഴി പറഞ്ഞു കൊടുക്കണം..
പിന്നിട്ട പാതകളെ നിർണ്ണയിച്ചു കൊടുക്കണം...
കരാറുകൾ ഓർമിപ്പിച്ചു കൊടുക്കണം...
ഇളം പുല്ലിന്റെ ആകർഷണത്തിൽ നിന്നും ചെന്നായ്ക്കളുടെ ആക്രമണങ്ങളിൽ നിന്നും അവരെ സംരക്ഷിച്ച് അവരുടെ യജമാനന്റെ അടുത്ത് സുരക്ഷിതമായി എത്തിക്കണം.
ശിഷ്യൻ തന്നിലേക്ക് നോക്കി, തന്റെ ഉള്ളിലേക്ക് നോക്കി...
തന്റെ ജീവിതയാത്രയിൽ പിന്നിട്ട വഴികളിലേക്ക് നോക്കി...
അജ്ഞതയുടെ അന്ധകാരം...
ആഢംബരങ്ങളുടെ ആകർഷണീയത...
ഗുരുവിന്റെ വാക്കുകളോരോന്നും തെല്ലൊരു ഭയാശങ്കകളോടെ ശിഷ്യൻ ഓർത്തെടുത്തു...
ഏറ്റവും വലിയ കാരുണ്യം...
ആ വാക്കുകൾ വീണ്ടും വീണ്ടും ശിഷ്യന്റെ കാതുകളിൽ അലയടിച്ചു.
അപ്പോൾ,
കരുണാവാരിധിയായ രക്ഷിതാവേ, നീ എന്നിൽ കാരുണ്യമാകണേ എന്ന പ്രാർത്ഥനയുടെ പ്രത്യുത്തരം ശിഷ്യന് മനസ്സിലാകുകയായിരുന്നു,
അതെ, അത് തന്റെ ഗുരു തന്നെയാണ്
തിരിച്ചറിവിന്റെ ധന്യതയിൽ ഗുരു പാദങ്ങളിൽ സർവ്വം സമർപ്പിച്ച് ശിഷ്യൻ ഗുരുവിൽ ലയിച്ചു ചേർന്നു.
വാൽസല്യത്തോടെ ശിഷ്യനെ തന്നിലേക്ക് ചേർത്ത് ഗുരു പ്രാർത്ഥിച്ചു:
പ്രപഞ്ചത്തിനഖിലം കാരുണ്യമായവരേ,
അങ്ങയുടെ കരുണയുടെ കരങ്ങളിൽ ഞങ്ങളേയും ഏറ്റെടുക്കണേ...
നബീൽ മഹ്ബൂബി
Connect with Us