Top pics

6/recent/ticker-posts

സ്വഹാബികൾ - ഉത്തമ മാതൃക

പ്രവാചകന്‍മാര്‍ക്ക് ശേഷം സൃഷ്ടികളില്‍ സ്വഹാബാക്കളേക്കാളും മഹാന്മാരായ വ്യക്തികളെ കാണാന്‍ സാധ്യമല്ല. ഖുര്‍ആനും സുന്നത്തും അമരരായ ആ മഹാന്‍മാരുടെ സ്ഥാനങ്ങളെക്കുറിച്ച് നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്.

والسابقون الأولون من المهاجرين والأنصار والذين اتبعوهم بإحسان رضي الله عنهم ورضوا عنه وأعد لهم جنات تجري تحتها الأنهار خالدين فيها أبدا ذلك الفوز العظيم (തൗബ 100)

“മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തനായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.”

രണ്ട് സ്വഹാബികള്‍ക്കിടയില്‍ സംഭവിച്ച വളരെ ഹൃദയസ്പൃക്കായതും എന്നാല്‍ വളരെ സമയോചിതവുമായ ഒരു സംഭവമാണ് ഞാനിവിടെ കുറിക്കുന്നത്. അതിലൊരു സ്വഹാബി ഇസ്ലാമിന്റെ ഒന്നാം ഖലീഫയും പ്രവാചകന്‍മാര്‍ക്ക് ശേഷം ഏറ്റവും ഉന്നത സ്ഥാനീയരുമായ ബഹുമാനപ്പെട്ട അബൂബക്കര്‍ സിദ്ധീഖ്(റ) ആണ്. മറുഭാഗത്ത് സ്വര്‍ഗ്ഗത്തില്‍ റസൂല്‍(സ)യുടെ സഹവാസം ചോദിക്കലിലൂടെ പ്രശസ്തനായ റസൂല്‍(സ)യുടെ സേവകനായിരുന്ന റബീഉബ്നു കഅ്ബുല്‍ അസ്ലമി(റ).

സംഭവമിങ്ങനെ;

റബീഅ(റ) പറയുന്നു: “എനിക്കും അബൂബക്കര്‍(റ)വിനും റസൂല്‍(സ) ഓരോ ഭൂമി നല്‍കി. അങ്ങനെ ഒരു ഈത്തപ്പനയുടെ വേര് സംബന്ധിച്ച് ഞങ്ങള്‍ തര്‍ക്കിക്കേണ്ടി വന്നു. ഐഹിക ചിന്തകള്‍ ഞങ്ങള്‍ക്കിടയില്‍ കയറിവന്നു. അബൂബക്കര്‍(റ) പറഞ്ഞു: ഈ ഭാഗം എന്റെ ഓഹരിയില്‍ പെട്ടതാണ്. ഞാന്‍ പറഞ്ഞു: അല്ല, ഇത് എന്റെ ഓഹരിയില്‍ പെട്ടതാണ്. അങ്ങനെ, അബൂബക്കര്‍(റ) അറിയാതെ എനിക്കിഷ്ടപ്പെടാത്ത ഒരു വാചകം പറഞ്ഞു. ‍‍ ഞൊടിയിടയില്‍ തന്നെ മഹാനവര്‍കള്‍ ഖേദിക്കുകയും ചെയ്തു. എന്നിട്ട് എന്നോട് പറഞ്ഞു: റബിഅേ, ഞാന്‍ നിന്നോട് പറഞ്ഞത് പോലെ നീ എന്നോടും പറയുക, എന്നാല്‍ അത് പ്രതികാരമായിത്തീരും. ഞാന്‍ പറഞ്ഞു: ഞാന്‍ ഒരിക്കലും പറയില്ല. അങ്ങയോട് ഒരു നല്ല വാക്കല്ലാതെ ഞാന്‍ പറയില്ല. അബൂബക്കര്‍(റ) വീണ്ടും ആവര്‍ത്തിച്ചു. അല്ലാഹുവിനെത്തന്നെയാണ് സത്യം. ഞാന്‍ നിന്നോട് പറഞ്ഞത് പോലെ നീ എന്നോട് പറയണം. ഇല്ലെങ്കില്‍ ഞാന്‍ റസൂലിനോട് പറയും. ഞാനത് നിരസിച്ചു. ഞാന്‍ പ്രതിവചിച്ചു: അങ്ങയോട് ഒരു നന്മയുടെ വാക്കല്ലാതെ ഞാനൊന്നും ഉരിയാടില്ല. അങ്ങനെ അബൂബക്കര്‍(റ) നബി(സ)യുടെ സന്നിധിയിലേക്ക് പോയി. ഞാനും മഹാനവര്‍കളെ പിന്തുടര്‍ന്നു. തദവസരത്തില്‍ മുസ്ലിംകളില്‍ തന്നെ ചിലര്‍ അബൂബക്കര്‍(റ)വിനെ ആക്ഷേപിക്കാന്‍ തുടങ്ങി. പറയേണ്ടതെല്ലാം പറഞ്ഞ് റസൂല്‍(സ)യുടെ സന്നിധിയില്‍ ചെല്ലുകയോ എന്നും പറഞ്ഞ് അബൂബക്കര്‍(റ)വിനെ നിസ്സാരനാക്കി സംസാരിച്ചു. അപ്പോള്‍ റബീഅ(റ) അവരോട് പറഞ്ഞു: നിങ്ങളൊരിക്കലും അവരെ ആക്ഷേപിക്കരുത്. അബൂബക്കര്‍(റ)വിന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹം അവരോട് സംസാരിച്ചു. റസൂല്‍(സ)ക്ക് ശേഷം ഉന്നത സ്ഥാനീയനായ മഹാനാണെന്നും മുസ്ലിംകളുടെ നേതാവാണെന്നും അവരെ ബോധിപ്പിച്ചു. അദ്ദേഹം തിരിഞ്ഞ് നോക്കാതിരിക്കട്ടെ. റബീഅ(റ) തുടര്‍ന്നു. നിങ്ങളെന്നെ അദ്ദേഹത്തിനെതിരില്‍ സഹായിക്കുന്നത് അദ്ദേഹം കണ്ടാല്‍ അതെനിക്ക് ദോഷം വരുത്തും. അദ്ദേഹം ദേഷ്യപ്പെട്ടാല്‍ റസൂല്‍(സ)യുടെ സന്നിധിയില്‍ ചെല്ലും. അപ്പോള്‍ റസൂല്‍(സ)യും എന്നോട് ദേഷ്യപ്പെടും. റസൂല്‍(സ) തങ്ങള്‍ ദേഷ്യപ്പെട്ടാല്‍, രണ്ടുപേരുടെയും ദേഷ്യം അല്ലാഹുവിന്റെ കോപത്തിന് ഹേതുവായിത്തീരും. അങ്ങനെ സംഭവിച്ചാല്‍ റബീഅ നശിച്ച് പോകും. റബീഅ(റ) പറയുന്നു, അങ്ങനെ ആക്ഷേപകര്‍ മടങ്ങിപ്പോകുകയും ഞാന്‍ റസൂല്‍(സ)യുടെ സന്നിധിയില്‍ ചെല്ലുകയും ചെയ്തു.

നടന്ന സംഭവങ്ങളെല്ലാം അദ്ദേഹം വിവരിച്ചു. റസൂല്‍(സ) ചോദിച്ചു. റബീഅേ, നിനക്കും സിദ്ദീഖ്(റ)വിനുമിടയില്‍ എന്താണ് പ്രശ്നം, ഞാന്‍ വിവരങ്ങള്‍ ധരിപ്പിച്ചു. അപ്പോള്‍ റസൂല്‍(സ) സിദ്ദീഖ്(റ) പറഞ്ഞത് പോലെ എന്നോട് തിരിച്ച് പറയാന്‍ പറഞ്ഞു: പക്ഷേ, ഞാന്‍ വിസമ്മതിച്ചു. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: എന്നാല്‍ നീ അപ്രകാരം പറയേണ്ട, മറിച്ച് അബൂബക്കറേ, നിങ്ങള്‍ക്ക് അല്ലാഹു പൊറുത്ത് തരട്ടെ എന്ന് പറയൂ. അപ്രകാരം പറഞ്ഞപ്പോള്‍ അബൂബക്കര്‍(റ) പിന്തിരിയുകയും പൊട്ടിക്കരയുകയും ചെയ്തു.”

ഈ സംഭവത്തില്‍ നമുക്ക് ഒരുപാട് ഗുണപാഠങ്ങളുണ്ട്. ആദ്യമായി റബീഅ(റ) പറഞ്ഞ മൂലഹേതുവിനെക്കുറിച്ച് പറയാം. റബീഅ(റ) പറഞ്ഞു: "وجاءت الدنيا" അഥവാ ദുന്‍യാവും അതിന്‍റെ ആഢംഭരങ്ങളും ഞങ്ങള്‍ക്കിടയില്‍ കയറിവന്നു. ദുന്‍യാവും അതിലെ സുഖങ്ങളും നമ്മുടെ സഹോദരങ്ങള്‍ക്കിടയില്‍ സത്യവിശ്വാസികള്‍ക്കിടയില്‍ തര്‍ക്കത്തിനും വിദ്വേഷത്തിനും വഴിവെക്കുന്നതാകരുത് എന്നൊരു സന്ദേശം റബീഅ(റ) നമുക്ക് നല്‍കുന്നുണ്ട്. ഐഹികമായ ചിന്തകള്‍ നമ്മുടെ ഉന്നതമായ ലക്ഷ്യത്തിന് തടസ്സമായിക്കൂടാ, മുഅ്മിനുകള്‍ക്കിടയിലെ വിശുദ്ധ ബന്ധത്തിന് അവ വിഘാതമാകരുത്. ഐഹിക ജീവിതത്തെ അല്ലാഹു സൂറതുല്‍ കഹ്ഫിലൂടെ വിശേഷിപ്പിച്ചത് ആകാശത്ത് നിന്നും വര്‍ഷിച്ച വെള്ളം പോലെയാണ്, അത് ഭൂമിയിലെ സസ്യ ലതാദികളുമായിച്ചേര്‍ന്ന് പിന്നെ കാറ്റിന് പിഴുതെടുക്കാന്‍ കഴിയുന്ന വെറും ധാതുവായി മാറുന്നു.

രണ്ടാമതൊരു വിഷയം, റബീഅ(റ) തന്നെക്കാള്‍ ഉന്നതനായ അബൂബക്കര്‍(റ)വിനോട് പാലിക്കുന്ന വന്ദ്യമായ നീതിയാണ്. റബീഅ(റ), അബൂബക്കര്‍(റ) പറഞ്ഞ ആ വാക്ക് ഏതാണെന്ന് വെളിപ്പെടുത്തിയില്ല. മറിച്ച് എനിക്കിഷ്ടപ്പെടാത്തൊരു വാക്ക് എന്നാണ് പറഞ്ഞത്. ഹദീസിന്റെ ഗ്രന്ഥങ്ങളിലൊന്നും ആ വാക്ക് എന്താണെന്ന് രചിക്കപ്പെട്ടിട്ടില്ല. എന്തായിരുന്നാലും അബൂബക്കര്‍(റ)വില്‍ നിന്നും അറിയാതെ വന്നുപോയ ഒരു പദമായിരിക്കുമത് എന്നതില്‍ സന്ദേഹമില്ല. നാം മനസ്സിലാക്കേണ്ടത് നമ്മേക്കാള്‍ ഉന്നതരായവരില്‍ നിന്നും വന്നുപോകുന്ന നാമിഷ്ടപ്പെടാത്ത വാക്കുകളെക്കുറിച്ച് നാം വ്യാകുലപ്പെടാതിരിക്കുക എന്നതാണ്.

പിന്നെ, ബഹുമാനപ്പെട്ട അബൂബക്കര്‍(റ) റബീഅ(റ)വിനോട് താന്‍ പറഞ്ഞത് പോലെ തിരിച്ച് പറയാന്‍ ആവശ്യപ്പെടുന്നു. തന്നില്‍ നിന്നും സംഭവിച്ച് പോയ ഒരു പിഴവിന് പരിഹാരമാകാന്‍ വേണ്ടിയാണത് ആവശ്യപ്പെടുന്നത്. മറ്റൊരുവശം, അബൂബക്കര്‍(റ)വിന് റസൂല്‍(സ)യുടെ അടുത്തുള്ള സ്ഥാനമോ ഇസ്ലാമിലെ സ്ഥാനമോ തന്നെക്കാള്‍ താഴെക്കിടയിലുള്ള ഒരു സ്വഹാബിയോട് തന്നോട് പ്രതികാരം വീട്ടാന്‍ ആവശ്യപ്പെടുന്നതിന് തടസ്സമായില്ല എന്നതാണ്. നാം എത്ര വലിയവരായിരുന്നാലും, തെറ്റ് ആരോടെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍, അവരുടെ മഹത്വക്കുറവോ സമ്പത്തില്ലായ്മയോ, വിദ്യാഭ്യാസമില്ലായ്മയോ അവരോട് മാപ്പപേക്ഷിക്കുന്നതിന് നമുക്ക് തടസ്സമാകരുത് എന്നൊരു സന്ദേശം കൂടി ഇതിലുണ്ട്. വേറൊരു സന്ദേശം, തെറ്റിനെ നന്മകൊണ്ട് പകരം ചെയ്യുകയെന്നതാണ്. വിശ്വാസികള്‍ക്കിടയില്‍ പിശാചിനൊരിടം നല്‍കിക്കൂടാ. നമ്മോട് തെറ്റ് ചെയ്തവന് നന്മകൊണ്ട് പ്രതിഫലം നല്‍കുക. ഏറ്റവും വലിയ പാഠം സഹനത്തിന്‍റെ പാഠമാണ്. റബീഅ(റ) ഒന്നും തിരിച്ച് പറഞ്ഞില്ല. വികാരം വിവേകത്തെ മറികടക്കാന്‍ പാടില്ല. നമ്മുടെ ബോധത്തെയും പ്രവര്‍ത്തികളെയും നാം നിയന്ത്രിച്ചേ പറ്റൂ. പക്ഷെ, നമ്മില്‍ അധികപേരും ഒന്നിന് പകരം പത്തെണ്ണം തിരിച്ച് പറയുകയാണ് ചെയ്യാറ്. അത് നമ്മുടെ ഈമാനിനെ ബാധിക്കുന്നതാണ്. ദേഷ്യം തൗഹീദ് ഹൃദയത്തില്‍ നിന്ന് എടുത്ത് കളയപ്പെടാന്‍ വരെ ഹേതുവാകുമെന്ന ഗുരുവചനം ഇവിടെ ഓര്‍ക്കുന്നു. ബുദ്ധിയുപയോഗിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നൊരു സന്ദേശം കൂടി ഇതിലുണ്ട്, രണ്ട് ശിഷ്യന്‍മാര്‍ക്കിടയിലെ പ്രശ്നം കൈകാര്യം ചെയ്യാന്‍ അവര്‍ തങ്ങളുടെ ഗുരുവിന്റെ സന്നിധിയില്‍ പോയി. രണ്ട് പേരുടെയും വിഷയങ്ങള്‍ ഗുരു ശ്രവിച്ചു. പരിഹാരം നിര്‍ദ്ദേശിക്കപ്പെട്ടത് തന്നോട് പറയപ്പെട്ടത് പോലെ തിരിച്ചും പറയാനാണ്. പക്ഷെ, റബീഅ എന്ന ശിഷ്യന്‍ ബുദ്ധിപൂര്‍വ്വം വിഷയം കൈകാര്യം ചെയ്തു. തന്നെക്കാള്‍ ഉന്നതനായ ഒരു മനുഷ്യനോട് അങ്ങനെ പറയില്ലെന്ന് തീര്‍ത്തു പറഞ്ഞു: അങ്ങനെയാണ് അബൂബക്കര്‍(റ)വിന് പൊറുത്ത് കൊടുക്കട്ടെ എന്ന് ദുആ ചെയ്യാന്‍ പറഞ്ഞത്. ഇതാണ് മഹോന്നതരായ ആളുകളോട് നാം പാലിക്കേണ്ടത്. فمن عفا وأصلح فأجره على الله (ശൂറ 40). “ആരെങ്കിലും വിട്ട് വീഴ്ച ചെയ്യുകയും നന്മ ചെയ്യുകയും ചെയ്താല്‍ അവന് പ്രതിഫലം നല്‍കല്‍ അല്ലാഹുവിന്റെ കടമയാണ്” എന്ന സൂക്തം ഇവിടെ അന്വര്‍ത്ഥമാണ്.

റഹീം മഹ്ബൂബി