ത്വരീഖത്ത് എന്ന സാങ്കേതികപ്രയോഗം തന്നെ നിരര്‍ത്ഥകമാണെന്ന തോന്നലുണ്ടാക്കുന്ന മാര്‍ഗ്ഗമാണ് സൂഫികളുടെ സുല്ത്താനും ഖുത്ബുല്‍ അഖ്താബുമായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)വിലേക്ക് ചേര്‍ത്ത് നാമകരണം ചെയ്യപ്പെട്ട ഖാദിരിയ്യാ ത്വരീഖത്ത്. ശരീഅത്ത് അടിസ്ഥാനമായി വർത്തിക്കുന്ന ത്വരീഖത്തുകളെ മുസ്‌ലീങ്ങള്‍ പൊതുവില്‍ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നുവെങ്കിലും ശൈഖ് ജീലാനി(റ)വിന്റെ മാര്‍ഗ്ഗത്തിന് ആഗോള തലത്തില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചത് ആ മാര്‍ഗ്ഗത്തെ പരിശുദ്ധ ഇസ്ലാം മതത്തിലെ പ്രത്യേക വിഭാഗമായി വേര്‍തിരിച്ച് പാര്‍ശ്വവല്ക്കരിക്കാന്‍ കഴിയാതെ പോയതു കൊണ്ടാണ്. കാരണം, അവര്‍ പ്രചരിപ്പിച്ചതും അഭ്യസിപ്പിച്ചതും വിശുദ്ധ ഇസ്ലാം ദീന്‍ തന്നെയായിരുന്നു. എല്ലാ ഔലിയാക്കളും ഓരോ പ്രവാചകന്മാരുടെ പാദങ്ങളാണ് പിന്തുടരുന്നത്, എന്നാല്‍ ഞാന്‍ പൂര്‍ണ്ണ ചന്ദ്രനാകുന്ന നബിതിരുമേനി(സ)യുടെ പാദത്തിലാണ് നിലകൊള്ളുന്നത്” എന്ന ശൈഖ് ജീലാനി(റ)വിന്റെ വാക്കുകള്‍ തന്നെ ഈ മാര്‍ഗ്ഗവും മറ്റു ത്വരീഖത്തുകളും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു.
ശഹാദത്ത് കലിമ അതിന്റെ നിബന്ധനകള്‍ പാലിച്ച് ഉച്ചരിക്കുന്ന ഏതൊരാളെയും മുസ്ലിം എന്ന് നാമകരണം ചെയ്യാമെങ്കിലും അല്ലാഹുവുമായി അടുക്കലും അവന്റെ യഥാര്‍ത്ഥ ദാസനായി ജിവിക്കലും ഓരോ വിശ്വാസിയുടെയും എക്കാലത്തെയും അഭിലാഷവും ബാധ്യതയുമാണ്. അത് നേടിയെടുക്കുന്നതിന് ആത്മാവിനെ സംസ്കരിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. ആത്മസംസ്കരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളില്‍ ആവര്‍ത്തിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ആത്മാവിനെ അല്ലാഹുവുമായുള്ള അടുപ്പത്തില്‍ നിന്ന് തടയുന്ന അശുദ്ധികളില്‍ നിന്ന് ശുദ്ധമാക്കുകയും, അല്ലാഹുവിനും അടിമക്കുമിടയിലെ മറകള്‍ നീക്കുകയും ചെയ്യേണ്ടതെങ്ങനെയെന്ന്, ഇസ്ലാമിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ മാത്രം പ്രതിപാദിച്ചുപോയ ശരീഅത്തിന്റെ പണ്ഢിതന്മാര്‍ ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍, ഇത്തരം കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും പിന്‍പറ്റുന്നവര്‍ക്ക് അതിന്റെ മാര്‍ഗ്ഗങ്ങള്‍ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നവരാണ് സ്വൂഫികള്‍. അവര്‍ അതിന് ശീലിപ്പിക്കുന്ന മാര്‍ഗ്ഗങ്ങളെ പില്ക്കാലത്ത് അവരിലേക്ക് ചേര്‍ത്ത് വിളിച്ചതിനാലാണ് ഖാദിരി, ചിശ്തി, രിഫാഈ, നഖ്ശബന്ദി, സുഹ്റവര്‍ദി എന്നിങ്ങനെ വിവിധ ത്വരീഖത്തുകള്‍ ഉണ്ടായത്.
ആത്മശുദ്ധിയും ആന്തരികമായ അനുരാഗവും അവസ്ഥകളും പ്രകാശമാകുന്ന തിരിച്ചറിവും ലഭിക്കാൻ ഒരാൾ ആത്മീയ ഗുരുവിനെ പിന്തുടരൽ അത്യാവശ്യമാണ്. പ്രസ്തുത ഗുരു ഈ മാർഗത്തിൽ അഗ്രഗണ്യനും ആന്തരികമായ ശുദ്ധത നേടിയവനുമായിരിക്കണം. അള്ളാഹു പറയുന്നു. വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുകയും സത്യസന്ധരായ ആളുകളുടെ കൂടെ കൂടുകയും ചെയ്യുക.
പ്രവാചകരോട് ഉടമ്പടി(ബൈഅത്) ചെയ്ത സ്വഹാബികൾ, തല്‍ഫലമായി അല്ലാഹുവിലേക്ക് അടുക്കുകയും ആത്മശുദ്ധരായി ഉത്തമ സമൂഹമായി മാറുകയും ചെയ്തു. പിന്നീട് ഇവരുടെ പിൻഗാമികളായ താബിഉകൾ സ്വഹാബാക്കളില്‍ നിന്ന് പ്രവാചകരുടെ അധ്യാപനങ്ങളും ആത്മശുദ്ധിയും നേടിയെടുക്കുകയും തല്‍ഫലമായി ഉത്തമ സമൂഹമാവുകയും ചെയ്തു. ഇപ്രകാരം പരിശുദ്ധ ഈമാനിന്റെ മാധുര്യം, ആത്മസംസ്കരണത്തിന്റെ മാര്‍ഗ്ഗം, ആന്തരികജ്ഞാനങ്ങള്‍ മുതലായവ ഓരോ തലമുറകളായി പകർന്നു കൊണ്ടേയിരിക്കുന്നു. ഇത് അന്ത്യനാൾ വരെ തുടരും. "സിൽസില" എന്ന രൂപത്തിലാണ് ഇതറി യപ്പെടുന്നത്. പ്രസ്തുത മാർഗം ഖാദിരിയ്യ, ചിശ്തിയ്യ തുടങ്ങീ പല നാമങ്ങളിൽ അറിയപ്പെടാനുള്ള കാരണം പ്രസ്തുത മഹത് വ്യക്തിത്വങ്ങളുടെ അനുഷ്ഠാന രീതികൾക്കനുസൃതമായി മാത്രമാണെന്ന് നാം മുമ്പ് പറഞ്ഞുവല്ലോ.
ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) പിന്തുടർന്നു വന്ന ഈ മാർഗം മഹാനവര്‍കളുടെ വിയോഗ ശേഷം ഖാദിരിയ്യ മാർഗം എന്ന പേരിൽ അറിയപ്പെടുകയും അല്ലാഹുവിന്റെ സ്മരണയിലൂടെ തന്റെ ഹൃദയത്തിലെ മുഴുവൻ പൈശാചികതയെയും അകറ്റാനും പ്രവാചകരുടെയും അഹ് ലു ബൈതിന്റെയും സ്വഹാബത്തിന്റെയും ഔലിയാക്കളുടെയും യഥാർത്ഥ സ്നേഹം നേടിയെടുക്കാനും ഉത്തമമായ ഒരു ജീവിതം നയിക്കാനും പറ്റിയ ഒരു മാർഗമായി ആഗോളതലത്തിൽ അംഗീകരിക്കപെടുകയും ചെയ്തു. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) സൂഫികളുടെ രാജാവും അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് പരമസഹായി (ഗൗസുൽ അഅളം)എന്ന് വിളിക്കപെടുകയും ചെയ്ത മഹാനാണ്. തന്റെ പ്രഭാഷണങ്ങൾ ക്രോഡീകരിക്കപെട്ട ഫത്ഹുൽ റബ്ബാനിയിലെ ഒരു പ്രസംഗം ആരംഭിക്കുന്നത് ഇപ്രകാരമാണ്, “ഒരാൾ തന്റെ ഒട്ടകത്തെ ധാരാളം ചരക്കുകൾ കയറ്റി ക്ഷീണിപ്പിക്കുന്നത് പോലെ മനുഷ്യൻ തന്റെ ശരീരമാകുന്ന പിശാചിനെ ലാഇലാഹ ഇല്ലള്ളാഹു മുഹമ്മദ് റസൂലുള്ളാഹ് എന്ന മഹദ് വചനം കൊണ്ട് ക്ഷീണിപ്പിക്കണം”.
ഗൗസുൽ അഅളം(റ) ഇവിടെ പ്രതിപാദിക്കുന്നത് ലാഇലാഹഇല്ലള്ളാഹു മുഹമ്മദുറസൂലുള്ളാഹ് എന്ന ദിക്ർ അഥവാ പരിശുദ്ധ കലിമയെ കുറിച്ചാണ്. പിശാചിനെ ക്ഷയിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദവും ശ്രേഷ്ഠവുമായ മാർഗം ഇതു മാത്രമാണ്. ഈ പരിശുദ്ധ കലിമയെക്കാളുപരി മറ്റൊരു വചനം കൊണ്ട് നമുക്ക് ശരീരത്തിന്റെ പൈശാചികതയെ കീഴ്പ്പെടുത്താൻ സാദ്ധ്യമല്ല. ശൈഖവർകൾ ഇവിടെ ഉദ്ദേശിക്കുന്നത് പ്രസ്തുത കലിമയുടെ പ്രധാന്യത്തെയോ അതിന്റെ ആദ്ധ്യാത്മിക ജ്ഞാനത്തെയോ അല്ല, മറിച്ച് ആത്മീയ ഗുരുക്കന്മാർ തന്റെ ശിഷ്യന്മാരുടെ ആത്മ ശുദ്ധീകരണത്തിനായി കൈമാറുന്ന ദിക്റിനെ സംബന്ധിച്ചാണ്. അഥവാ, ആത്മ ശുദ്ധീകരണത്തിനു വേണ്ടി പരിശുദ്ധ കലിമയുടെ കൈമാറ്റമാണ് വിവക്ഷിക്കപ്പെടുന്നത്.
പല രാജ്യങ്ങളിലും വ്യത്യസ്ത ത്വരീഖതുകളിലായി പരിശുദ്ധവും പരിപൂർണവുമായ കലിമയുടെ ആദ്യപകുതി സ്വീകരിക്കപ്പെട്ടതായി കാണാം. ദിവസവും അഞ്ചു തവണ അനുഷ്ഠിക്കുന്ന നിസ്കാരശേഷവും ഇതു ആവർത്തിക്കപെടുന്നതായി കാണാം. പക്ഷേ, ഗൗസുൽ അഅളം(റ) ഈ വിശുദ്ധ കലിമ പരിപൂർണമായി ഉപയോഗിക്കുന്നതിന്റെ പ്രാധാന്യമാണ് ഉടനീളം പ്രതിപാദിക്കുന്നത്. കാരണം അതിലൂടെ മാത്രമാണ് തന്റെ ശരീരമാകുന്ന പിശാചിനെ അകറ്റി നിറുത്താൻ അവനു സാധിക്കുക്കയുള്ളൂ. കലിമതുത്വയ്യിബയുടെ ഭാരം കാരണം ശരീരത്തെ ക്ഷീണിപ്പിക്കാൻ ഉപദേശിക്കുന്നതിലൂടെ, മഹാനവർകൾ ലക്ഷീകരിക്കുന്നത് തന്റെ ശരീര ഇച്ഛയുടെ അവിശുദ്ധതക്കെതിരിൽ പോരാടുവനാണ്. തന്റെ പ്രശസ്ത ഗ്രന്ഥമായ സിറുൽ അസ്രാറിൽ കലിമതുത്വയ്യിബയെ കുറിച്ച് മഹാനവർകൾ പ്രതിപാദിക്കുന്നുണ്ട്. അലി(റ) പ്രവാചകരിൽ നിന്നും ഈ പരിശുദ്ധ കലിമ സ്വീകരിച്ച രംഗങ്ങൾ മഹാനവര്‍കൾ അതിൽ വിശദീകരിക്കുന്നു. അലി(റ) വിന് കലിമതുത്വയ്യിബയുടെ ഖിലാഫത്ത് ലഭിച്ച സന്ദർഭമായിരുന്നു അത്.
പ്രവാചകരിൽ നിന്നും സ്വഹാബികൾക്ക് ഈ വിശുദ്ധ കലിമ കൈമാറിയതു പോലെ ഒരു ആത്മീയ ഗുരുവിൽ നിന്ന് ഇത് നേടിയെടുക്കേണ്ടതിന്റെ ആവശ്യകത പ്രസ്തുത ഗ്രന്ഥത്തിൽ മഹാനവര്‍കൾ സമർത്ഥിക്കുന്നുണ്ട്. ഹസ്രത്ത് അലി(റ) ഈ വിശുദ്ധ വചനം തന്റെ അനന്തരാവകാശികളിലേക്ക് കൈമാറിയതിനു ചരിത്രം സാക്ഷിയാണ്. ഈ പ്രക്രിയ ഇപ്പോഴും തുടരുകയും അന്ത്യനാൾ വരെ നിലനില്ക്കുകയും ചെയ്യും. പക്ഷേ, ലോകത്ത് ഖാദിരിയ്യ മാര്‍ഗ്ഗം എന്ന പേരില്‍ പ്രചരിച്ച ചില വഴികൾ ഈ വചനം പൂർത്തീകരിക്കപ്പെടാത്തവരാണ്. സില്‍സില ഗൗസുല്‍ അഅ്ളമിലേക്ക് എത്തുന്നുവെങ്കിലും അവിടന്ന് പഠിപ്പിച്ച പരിപൂര്‍ണ്ണ മാര്‍ഗ്ഗമായി അതിനെ കാണാനാവില്ല. അവർക്ക് ജീലാനി(റ)വിന്റെ പരിപൂര്‍ണ്ണ പാരമ്പര്യം അവകാശപ്പെടാനും കഴിയില്ല. തങ്ങളുടെ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്നത്, ഈ വിശുദ്ധ കലിമ പൂര്‍ണ്ണമായി ഉൾകൊള്ളുകയും പകർന്നു കൊടുക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ്.
ചുരുക്കത്തിൽ, ശൈഖ് അബ്ദുൽ ഖാദിര്‍(റ)വിന്റെ പാരമ്പര്യം പരിശുദ്ധ വചനമായ ലാഇലാഹ ഇല്ലള്ളാഹു മുഹമ്മദു റസൂലുള്ളാഹി യുടെ പാരമ്പര്യം മാത്രമാണ്. അതിനാല്‍ തന്നെയാണ്, വിശുദ്ധ ഇസ്ലാമിലെ പ്രത്യേക വിഭാഗമായി ഖാദിരിയ്യാ ത്വരീഖത്തിന്റെ ആളുകളെ കാണാന്‍ കഴിയില്ലെന്നും, പരിശുദ്ധ ദീനിനെ പരിപൂര്‍ണ്ണമായും പിന്‍പറ്റുക വഴി പൂര്‍ണ്ണ ചന്ദ്രനായ നബിതിരുമേനി(സ)യുടെ പാദങ്ങളിലായി നിലകൊള്ളുന്നവരാണ് ശൈഖ് ജീലാനി(റ)വും അവിടുത്തെ മാര്‍ഗ്ഗം പിന്‍പറ്റിയവരുമെന്നും പറയേണ്ടിവരുന്നത്.
Connect with Us
സുൽത്വാനിയ ഫൗണ്ടേഷൻ
ദിവ്യ സ്നേഹത്തിൻ്റെയും ജ്ഞാനത്തിൻ്റെയും ഉത്തമ വഴിയാണ് സുൽത്വാനിയ ഫൗണ്ടേഷൻ പ്രബോധനം ചെയ്യുന്നത്. ആത്മാക്കളുടെ ലോകത്ത് അല്ലാഹുവുമായി ചെയ്ത കരാർ ഭൂലോകത്ത് പുതുക്കാതെ ഒരാളും പൂർണ്ണ മുഅ്മിനാകുകയില്ല.
പരിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: "നിൻ്റെ നാഥന് ആദം സന്തതികളുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താന പരമ്പരകളെ പുറത്തെടുക്കുകയും അവരുടെ മേല്‍ അവരെത്തന്നെ സാക്ഷിയാക്കുകയും ചെയ്ത സന്ദര്‍ഭം; അവന് ചോദിച്ചു: "നിങ്ങളുടെ നാഥന് ഞാനല്ലയോ?” അവര്‍ പറഞ്ഞു: "അതെ, ഞങ്ങളതിന് സാക്ഷ്യം വഹിച്ചിരിക്കുന്നു.” ഉയർത്തെഴുന്നേല്‍പ്പിൻ്റെ നാളിൽ “ഞങ്ങള്‍ ഇതേക്കുറിച്ച് അശ്രദ്ധരായിരുന്നു”വെന്ന് നിങ്ങള്‍ പറയാതിരിക്കാനാണിത്. (അഅ്റാഫ് 172)
ഈ ദൗത്യം പൂർത്തീകരിക്കുന്നതിന് വേണ്ടി മഹാന്മാരുടെ ശിക്ഷണത്തിലും നേതൃത്തത്തിലും നിലവിൽ വന്ന കൂട്ടായ്മയാണ് 'സുൽത്വാനിയ ഫൗണ്ടേഷൻ'.
Connect with Us