Top pics

6/recent/ticker-posts

അറഫ: തിരിച്ചറിവിൻ്റെ ദിനം

പുണ്യപ്രവാചകൻ ഇബ്രാഹീം നബി(അ)മിലൂടെ അല്ലാഹു നടത്തിയ വിളിക്കുത്തരം ചെയ്ത്, ലബ്ബൈക്കയുടെ മന്ത്രോച്ചാരണങ്ങളാൽ മെയ്യും മനസ്സും നിറച്ച് ഹജ്ജാജുമാർ ഇന്ന് അറഫയിൽ സംഗമിക്കും. ശരീരം കൊണ്ട് അറഫയിലെത്താൻ കഴിഞ്ഞില്ലെങ്കിലും, ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു കൊണ്ടു തന്നെ, മനസ്സു കൊണ്ടും ആത്മാവു കൊണ്ടും സത്യവിശ്വാസികളിന്ന് അറഫയിൽ സംഗമിക്കും.

അറഫയെന്നാൽ അറിവ് എന്നാണർഥം. വിലക്കപ്പെട്ട കനി കഴിച്ചതിനെ തുടർന്ന് സ്വർഗ്ഗ ഭ്രഷ്ടനാക്കപ്പെട്ട ആദം(അ) പ്രിയ പത്നി ഹവ്വാ ഉമ്മയുമായി കണ്ടുമുട്ടിയത് ഇതേ സ്ഥലത്തു വെച്ചാണെന്നും അതിനാലാണ് അറഫയെന്ന് അതിനു പേരു വന്നതെന്നും മുസ്ലിം പണ്ഢിതർ അഭിപ്രായപ്പെടുന്നു.

എന്നാൽ ഒരു വ്യക്തി മറ്റൊരു വ്യക്തിയെ തിരിച്ചറിയുക എന്നതിനപ്പുറം അറഫയെന്നത് മനുഷ്യൻ അവന്റെ റബ്ബിനെ തിരിച്ചറിയേണ്ടതിനെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെ വിശദീകരിക്കുന്ന ഒരു ഖുദ്സിയ്യായ ഹദീസിൽ അല്ലാഹു ഇപ്രകാരം പറയുന്നു: “ഞാൻ മറഞ്ഞ നിധിയായിരുന്നു. അപ്പോൾ ഞാൻ അറിയപ്പെടണമെന്നാഗ്രഹിക്കുകയും അതു പ്രകാരം പടപ്പുകളെ പടക്കുകയും ചെയ്തു”. അഥവാ, മനുഷ്യ സൃഷ്ടിപ്പിന്റെ പിന്നിൽ അല്ലാഹുവിന്റെ ലക്ഷ്യം മനുഷ്യൻ അല്ലാഹുവിനെ അറിയുക എന്നതാണ്. അല്ലാഹുവിനെ അറിയുക എന്നത് ഓരോ മുസ്ലിമിനും നിർബന്ധമാണെന്നും, അറിവുകളിൽ ഏറ്റവും ഉത്തമമായത് അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണെന്നും പണ്ഢിതന്മാർ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിനെ അറിയേണ്ടത്, അവനെ അറിഞ്ഞവരെ സമീപിച്ചു കൊണ്ടാണെന്ന് സൂറത് ഫുർഖാനിലെ 56ആമത്തെ ആയത്തിൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഖേദകരമെന്നു പറയട്ടെ, നമ്മുടെ ഉമ്മത്ത് അല്ലാഹുവിനെ അറിഞ്ഞവരെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതാണ് നാളിതു വരെയുള്ള ചരിത്രം. അല്ലാഹുവിനെ അറിയാൻ, അവനെ അറിഞ്ഞവരെ സമീപിക്കുക എന്ന ഖുർആനികാധ്യാപനം സ്വീകരിക്കുന്നതിനു പകരം നമ്മുടെ ഉമ്മത്ത് ഗ്രന്ഥങ്ങളെ ആശ്രയിച്ചു. ഗ്രന്ഥങ്ങളിലാവട്ടെ അല്ലാഹുവിനെ അറിഞ്ഞവർ ഒന്നും രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. മാത്രമല്ല, അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനങ്ങളിൽ ഒന്നു പോലും അവന്റെ ഉദ്ദേശ്യത്തോടെയല്ലാതെ പൂർണമായും അറിയാൻ മനുഷ്യനു സാധിക്കുകയില്ലെന്ന് അല്ലാഹു തന്നെ സൂറതുൽ ബഖറയിൽ വ്യക്തമാക്കിയിട്ടുമുണ്ട്. അതിനാൽ തന്നെ, അല്ലാഹുവിനെ അറിയാൻ അവൻ പറഞ്ഞുതന്ന മാർഗ്ഗം ഉപേക്ഷിച്ച് സ്വന്തം വഴി നോക്കിയ ആളുകൾ ഒന്നുമറിഞ്ഞില്ല. പക്ഷേ, അവർ ഗ്രന്ഥങ്ങൾ മനഃപാഠമാക്കിയിരുന്നു. അവർ ഡിഗ്രികൾ നേടിയിരുന്നു. ഉമ്മത്തിന്റെ നേതൃത്വം അവർ കൈക്കലാക്കുകയും ചെയ്തിരുന്നു. എന്നാൽ യഥാർത്ഥത്തിൽ അല്ലാഹുവിനെ അറിഞ്ഞവരെ സമുദായത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിറുത്താൻ ഇവർ പ്രത്യേകം ശ്രദ്ധ പുലർത്തുകയും ചെയ്തു. തത്ഫലമായി, അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനമെന്നാൽ, അവൻ നിർബന്ധമായും ഇരുപത് ഗുണങ്ങൾ ഉണ്ടാവണമെന്നും അതിനു വിരുദ്ധമായ ഇരുപത് ഗുണങ്ങൾ ഉണ്ടാവാൻ പാടില്ലെന്നും ഒരു ഗുണം ഉണ്ടായാലും ഉണ്ടായില്ലെങ്കിലും കുഴപ്പമില്ലെന്നും വിശ്വസിക്കലാണ് മഅ്റിഫത്തെന്ന പോഴത്തത്തിലേക്ക് സമുദായം ചെന്നെത്തി. അല്ല, ഗ്രന്ഥങ്ങൾ കാണാതെ പഠിച്ച നേതൃത്വം പൊതുജനത്തെ അങ്ങനെ വിശ്വസിപ്പിച്ചു. ഈ നാല്പത്തിയൊന്നു ഗുണങ്ങൾ കാണാതെ പഠിക്കലാണോ അതിനെ അറിയൽ എന്ന് ചിന്തിക്കുവാനോ സംശയമുന്നയിക്കുവാനോ പോന്ന ചിന്താശീലം പൊതുജനങ്ങളിൽ നിന്ന് നേതൃത്വം ചെറുപ്പത്തിലേ പിഴുതെറിഞ്ഞിരുന്നു. പൊതു ജനത്തിന്റെ ഹൃദയത്തിനു മുകളിൽ പണ്ഢിത സംഘടനകളുടെ ബ്രാൻഡഡ് താഴുകളിട്ടു പൂട്ടിയിരുന്നു. അടിമത്ത മനോഭാവവും വിധേയചിന്തയും ശീലമാക്കിയ പൊതു ജനം പണ്ഢിത സംഘടനകൾക്ക് സിന്താബാദ് വിളിച്ച് ജീവിതം നശിപ്പിച്ചു. നാളെ പരലോകത്ത് ഈ സിന്ദാബാദ് വിളികൾ ഒരു ഉപകാരവും ചെയ്യില്ലെന്നും, ഒരു പണ്ഢിതനും ഒരാളെയും നരകത്തിൽ നിന്ന് രക്ഷിക്കാൻ കഴിയില്ലെന്നും തിരിച്ചറിയാനുള്ള ഹൃദയ വിശാലത പൊതുജനത്തിനില്ലായിരുന്നു. നാളെ നരകത്തിൽ കിടന്ന് “റബ്ബേ, ഞങ്ങൾ ഞങ്ങളുടെ നേതാക്കളെയും മുതിർന്നവരെയും പിൻപറ്റുകയായിരുന്നു. അവരാണ് ഞങ്ങളെ വഴിപിഴപ്പിച്ചത്. അവർക്ക് നീ ഇരട്ടി ശിക്ഷ കൊടുക്കേണമേ” എന്ന് വിലപിക്കുമെന്ന ഖുർആനിക വചനങ്ങളൊന്നും അർഥമറിഞ്ഞ് അവർ ഓതിയിരുന്നില്ല. അർഥം പഠിച്ചപ്പോളാകട്ടെ, അർഥം കാണാതെ പഠിച്ചതല്ലാതെ അതിൽ നിന്ന് ആശയമുൾ കൊണ്ടതുമില്ല. എന്നാൽ, വിരളമെങ്കിലും ചിന്താശീലമുള്ള കുറച്ചു പേരെയെങ്കിലും ഈ ദീനിന്റെ സംരക്ഷണത്തിന് അല്ലാഹു എന്നും നിലനിർത്തിയിരുന്നു. അത്തരം ചിന്താശീലമുള്ളവർക്ക് ഈ അറഫാ ദിനം ഒരു ഉണർത്തുപാട്ടാവട്ടെ എന്ന് നമുക്കാശംസിക്കാം. ബുദ്ധി പെട്ടിയിലാക്കി പണ്ഢിതന്മാർക്കു മുന്നിൽ പണയം വെച്ചവരെ അല്ലാഹു ഹിദായത്തിലാക്കട്ടെ എന്നും നമുക്ക് പ്രാർഥിക്കാം.

ഏറെ പുണ്യമുള്ള ദിനമാണ് അറഫ. അതിന്റെ മഹത്വങ്ങളിൽ ചിലത് താഴെ വിവരിക്കുന്നു.

1. അല്ലാഹു അവന്റെ തിരുദൂതരിലൂടെ മാനവരാശിയുടെ മോചനത്തിനായി അവതരിപ്പിച്ച വിശുദ്ധ ദീനിനെ പൂര്ണ്ണമാക്കിയതും അവന്റെ അനുഗ്രഹത്തിന്റെ സംപൂർത്തീകരണം നടന്നതും ഇന്നേ ദിവസമായിരുന്നു. തിരുമേനി ഹജ്ജതുൽ വിദാഇൽ അറഫയിൽ നില്ക്കുമ്പോളാണ് “ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ ദീനിനെ പൂർണമാക്കുകയും എന്റെ അനുഗ്രഹത്തെ നിങ്ങളുടെ മേൽ സംപൂർണമാക്കുകയും ഇസ്ലാമിനെ നിങ്ങൾക്കു മതമായി ഞാൻ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു” (അല്മാഇദ-3) എന്ന ആയത്ത് ഇറങ്ങിയത്.

2. അറഫയിൽ സംഗമിക്കുന്ന ആളുകൾക്ക് ആഘോഷത്തിന്റെ ദിനമാണ് ഇന്ന്. നബി(സ) പറഞ്ഞു: “അറഫാ ദിനവും അറിവിന്റെ ദിനവും തശ്റീഖിന്റെ നാളുകളും ഇസ്ലാമിക സമൂഹമേ, നമ്മുടെ ഈദാണ്. തീറ്റയുടെയും കുടിയുടെയും നാളുകളാണവ”.

3. അന്ന് നോമ്പനുഷ്ഠിക്കുന്നത് കഴിഞ്ഞ വർഷത്തെയും വരാനിരിക്കുന്ന വർഷത്തെയും പാപങ്ങളെ പൊറുക്കപ്പെടാൻ കാരണമാകുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.

4. ഈ ദിനത്തിന്റെ പവിത്രത കാരണം, ഈ ദിനത്തെ പിടിച്ച് അല്ലാഹു ഖൂർആനിൽ സത്യം ചെയ്തിട്ടുണ്ട്. സൂറതുൽ ബുറൂജിലെ മൂന്നാം ആയത്തിൽ “മശ്ഹൂദ്” എന്ന് പറഞ്ഞത് അറഫാ ദിനത്തെക്കുറിച്ചാണെന്ന് നബി(സ) പഠിപ്പിച്ചതായി അബൂ ഹുറൈറ(റ) രിവായത്ത് ചെയ്തിട്ടുണ്ട്. മാത്രമല്ല, സൂറതുൽ ഫജ്റിലെ “വശ്ശഫ്ഇ വൽ വത്റ്” എന്നിടത്തെ വത്റ് അറഫാ ദിനമാണെന്ന് ഇബ്നു അബ്ബാസ്(റ)വും പറഞ്ഞിട്ടുണ്ട്.

5. ആത്മാവുകളുടെ ലോകത്തു വെച്ച് ആദം സന്തതികളിൽ നിന്ന് അല്ലാഹു ഉടമ്പടി എടുത്തതും അറഫാ ദിനത്തിലായിരുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: “ആദം(അ)മിന്റെ മുതുകിൽ നിന്ന് നുഅ്മാനിൽ അഥവാ അറഫാദിനത്തിൽ അല്ലാഹു ഉടന്പടി എടുത്തു. ആദം(അ)മിന്റെ മുതുകിൽ നിന്ന് ഉണ്ടാകാൻ പോകുന്ന മുഴുവൻ സന്തതികളെയും പുറത്തെടുത്തു. അവരെ മുന്നിൽ വിത്തു കണക്കെ നിരത്തിനിറുത്തി. എന്നിട്ട് അല്ലാഹു അവരോട് സംസാരിച്ചു. ‘ഞാൻ നിങ്ങളുടെ നാഥനല്ലയോ’. അവർ പറഞ്ഞു അതെ. ഞങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു.”

6. പാപമോചനത്തിന്റെയും നരകമുക്തിയുടെയും ദിനമാണ് അറഫാദിനം. നബി(സ) പറയുന്നു: “അറഫാദിനത്തിലേതിനെക്കാൾ കൂടുതലായി അല്ലാഹു അവന്റെ അടിമകളെ നരകത്തിൽ നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല.” നബിതിരുമേനി ഹജ്ജതുൽ വദാഇൽ അറഫയിൽ നില്ക്കുമ്പോൾ ബിലാൽ(റ)വിനോട് പറഞ്ഞു, ബിലാൽ എനിക്കു വേണ്ടി ജനങ്ങളെയൊന്ന് നിശ്ശബ്ദരാക്കൂ. എല്ലാവരും നിശ്ശബ്ദരായപ്പോൾ നബി(സ) പറഞ്ഞു: “ജനങ്ങളേ, അല്ലാഹുവിന്റെ സലാം പറയാനായി ജിബ്രീൽ(അ) ഇപ്പോൾ എന്റെ അടുത്ത് വന്നു. എന്നിട്ട് പറഞ്ഞു, അറഫയിലെയും മശ്അറിലെയും ജനങ്ങൾക്ക് അല്ലാഹു പാപമോചനം നല്കിയിരിക്കുന്നു.” ഇതു കേട്ട ഉമർ(റ) ചോദിച്ചു, ഇത് ഞങ്ങള്ക്ക് മാത്രമാണോ. നബി(സ) പറഞ്ഞു, നിങ്ങൾക്കും നിങ്ങൾക്ക് ശേഷം ഖിയാമത്ത് നാളു വരെ വരുന്നവർക്കും.

7. ഈ ദിനത്തിൽ അറഫയിൽ സംഗമിച്ച തന്റെ അടിമകളെ കാണിച്ച് അല്ലാഹു അവന്റെ മലക്കുകളോട് അഭിമാനത്തോടെ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് സംസാരിക്കും. നബി(സ) പറഞ്ഞു, അല്ലാഹുവിന്റെ അടുത്ത് അറഫാ ദിനത്തെക്കാൾ ശ്രേഷ്ഠമായ മറ്റൊരു ദിനമില്ല. അന്ന് അല്ലാഹു ഭൂമിയുടെ ആകാശത്തേക്കിറങ്ങിവന്ന് ഭൂമിയിലുള്ളവരെക്കുറിച്ച് ആകാശത്തുള്ളവരോട് അഭിമാനത്തോടെ എടുത്തു പറയും “എന്റെ അടിമകളെ നോക്കൂ. എല്ലാ വിദൂര സ്ഥലങ്ങളിൽ നിന്നും ജടകുത്തി പൊടി പിടിച്ച് ബലി സമർപ്പിച്ച് അവർ വന്നിരിക്കുന്നു”.

ഏറെ പുണ്യം നിറഞ്ഞ ഈ ദിനത്തെ അതിന്റെ മഹത്വമറിഞ്ഞ് പ്രയോജനപ്പെടുത്താൻ നമ്മെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. അവനെ അറിയാനുള്ള ദാഹം നമ്മിലവൻ നിറച്ചു തരട്ടെ. അവനെ അറിഞ്ഞവരിലേക്ക് നമുക്കവൻ വഴി കാണിച്ചു തരട്ടെ. ആമീൻ.

മുഹമ്മദ് ശാഫി ഖാദിരി സുൽത്താനി